തിരുവനന്തപുരം ലത്തീൻ അതിരൂപതയുടെ നേതൃത്വത്തിൽ നടക്കുന്ന തീരദേശ അനിശ്ചിതകാല സമരത്തിന്റെ ഭാഗമായുള്ള പ്രതിഷേധ മാർച്ച് പാളയം രക്തസാക്ഷി മണ്ഡപത്തിൽ നിന്ന് ആരംഭിച്ച് സെക്രട്ടറിയേറ്റിന് മുന്നിൽ അവസാനിച്ചു.അതിരൂപത സഹായമെത്രാൻ ഡോ. ക്രിസ്തുദാസ് ആർ പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്തു സംസാരിച്ചു. തുടർന്നുള്ള പ്രതിഷേധ ധർണ്ണ സെക്രട്ടറിയേറ്റ് പടിക്കൽ പുരോഗമിക്കുന്നു. അതിരൂപത അധ്യക്ഷൻ ഡോ. തോമസ് ജെ നേറ്റോ സെക്രട്ടറിയേറ്റിനു മുന്നിൽ നടക്കുന്ന പ്രധിഷേധ ധർണ്ണ ഉദ്ഘാടനം ചെയ്ത് സംസാരിച്ചു.അതിരൂപതയിലെ 180 ഓളം വൈദികർ സമരപരിപാടിയിൽ തീരദേശ ജനതയുടെ ശബ്ദമായി മാറി സെക്രട്ടറിയേറ്റിനു മുന്നിൽ പ്രതിഷേധിക്കുകയാണ്.
പ്രളയസമയത്ത് കേരളത്തിന്റെ സൈന്യം എന്നൊക്കെ പറഞ്ഞ് ബിഗ് സല്യൂട്ട് നൽകിയ സർക്കാർ സംവിധാനങ്ങൾ ഇന്ന് മത്സ്യത്തൊഴിലാളികളുടെ നിസ്സഹായ അവസ്ഥയ്ക്ക് നേരെ മുഖം തിരിക്കുകയാണെന്ന് അതിരൂപത വികാരി ജനറലും സമരത്തിന്റെ കൺവീനറുമായ മോൺ. യൂജിൻ എച്ച്.പേരേര പറഞ്ഞു. അദാനി പോർട്ട് നിർമ്മാണം നിർത്തിവച്ച് ജനവാസ കേന്ദ്രങ്ങൾക്കും ടൂറിസ്റ്റ് കേന്ദ്രങ്ങൾക്കും തിരുവനന്തപുരം ജില്ലയെയും മാരകമായി ബാധിക്കാൻ പോകുന്ന ദുരന്തത്തിന് തടയിടണമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
തിരുവനന്തപുരം ലത്തീൻ അതിരൂപതയ്ക്ക് സമരങ്ങളും ധർണ്ണകളും പട്ടിണി സമരങ്ങളും പുത്തരിയല്ലെന്ന് ഫാ.തിയോഡിഷ്യസ്സ് പറഞ്ഞു. ജനത്തിന്റെ സാമൂഹ്യ സാമ്പത്തിക വിദ്യാഭ്യാസ പ്രയാസങ്ങളിലും പ്രശ്നങ്ങളിലും നേരിട്ടിടപെടുകയും അതിന് പരിഹാരം കാണുവാനും ഏതറ്റം വരെ പോകുവാനും മടിയില്ലാത്ത വൈദിക സമൂഹമാണ് തിരുവനന്തപുരം ലത്തീൻ അതിരൂപതക്കുള്ളതെന്നും, അധികാരികൾ തങ്ങളെ ഇവിടെ വരുത്തിച്ചതാണെന്നും വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ ദൂഷ്യവശങ്ങൾ ചൂണ്ടിക്കാണിച്ചപ്പോൾ സർക്കാർ നൽകിയ വാഗ്ദാനങ്ങൾ എവിടെയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തീരദേശ ജനത അനുഭവിക്കുന്ന അടിസ്ഥാന പ്രശ്നങ്ങൾ അവതരിപ്പിച്ചാൽ പാവപ്പെട്ട മത്സ്യത്തൊഴിലാളികളുടെ കണ്ണിൽ പൊടിയിടുന്ന കാരണങ്ങൾ നിരത്തുകയാണ് സർക്കാരെന്നും വിഴിഞ്ഞം തുറമുഖ പദ്ധതിയെ പറ്റിയുള്ള സുതാര്യമായ പഠനം നടത്തി തീരദേശ ജനതയുടെ ആവശ്യങ്ങൾ നിറവേറ്റണമെന്നും മത്സ്യത്തൊഴിലാളികളുടെ അനുഭവ സമ്പത്തിന് സർക്കാർ വിലകൽപ്പിക്കണമെന്നും അതിരൂപത അൽമായ ശുശ്രൂഷ ഡയറക്ടർ ഫാ. മൈക്കിൾ തോമസ് പറഞ്ഞു.
തീരദേശ ജനതയുടെ ഉള്ളിൽ ഇന്നൊരു കൊടുങ്കാറ്റുണ്ടെന്നും ആ കൊടുങ്കാറ്റ് ഒന്നിച്ച് കേരള ഭരണ സംവിധാനത്തെ വിഴുങ്ങുന്ന സുനാമിയായി മാറാൻ അധിക സമയമൊന്നും വേണ്ടി വരില്ലെന്ന് വെട്ടുകാട് ഇടവക വികാരി ഫാ. ജോർജ് ഗോമസ് പറഞ്ഞു.
സമരപരിപാടിക്ക് നേതൃത്വം നൽകിക്കൊണ്ട് മോൺ. സി. ജോസഫ്,ഫിഷറീസ് ഡയറക്ടർ ഫാ.ഷാജിൻ ജോസ്, മോൺസിഞ്ഞോർ മാർ, വൈദീകരും പാസ്റ്ററൽ കൗൺസിൽ അംഗങ്ങളും, അൽമായ സംഘടന നേതാക്കളും സമര കൺവീനർമാരും സംസാരിച്ചു.