വെള്ളയമ്പലം: തിരുവനന്തപുരം അതിരൂപതയുടെ ഭാവി ലക്ഷ്യങ്ങൾ കണ്ടെത്താനും അതിലേക്ക് വളരാനും ഉതകുന്ന സ്ട്രാറ്റജിക് പ്ലാനിംഗ് ഓറിയന്റേഷൻ ശിൽപശാലകളുടെ പ്രാരംഭഘട്ടത്തിന് തുടക്കം കുറിച്ചു. ഇന്ന് രാവിലെ വെള്ളയമ്പലത്ത് നടന്ന ശില്പശാല അതിരൂപത സഹായ മെത്രാൻ റൈറ്റ്. റവ. ഡോ. ക്രിസ്തുദാസ് ആർ. ഉദ്ഘാടനം ചെയ്തു. സി.സി.ബി.ഐ വൊക്കേഷൻ, സെമിനാരീസ്, ക്ലർജി & റിലീജിയസ് കമ്മിഷൻ സെക്രട്ടറിയും അതിരൂപതാംഗവുമായ ഫാ. ചാൾസ് ലിയോൺ ശില്പശാലയ്ക്ക് നേതൃത്വം നൽകി. അതിരൂപതയിലെ വിവിധ സ്ഥാപനങ്ങളിലും ശുശ്രൂഷകളിലും നേതൃത്വം വഹിക്കുന്നവർ പ്രാരംഭഘട്ട ശില്പശാലയിൽ പങ്കെടുത്തു. ശുശ്രൂഷ കോ-ഓർഡീനേറ്റർ റവ. ഡോ. ലോറൻസ് കുലാസ് സ്വാഗതമേകി.
ആസന്ന ഭാവിയിൽ വരുന്ന മഹാജൂബിലിയുടെ പശ്ചാത്തലത്തിൽ ഭാരത കത്തോലിക്ക മെത്രാന്‍ സമിതിയുടെ നിർദ്ദേശങ്ങളിലൊന്നാണ് സ്ട്രാറ്റജിക് പ്ലാനിംഗിലൂടെയുള്ള രൂപതകളുടെ വളർച്ച. നിലവിൽ ഇടവകതലം മുതൽ പ്ളാനിംഗ് ബഡ്ജറ്റ് രൂപീകരിച്ച് പദ്ധതികൾ നടപ്പിലാക്കുന്ന ചുരുക്കം ചില രുപതകളിലൊന്നാണ് തിരുവനന്തപുരം അതിരൂപത. അതിനാൽതന്നെ സ്ട്രാറ്റജിക് പ്ലാനിംഗിനിംഗ് നടപ്പിലാക്കുന്നതിനെക്കുറിച്ചുള്ള ചർച്ചകൾക്ക് ആദ്യം തുടക്കം കുറിക്കുന്ന രൂപതയായി തിരുവനന്തപുരം അതിരൂപത മാറി. ശില്പാശാലയിൽ സ്ട്രാറ്റജിക് പ്ലാനിംഗ് എന്താണെന്നും അതുകൊണ്ടുള്ള നേട്ടങ്ങൾ, നടപ്പിലാക്കേണ്ട രീതികൾ എന്നിവയെക്കുറിച്ച് ഫാ. ചാൾസ് ലിയോൺ വിശദീകരിച്ചു. തുടർന്ന് നടന്ന ഗ്രൂപ്പ് ചർച്ചകളിൽ ഭാവിയിൽ സഫിലീകരിക്കേണ്ട ലക്ഷ്യങ്ങളെ കണ്ടെത്തുകയായിരുന്നു വിഷയം.
2033- ൽ ആഗോളസഭ മഹാജൂബിലി വർഷത്തിലേക്കും, 2037-ൽ തിരുവനന്തപുരം അതിരൂപത ശതാബ്ദിയിലേക്കും പ്രവേശിക്കുമ്പോൾ അതിരൂപത കൈവരിക്കേണ്ട വളർച്ചയുടെ ദിശകൾ കണ്ടെത്താൻ സ്ട്രാറ്റജിക് പ്ലാനിംഗ് സഹായകരമാകുമെന്ന പ്രത്യാശ അംഗങ്ങൾ പങ്കുവച്ചു. ശില്പശാലയുടെ രണ്ടാം ഘട്ടം ഫെബ്രുവരി 9 ന് നടക്കും. അതുപോലെ സ്ട്രാറ്റജിക് പ്ലാനിംഗ് നടപ്പിലാക്കുന്നതിനെക്കുറിച്ചുള്ള അഭിപ്രായ സമന്വയം കൂടുതൽ വേദികളിൽ വരും ദിവസങ്ങളിൽ നടക്കും.