വെള്ളയമ്പലം: തിരുവനന്തപുരം ലത്തീൻ അതിരൂപതയുടെ 2024-25 വാർഷിക പദ്ധതിയവതരണം നടന്നു. മാർച്ച് 10 ശനിയാഴ്ച രാവിലെ വെള്ളയമ്പലം ആനിമേഷൻ സെന്ററിൽ നടന്ന പാസ്റ്ററൽ കൗൺസിൽ യോഗത്തിലാണ് അതിരൂപത ശുശ്രൂഷകളുടെയും സ്ഥാപനങ്ങളുടെയും വാർഷിക പദ്ധതി അവതരിപ്പിച്ചത്. അതിനുമുന്നോടിയായി അതിരൂപത മെത്രാപൊലീത്ത ആർച്ച്ബിഷപ് തോമസ് ജെ. നെറ്റോ ആമുഖപ്രഭാഷണം നടത്തി. സന്ദേശത്തിൽ ക്രിസ്തു അഞ്ചപ്പംകൊണ്ട് അയ്യായിരം പേർക്ക് പങ്കുവച്ച വചനഭാഗം ഓർമ്മപ്പെടുത്തി അതിരൂപതയുടെ പരിമിതമായ സാഹചര്യങ്ങൾ ഉൾക്കൊണ്ട് യേശുവിന്റെ കരം പിടിച്ച് സമൃദ്ധമായ വളർച്ചയിലേക്ക് കടക്കാൻ നമുക്കാകണമെന്ന് മെത്രാപൊലീത്ത പറഞ്ഞു.
തുടർന്ന് വിവിധ ശുശ്രൂഷകളെയും സ്ഥാപനങ്ങളെയും എട്ട് ഗണങ്ങളായി തിരിച്ച് എട്ട് പേർ വാർഷിക പദ്ധതി അവതരിപ്പിച്ചു. ഓരോ വിഭാഗത്തിന്റെയും അവതരണത്തിനുശേഷം അംഗങ്ങളുടെ നിരീക്ഷണത്തിനും അതിനുള്ള മറുപടിക്കും പ്രത്യേകം സമയം നീക്കിവച്ചിരുന്നു. യോഗത്തിൽ ഉയർന്നുവന്ന നീരിക്ഷണങ്ങൾ ഉൾകൊള്ളിച്ച് വാർഷിക പദ്ധതികൾക്ക് അന്തിമരൂപം നല്കും.
അതിരൂപതയിൽ മുൻ വർഷങ്ങളിലെ പ്ലാൻ ആൻഡ് ബഡ്ജറ്റ് രൂപീകരണത്തിൽ നിന്നും വ്യത്യസ്തമായി ലക്ഷ്യാധിഷ്ഠിത പദ്ധതി രൂപീകണത്തിലൂടെയാണ് ഈ വർഷത്തെ വാർഷിക പദ്ധതി രൂപപ്പെടുത്തിയത്. ഇതിനായി വിവിധ തലങ്ങളിൽ ദീർഘകാല ഹ്രസ്വകാല ലക്ഷ്യങ്ങൾ കണ്ടെത്തുന്നതിനായുള്ള പരിശീലനങ്ങളും കൂടിവരവുകളും അതിരൂപതയിൽ നടന്നുവരികായായിരുന്നു. അതിന്റെ ഫലമാണ് ദീർഘകാല ലക്ഷ്യത്തിലെത്തിചേരാനുള്ള ഹ്രസ്വകാല ലക്ഷ്യങ്ങളും അത് കൈവരിക്കാനുള്ള പ്രവർത്തനങ്ങളും ഉൾകൊള്ളുന്ന വാർഷികപദ്ധതി ഇന്ന് അവതരിപ്പിക്കപ്പെട്ടത്.
ലക്ഷ്യാധിഷ്ഠിത പദ്ധതി രൂപീകണത്തിന് നേതൃത്വം നല്കിയ അതിരൂപത വികാരി ജനറൽ റവ. മോൺ. യൂജിൻ എച്ച്. പെരേര, ശുശ്രൂഷ കോ-ഓർഡിനേറ്റർ റവ. ഡോ. ലോറൻസ് കുലാസ് എന്നിവരെ യോഗം അഭിനന്ദിച്ചു. അതിരൂപത സഹായ മെത്രാൻ റൈറ്റ്. റവ. ഡോ. ക്രിസ്തുദാസ് ആർ., വിവിധ ശുശ്രൂഷകളുടെയും സ്ഥാപനങ്ങളുടെയും ഡയറക്ടർമാർ, എക്സിക്യുട്ടിവ് സെക്രട്ടറിമാർ, മാനേജർമാർ, പാസ്റ്ററൽ കൗൺസിൽ അംഗങ്ങൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.