ചിറയിൻകീഴ്: മുതലപ്പൊഴി തുറമുഖത്ത് െഡ്രഡ്ജിങ് നിലച്ചതോടെ അഴിമുഖം മണൽത്തിട്ടയായി മാറി. ബുധനാഴ്ച രാവിലെ മത്സ്യബന്ധനത്തിനുപോയ അഞ്ചുവള്ളങ്ങൾ മണൽത്തിട്ടയിൽ കുടുങ്ങി. വള്ളങ്ങൾ കടന്നുപോകേണ്ടയിടത്ത് മണൽ നിറഞ്ഞതോടെ തൊഴിലാളികൾക്കു കടലിൽ പോകാനായില്ല. ഇതോടെ മറ്റു വള്ളങ്ങൾ കടലിലിറക്കാനാകാതെ മത്സ്യത്തൊഴിലാളികൾ മടങ്ങി.
അഴിമുഖത്തു അപകടകരമാംവിധം അടിഞ്ഞുകൂടിക്കിടക്കുന്ന മണൽതിട്ടകൾ നീക്കം ചെയ്യുന്നതിനു എസ്കവേറ്ററെത്തിച്ച അധികൃതരുടെ നടപടിയിൽ പ്രതിഷേധിച്ച് മത്സ്യത്തൊഴിലാളികൾ എസ്കവേറ്ററുപയോഗിച്ചു മണ്ണു നീക്കം ചെയ്യുന്നതിനെ തടഞ്ഞു. ഡ്രജറുപയോഗിച്ചുള്ള മണൽനീക്കം നടത്തുമെന്നു പ്രഖ്യാപിച്ചശേഷം കടലോര മേഖലയിലെ ജനങ്ങളുടെ കണ്ണിൽ പൊടിയിടുന്നതിന്റെ ഭാഗമായി കേവലം എസ്കവേറ്ററുപയോഗിച്ചു പേരിനു മണൽ നീക്കം ആരംഭിക്കുന്നതു നീതീകരിക്കാനാവില്ലെന്നു ചൂണ്ടിക്കാട്ടിയാണു തീരത്തു യന്ത്രവുമായെത്തിയവരെ ഉപരോധിച്ചത്. പൊലീസ് എത്തി മത്സ്യത്തൊഴിലാളികളെ പ്രതിഷേധത്തിൽ നിന്നു പിന്തിരിപ്പിക്കാൻ നടത്തിയ ശ്രമം പരാജയപ്പെട്ടു.
എസ്കവേറ്റർ ഉപയോഗിച്ചുള്ള മണൽനീക്കം പ്രഹസനമാണെന്നും ഡ്രജർ ഉപയോഗിച്ചു അഴിമുഖത്തെ മണൽപ്പാളികൾ പൂർണമായി നീക്കി തുറമുഖകേന്ദ്രം സുരക്ഷിതമാക്കുന്നതുവരെ സമരം തുടരുമെന്ന് മത്സ്യത്തൊഴിലാളികൾ പറഞ്ഞു. ശാശ്വതമായി പ്രശ്നപരിഹാരം നടന്നില്ലങ്കിൽ തുറമുടക്കിയും റോഡുപരോധിച്ചും വേണ്ടിവന്നാൽ സെക്രട്ടറിയേറ്റിനു മുന്നിലും സമരമിരിക്കുമെന്നും പറഞ്ഞു. കടലിൽ വള്ളമിറക്കാൻ അഴിമുഖത്ത് കുറഞ്ഞത് 90 മീറ്റർ വീതിയും ആറ് മീറ്റർ ആഴവും വേണം. നിലവിൽ 30 മീറ്റർ വീതിയും ഒരു മീറ്റർ ആഴവുമാണ് പൊഴിമുഖത്തുള്ളത്. മഴക്കാലത്ത് മണൽക്കൂനയിൽ വള്ളങ്ങളിടിച്ച് അപകടങ്ങളുണ്ടാകുന്നത് പതിവാണ്. നൂറോളം പേരുടെ ജീവൻ നഷ്ടമായിട്ടും സർക്കാർ തുടരുന്ന അലംഭാവവും വിഷയത്തിലെ ആത്മാർത്ഥതയില്ലായ്മയും തീരത്ത് രോഷം ആളിപടരാനിടയാക്കിയിട്ടുണ്ട്.