കൊടുങ്ങല്ലൂര്‍: കേരള ലത്തീന്‍ സഭാ മെത്രാന്‍മാരുടെ കൂട്ടായ്മയായ കെആര്‍എല്‍സിബിസിയുടെ (കേരള റീജ്യണ്‍ ലാറ്റിന്‍ കാത്തലിക് ബിഷപ്‌സ് കൗണ്‍സില്‍) മീഡിയ കമ്മീഷന്‍ ചെയര്‍മാനും സഭയുടെ ഔദ്യോഗിക മുഖപത്രമായ ജീവനാദത്തിന്റെ എപ്പിസ്‌കോപ്പല്‍ ചെയര്‍മാനുമായി കോട്ടപ്പുറം ബിഷപ് ഡോ. അംബ്രോസ് പുത്തന്‍വീട്ടില്‍ നിയമിതനായി. കെആര്‍എല്‍സിബിസിയുടെ യോഗത്തിലായിരുന്നു തീരുമാനം. വരാപ്പുഴ ആര്‍ച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍ 2017 മുതല്‍ വഹിച്ചുവന്ന ചെയര്‍മാന്‍ സ്ഥാനം ഒഴിഞ്ഞതിനെ തുടര്‍ന്നാണ് പുതിയ നിയമനം. പുനലൂര്‍ ബിഷപ് ഡോ. സെല്‍വിസ്റ്റര്‍ പൊന്നുമുത്തനും കണ്ണൂര്‍ ബിഷപ് ഡോ. അലക്‌സ് വടക്കുംതലയും മീഡിയാ കമ്മീഷന്‍ അംഗങ്ങളാണ്. കെആര്‍എല്‍സിബിസി ചെയര്‍മാന്‍ ബിഷപ് ഡോ. വര്‍ഗീസ് ചക്കാലക്കല്‍ കെആര്‍എല്‍സിബിസി യോഗത്തില്‍ അധ്യക്ഷനായിരുന്നു. 12 രൂപതകളെ പ്രതിനിധീകരിച്ച് ബിഷപ്പുമാരും, ലത്തീന്‍ സഭയുടെ ഉന്നതാധികാര സമിതിയായ കേരള റീജ്യന്‍ ലാറ്റിന്‍ കാത്തലിക് കൗണ്‍സിലിന്റെ (കെആര്‍എല്‍സിസി) ജനറല്‍ സെക്രട്ടറി ഡോ. ജിജു ജോര്‍ജ് അറക്കത്തറയും സന്നിഹിതരായിരുന്നു.