തലശേരി: ദേശീയപതാക ഊരിയെടുക്കുന്നതിനിടെ ഇരുമ്പ് കൊടിമരം വൈദ്യുതി ലൈനില്‍ തട്ടി തലശേരി അതിരൂപതാ അംഗമായ യുവ വൈദികന് ഷോക്കേറ്റ് മരിച്ചു. മുള്ളേരിയ ഇന്‍ഫന്റ് ജീസസ് ദേവാലയത്തിലെ വികാരി ഫാ. മാത്യു (ഷിന്‍സ്) കുടിലില്‍ ആണ് മരിച്ചത്. 30 വയസായിരുന്നു. വ്യാഴാഴ്ച വൈകുന്നേരം ആറോടെയാണ് അപകടം നടന്നത്.
സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി ഉയര്‍ത്തിയ പതാക അഴിച്ചു മാറ്റുന്നതിനിടയിലാണ് അപകടം സംഭവിച്ചത്. ദേശീയ പതാക കൊടിമരത്തില്‍ കുരുങ്ങിയതിനെ തുടര്‍ന്ന് കൊടിമരത്തിന്റെ ഇരുമ്പ് ദണ്ഡ് ഊരിയെടുക്കുന്നതിനിടെ സമീപത്തുകൂടി പോകുന്ന വൈദ്യുതി ലൈനില്‍ തട്ടുകയായിരുന്നു. ഉടന്‍ തന്നെ അദേഹത്തെ മുള്ളേരിയ സഹകരണ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
ഫാ. ഷിൻസ് മൂന്നു വര്‍ഷം മുന്‍പാണ് തിരുപ്പട്ടം സ്വീകരിച്ചത്. ഒന്നര വര്‍ഷം മുന്‍പാണ് ഫാ. മാത്യു ഇന്‍ഫന്റ് ജീസസ് ദേവാലയത്തില്‍ വികാരിയായി ചുമതലയേറ്റത്.