എറണാകുളം: സത്യം ആപേക്ഷികമാവുകയും വിദ്വേഷപ്രസംഗവും വ്യാജവാർത്തയും വ്യാപകമായി പ്രചരിക്കുകയും ചെയ്യുന്ന മാധ്യമങ്ങളുടെ വ്യാപനം സൃഷ്ടിക്കുന്ന വിഷലിപ്തമായ സാമൂഹിക അന്തരീക്ഷത്തിൽ നന്മയുടെ സുവിശേഷം പ്രചരിപ്പിക്കുകയാണ് ക്രൈസ്തവ കമ്യൂണിക്കേറ്റർമാർ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയെന്ന് മലയാള മനോരമ എഡിറ്റോറിയൽ ഡയറക്ടർ ജോസ് പനച്ചിപ്പുറം പറഞ്ഞു.
കേരള റീജ്യൻ ലാറ്റിൻ കാത്തലിക് കൗൺസിൽ (കെആർഎൽസിസി) ജനറൽ അസംബ്ലിയിൽ “മാധ്യമ പുനരുജ്ജീവനം സമുദായ ശക്തീകരണത്തിന്” എന്ന സെഷനിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ക്രൈസ്തവ സഭയും സമൂഹവും തന്നെ പലപ്പോഴും വിദ്വേഷപ്രസംഗങ്ങളുടെയും വ്യാജവാർത്തകളുടെയും ഇരകളാകുന്നുണ്ട്. ഇക്കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ ദേശീയ രാഷ്ട്രീയത്തിലെ ഉന്നതതലങ്ങളിൽ തന്നെ വിദ്വേഷപ്രസംഗങ്ങളുടെ അതിഭയങ്കര പ്രസരം നമ്മൾ കണ്ടതാണ്. അപരവിദ്വേഷവും വംശസ്പർദ്ധയും വെറുപ്പിന്റെ പ്രത്യയശാസ്ത്രവും വളർത്തുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെയും സാമൂഹിക പ്രസ്ഥാനങ്ങളുടെയും ഭീഷണിയെ അതിജീവിച്ച് നന്മയുടെ സുവിശേഷം ജനങ്ങളുടെ മുമ്പാകെ അവതരിപ്പിക്കാനുള്ള വെല്ലുവിളിയാണ് നാം നേരിടുന്നത്.
ചരിത്രത്തിലെ ഏറ്റവും മികച്ച കമ്യൂണിക്കേറ്റർ യേശുക്രിസ്തുവാണ്. യേശുവിന്റെ സുവിശേഷം ക്രോഡീകരിച്ച് അവതരിപ്പിച്ച നാലു സുവിഷേകർ ഒരുപക്ഷെ ആധുനിക മാധ്യമപ്രവർത്തകരുടെ പൂർവമാതൃകകളാണ്. നാലുപേരും ഒരേ സുവിശേഷമാണ് അവതരിപ്പിക്കുന്നത്, എന്നാൽ ഓരോ സുവിശേഷവും വ്യത്യസ്തമാണു താനും. സുവിശേഷകർ തങ്ങളുടെ സന്ദേശമല്ല പകർത്തിവച്ചത്, സദ് വാർത്തയെ തങ്ങളുടെ രീതിയിൽ അവതരിപ്പിക്കുകയായിരുന്നു. ചരിത്രത്തിലെ ഏറ്റവും മികച്ച റിപ്പോർട്ടിങ് മാതൃകയാണ് അവരുടേത്. ഓരോരുത്തരും നൽകുന്ന വിശദാംശങ്ങളുടെ സത്യസന്ധതയും മൗലികമായ സത്യത്തിന്റെ വ്യാഖ്യാനവും ശ്രദ്ധേയമാണ്.
സത്യം എന്താണ് എന്ന പീലാത്തോസിന്റെ ചോദ്യം എല്ലാക്കാലത്തും ആവർത്തിക്കപ്പെടുന്ന ഒന്നാണ്. പശ്ചാത്തലം വ്യത്യസ്തമാകാം, എന്നാൽ സത്യം എന്താണെന്ന ചോദ്യം എല്ലാക്കാലത്തുമുയരുന്നുണ്ട്.
കേവല സത്യം, സംപൂർണ സത്യം എന്നത് അനേകം ശാഖോപശാഖകളുള്ള മാധ്യമസംസ്കാരത്തിൽ എത്രമാത്രം സാർഥകമാണെന്ന ചോദ്യം ഇന്ന് ഏറെ പ്രസക്തമാണ്. അച്ചടിമാധ്യമങ്ങളിൽ നിന്ന് ടെലിവിഷൻ പോലുള്ള ഇലക് ട്രോണിക് മാധ്യമങ്ങളിലേക്കും ഓൺലൈൻ ഇന്റർനെറ്റ് മാധ്യമങ്ങളിലേക്കും സമൂഹമാധ്യമങ്ങളിലേക്കും ഈ മേഖല വളർന്നപ്പോൾ, മാധ്യമ ധർമ്മം എന്ന സങ്കല്പത്തിൽ ഏറെ മാറ്റങ്ങളുണ്ടായി.
ഫ്രാൻസിസ് പാപ്പാ 2022-ൽ മാധ്യമ മേഖലയിലെ വിഷപ്രസരണത്തെക്കുറിച്ച് സംസാരിക്കുകയുണ്ടായി. നന്മയുടെ ഭാഗത്തെ പൂർണമായി ഗ്രസിക്കുന്ന വിധത്തിൽ ടോക്സിസിറ്റി വ്യാപകമാവുകയാണ്. അദൃശ്യമായി പടരുന്ന വിദ്വേഷത്തിന്റെയും വെറുപ്പിന്റെയും അസത്യത്തിന്റെയും വിഷാംശങ്ങൾ മനുഷ്യസമൂഹത്തിൽ സൃഷ്ടിക്കുന്ന വിപത്തിനെക്കുറിച്ചാണ് പരിശുദ്ധ പിതാവ് നമ്മെ ഓർമിപ്പിച്ചത്.
മണിപ്പുരിൽ എന്താണ് സംഭവിച്ചത് എന്നതിനെക്കുറിച്ച് വ്യത്യസ്ത കാഴ്ചപ്പാടാണ് ക്രൈസ്തവ സഭാ നേതാക്കളും വിവിധ രാഷ്ട്രീയകക്ഷികളും മറ്റു ചില സിവിൽ സംഘടനകളും സ്വീകരിച്ചത്. ഗോത്രങ്ങൾ തമ്മിലുള്ള സംഘർഷം മാത്രമാണ് അവിടെയുണ്ടായതെന്ന് ചില ക്രൈസ്തവ സഭാമേലധ്യക്ഷന്മാർ നിരീക്ഷിക്കുകയുണ്ടായി. യഥാർഥത്തിൽ സത്യം എന്താണെന്ന് സാധാരണ വായനക്കാർക്കും ടിവി-വീഡിയോ പ്രേക്ഷകർക്കും അറിയാൻ എന്താണ് മാർഗം?
ടെലിവിഷനിൽ ഒരു രാഷ് ട്രീയ നേതാവ് നടത്തുന്ന പ്രസ്താവനയുടെ സ്ക്രോൾ ഏതാനും നിമിഷം കഴിയുമ്പോൾ മാഞ്ഞുപോകും. എന്നാൽ പത്രത്തിൽ അച്ചടിച്ചുവരുന്നത് ശാശ്വതമെന്നോണം അവിടെ കിടക്കും. ഒരു വാക്ക് മതി സമൂഹത്തിൽ സംഘർഷത്തിനു വഴിവയ്ക്കാൻ. ഇതിനെതിരെയുള്ള ജാഗ്രതയാണ് മാധ്യമപ്രവർത്തകർക്കു വേണ്ടത്.
സർവതന്ത്രസ്വതന്ത്രമായ പത്രപ്രവർത്തനം എന്ന ഒന്നില്ല. രാഷ്ട്രീയവും പ്രത്യയശാസ്ത്രവും സമുദായ താല്പര്യങ്ങളുമൊക്കെ മാധ്യമങ്ങളെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്. സത്യാനന്തരകാലത്ത് സത്യത്തെ തിരിച്ചുപിടിക്കാനാകുമോ എന്നാണ് പലരും ചോദിക്കുന്നത്. വിവിധങ്ങളായ രാഷ് ട്രീയ, സാമൂഹിക, ജാതിമത സമവാക്യങ്ങൾ പരസ്പരം കോർത്തുകിടക്കുന്ന ജീവിതയാഥാർഥ്യത്തിൽ എല്ലാവർക്കും ഹിതകരമായ രീതിയിൽ മാധ്യമപ്രവർത്തനം നടത്തുക എന്നത് വലിയൊരു വെല്ലുവിളിയാണ്.
യുഎസ് പ്രസിഡന്റ് ജോ ബൈഡൻ തിരഞ്ഞെടുപ്പിൽ മത്സരിക്കരുതെന്നു വെട്ടിത്തുറന്നു പറയാൻ ന്യൂയോർക്ക് ടൈംസിനും വാഷിങ്ടൺ പോസ്റ്റിനും കഴിയും. അമേരിക്കയിലെ രാഷ് ട്രീയ, സാമൂഹിക സാഹചര്യത്തിൽ പത്രസ്വാതന്ത്ര്യം ഇതിന് അവർക്ക് അനുവാദം നൽകുന്നുണ്ട്. എന്നാൽ ഇന്ത്യയിലെ ജനാധിപത്യ വ്യവസ്ഥയിൽ ഇത്തരത്തിലുള്ള മാധ്യമസ്വാതന്ത്ര്യം അസാധ്യമാണെന്ന യാഥാർഥ്യം നാം അംഗീകരിക്കേണ്ടതുണ്ട്. കേരളത്തിലെ രാഷ് ട്രീയരംഗത്ത് വിദ്വേഷപ്രസംഗങ്ങളുടെ ടോക്സിസിറ്റിയെക്കുറിച്ച് പറയാൻ ഒട്ടേറെ ദൃഷ്ടാന്തങ്ങളുണ്ടെന്നും പനച്ചിപ്പുറം അനുസ്മരിച്ചു.
കെആർഎൽസിസി സെക്രട്ടറി പാട്രിക് മൈക്കൾ സ്വാഗതവും വരാപ്പുഴ അതിരൂപത മീഡിയ കമ്മിഷൻ ഡയറക്ടർ ഫാ. യേശുദാസ് പഴമ്പിള്ളി നന്ദിയും പറഞ്ഞു.