എറണാകുളം: കേരള ലത്തീന്‍ കത്തോലിക്ക സഭയുടെ ഉന്നത നയരൂപീകരണ ഏകോപന സമിതിയായ കേരള റീജ്യന്‍ ലാറ്റിന്‍ കാത്തലിക് കൗണ്‍സിലിന്റെ (കെആര്‍എല്‍സിസി) 43-മത് ജനറല്‍ അസംബ്ലി ജൂലൈ 12 മുതല്‍ 14വരെ എറണാകുളം ആശീര്‍ഭവനില്‍ ചേരുമെന്ന് വൈസ് പ്രസിഡന്റും സമുദായ വക്താവുമായ ജോസഫ് ജൂഡും ജനറല്‍ സെക്രട്ടറി ഫാ. തോമസ് തറയിലും അറിയിച്ചു. കേരളത്തിലെ 12 ലത്തീന്‍ കത്തോലിക്ക രൂപതകളിലെ മെത്രാന്മാരും പങ്കെടുക്കും. ‘മതബോധനവും മാധ്യമങ്ങളും സമുദായശക്തീകരണത്തിന് ‘ എന്നതാണ് ജനറല്‍ അസംബ്ലിയുടെ മുഖ്യചര്‍ച്ചാവിഷയം. സമകാലീന രാഷ്ട്രീയ സാമൂഹ്യകാര്യങ്ങളും വിലയിരുത്തും.
ജൂലൈ 12 വെള്ളിയാഴ്ച രാവിലെ 9ന് രജിസ്ട്രേഷന്‍ ആരംഭിക്കും. 10 മണിക്ക് പതാക ഉയര്‍ത്തല്‍. ഉദ്ഘാടന സമ്മേളനത്തില്‍ കേരള ലത്തീന്‍ കത്തോലിക്ക മെത്രാന്‍ സമിതി (കെആര്‍എല്‍സിബിസി) പ്രസിഡന്റ് ബിഷപ് ഡോ. വര്‍ഗീസ് ചക്കാലക്കല്‍ അധ്യക്ഷനായിരിക്കും. നിയമ, വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യും. വരാപ്പുഴ അതിരൂപത മെത്രാപ്പോലീത്ത ഡോ. ജോസഫ് കളത്തിപ്പറമ്പില്‍ അനുഗ്രഹപ്രഭാഷണം നടത്തും. വരാപ്പുഴ അതിരൂപതയുടെ സഹായമെത്രാനായി നിയമിതനായ ഡോ. ആന്റണി വാലുങ്കലിനെ ചടങ്ങില്‍ ആദരിക്കും. വൈസ് പ്രസിഡന്റ് ജോസഫ് ജൂഡ് സ്വാഗതവും സെക്രട്ടറി പാട്രിക് മൈക്കിള്‍ നന്ദിയും പറയും.
ഉച്ചയ്ക്ക് 12 നു ചേരുന്ന ആദ്യസെഷനില്‍ ‘സമകാലിക സമൂഹത്തിലെ സഭയും സമുദായവും’ എന്ന വിഷയത്തില്‍ കാര്‍മ്മല്‍ഗിരി സെമിനാരി പ്രഫസര്‍ റവ. ഡോ.ജോഷി മയ്യാറ്റില്‍ മുഖ്യപ്രഭാഷണം നിര്‍വഹിക്കും.
ഉച്ചയ്ക്കു ശേഷം 2.30ന് ചേരുന്ന രണ്ടാമത്തെ സെഷനില്‍ മതബോധനം സമുദായശാക്തീകരണം എന്ന വിഷയത്തില്‍ ഫാ. സൈറസ് തോമസും, വര്‍ത്തമാനകാല വെല്ലുവിളികള്‍ എന്ന വിഷയത്തില്‍ തോമസ് കെ. സ്റ്റീഫനും സംസാരിക്കും. റവ.ഡോ. ലിന്‍സണ്‍ കെ.ആറാടന്‍ നിജസ്ഥിതി പഠനവും ബോബന്‍ ക്ലീറ്റസ് പ്രായോഗിക നിര്‍ദേശങ്ങളും സമര്‍പ്പിക്കും. ബെഥനി സിസ്റ്റേഴ്സ് പ്രൊവിന്‍ഷ്യല്‍ സിസ്റ്റര്‍ ജൂഡി വര്‍ഗീസ് ബിഎസ് മോഡറേറ്ററായിരിക്കും. വൈകിട്ട് 3.30ന് ഗ്രൂപ്പ് ചര്‍ച്ച. 5.30ന് ഗ്രൂപ്പുകളുടെ റിപ്പോര്‍ട്ട് അവതരണം. ഒസിഡി സഭ സൗത്ത് കേരള പ്രൊവിന്‍സ് പ്രൊവിന്‍ഷ്യല്‍ റവ. ഡോ. ടോണി മുത്തപ്പന്‍ ഒസിഡി മോഡറേറ്ററായിരിക്കും. വൈകീട്ട് 7ന് ദിവ്യബലി. രാത്രി 8.45ന് കെആര്‍എല്‍സിസി വര്‍ത്തമാനവും ഭാവിയും – ഗ്രൂപ്പ് ചര്‍ച്ച.
ജൂലൈ 13ന് രാവിലെ 9 മണിക്ക് മൂന്നാമത്തെ സെഷനില്‍ മാധ്യമ പുനരുജ്ജീവനം സാമുദായിക മുന്നേറ്റത്തിന് എന്ന വിഷയത്തില്‍ ചര്‍ച്ച നടക്കും. മലയാള മനോരമ എഡിറ്റോറിയല്‍ ഡയറക്ടര്‍ ജോസ് പനച്ചിപ്പുറം മുഖ്യപ്രഭാഷണം നടത്തും. 10 മണിക്ക് ചേരുന്ന നാലാം സെഷന്‍ മീഡിയ പാനല്‍ രണ്ടില്‍ സോഷ്യല്‍ മീഡിയ ഇന്‍ഫ്ളുവന്‍സര്‍മാരായ ജിയോ ജോസഫും പ്രവീണ്‍ ജോസഫും സംബന്ധിക്കും. കെആര്‍എല്‍സിബിസി മീഡിയ കമ്മീഷന്‍ സെക്രട്ടറിയും ജീവനാദം മാനേജിംഗ് എഡിറ്ററുമായ ഫാ. ജോണ്‍ ക്യാപിസ്റ്റന്‍ ലോപ്പസ് മോഡറേറ്ററായിരിക്കും. ഉച്ചയ്ക്ക് 12 മണിക്ക് ശുശ്രൂഷാസമിതികളുടെ റിപ്പോര്‍ട്ടുകള്‍ അവതരിപ്പിക്കും. ഉച്ചയ്ക്കു ശേഷം 2.30ന് ഗ്രൂപ്പ് ചര്‍ച്ച – മീഡിയ. 3.15ന് ഗ്രൂപ്പുകളുടെ റിപ്പോര്‍ട്ട് അവതരണം. വത്തിക്കാന്‍ റേഡിയോ, മലയാളവിഭാഗം മുന്‍മേധാവി ഫാ. വില്യം നെല്ലിക്കല്‍ മോഡറേറ്ററായിരിക്കും.
വൈകീട്ട് 5.30ന് രൂപതാതലയോഗം. 6 മണിക്ക് അസംബ്ലിയുടെ മുന്നൊരുക്കമായി രൂപതകളില്‍ നടന്ന ചര്‍ച്ചകളുടെ റിപ്പോര്‍ട്ടിങ്ങ്. 6.30ന് സമകാലിക യാഥാര്‍ത്ഥ്യങ്ങളില്‍ ലത്തീന്‍ കത്തോലിക്കരുടെ സാമൂഹിക – രാഷ്ട്രീയ സമീപനം കരടുരേഖ അവതരിപ്പിക്കുന്നു. രാത്രി 8.45ന് ഓപ്പണ്‍ഫോറത്തില്‍ സംഘടനാവിഷയങ്ങളും പൊതുപ്രശ്നങ്ങളും ചര്‍ച്ച ചെയ്യും.
ജൂലൈ 14 സമാപന ദിനത്തില്‍ രാവിലെ 9.15ന് ചേരുന്ന സമ്മേളനത്തില്‍ ജലവിഭവ വകുപ്പുമന്ത്രി റോഷി അഗസ്റ്റിന്‍ സംബന്ധിക്കും. 9.45ന് റിപ്പോര്‍ട്ടിങ്ങ് – കെആര്‍എല്‍സിസി വര്‍ത്തമാനവും ഭാവിയും- ഗ്രൂപ്പ് ചര്‍ച്ച. മോഡറേറ്റര്‍: കെആര്‍എല്‍സിസി മുന്‍ വൈസ്പ്രസിഡന്റ് ഷാജി ജോര്‍ജ്. 10.45ന് ബിസിനസ് സെഷന്‍. കെആര്‍എല്‍സിസി സെക്രട്ടറി പ്രബലദാസ് 42-ാമത് ജനറല്‍ അസംബ്ലി റിപ്പോര്‍ട്ടും, കെആര്‍എല്‍സിസി ജനറല്‍ സെക്രട്ടറി ഫാ. തോമസ് തറയില്‍ കെആര്‍എല്‍സിസി പ്രവര്‍ത്തന റിപ്പോര്‍ട്ടും കെആര്‍എല്‍സിസി ട്രഷറര്‍ ബിജു ജോസി സാമ്പത്തിക റിപ്പോര്‍ട്ടും കെഎല്‍സിഎ സംസ്ഥാന പ്രസിഡന്റ് അഡ്വ. ഷെറി ജെ. തോമസ് രാഷ്ട്രീയകാര്യസമിതി റിപ്പോര്‍ട്ടും അവതരിപ്പിക്കും.
12 മണിക്ക് സമാപനസമ്മേളനത്തില്‍ കര്‍മ്മപദ്ധതി അംഗീകരിക്കും. ബിനു ഫ്രാന്‍സിസ് ഐഎഎസ്, കേരള ടൈലറിംഗ് വര്‍ക്കേഴ്സ് വെല്‍ഫെയര്‍ ചെയര്‍പേഴ്സണ്‍ എലിസബത്ത് അസ്സീസി എന്നിവരെ ആദരിക്കും. സ്‌കോളര്‍ഷിപ്പ് വിതരണവും തുടര്‍ന്ന് സമാപനസന്ദേശവും. ഉച്ചയ്ക്ക് ശേഷം 2.30ന് ചേരുന്ന പത്രസമ്മേളനത്തോടെ പരിപാടികള്‍ സമാപിക്കും.