വാഴ്ത്തപ്പെട്ട ദേവസഹായത്തെ വിശുദ്ധനായി പരിശുദ്ധ ഫ്രാൻസിസ് പാപ്പ നാമകരണം ചെയ്യുന്ന 2022 മെയ് പതിനഞ്ചാം തീയതി ഞായറാഴ്ച രാവിലെ എല്ലാ ദേവാലയങ്ങളിലും ദിവ്യബലിയിൽ ദിവ്യഭോജന പ്രാർത്ഥനയ്ക്ക് ശേഷം നന്ദിസൂചകമായി സ്തോത്രഗീതം ആലപിക്കണമെന്നും അന്നുതന്നെ ഉച്ചകഴിഞ്ഞ് 2:30ന് ആനന്ദത്തിന്റെയും കൃതജ്ഞതയുടെയും അടയാളമായി കേരള ലത്തീൻ സഭയുടെ കീഴിലുള്ള എല്ലാ ദേവാലയങ്ങളിലും സ്ഥാപനങ്ങളിലും ഒരു മിനിറ്റ് സമയത്തേക്ക് പള്ളിമണികൾ മുഴക്കണമെന്നും സർക്കുലർ.
ഇതുകൂടാതെ തിരുവനന്തപുരം അതിരൂപത അധ്യക്ഷൻ പുറപ്പെടുവിച്ച വിജ്ഞാപനത്തിൽ വാഴ്ത്തപ്പെട്ട ദേവസഹായത്തെ വിശുദ്ധപദവിയിലേക്ക് ഉയർത്തുന്ന അതേദിവസം തന്നെ വൈകുന്നേരം 5 മണിക്ക് പാളയം സെന്റ് ജോസഫ് കത്തീഡ്രൽ ദൈവാലയത്തിൽ പൊന്തിഫിക്കൽ ദിവ്യബലി ഉണ്ടായിരിക്കുന്നതായി അറിയിച്ചു. രക്തസാക്ഷിയായ ദൈവസഹായം എന്ന പുണ്യാത്മാവിന്റെ ജീവിതത്തെക്കുറിച്ചും കൊടും പീഡനങ്ങളുടെയും കഠിന യാതനകളുടെയും മധ്യേ ക്രിസ്തുവിലുള്ള തന്റെ വിശ്വാസം അവസാനശ്വാസംവരെ ധീരതയോടെ പ്രഘോഷിച്ച ഉജ്ജ്വല മാതൃകയെ കുറിച്ചും നാം എല്ലാവരും പ്രത്യേകിച്ച് നമ്മുടെ യുവജനങ്ങൾ ആഴത്തിൽ പഠിക്കുകയും ജീവിതത്തിൽ പകർത്തുകയും ചെയ്യേണ്ടതുണ്ട് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഭാരത സഭാ ജനത പ്രാർത്ഥനാ പൂർവ്വം കാത്തിരുന്ന മെയ് 15- ന് ഇറ്റലിയൻ സമയം 10 നാണ് സെന്റ് പീറ്റേഴ്സ് ബെസിലിക്കയിൽ വച്ചു പരിശുദ്ധ പിതാവ് ഫ്രാൻസിസ് പാപ്പ വാഴ്ത്തപ്പെട്ട ദേവസഹായത്തെ വിശുദ്ധ പദവിയിലേക്കുയർത്തുക.
ഇതിനോടനുബന്ധിച്ച് ഭാരത സഭ ദേശീയ തലത്തിൽ വിവിധ പരിപാടികൾ ആസൂത്രണം ചെയ്തിരിക്കുകയാണ്. കോട്ടാർ രൂപതയിൽ പ്രവർത്തിച്ചു വരുന്ന വിശുദ്ധ നാമകരണ കമ്മിറ്റിയോട് സഹകരിച്ച് സി.സി.ബി.ഐ ദേശീയ ക്വിസ് മത്സരവും, ഹൈസ്കൂൾ ഹയർസെക്കൻഡറി വിദ്യാർത്ഥികൾ, കോളേജ്- യൂണിവേഴ്സിറ്റി വിദ്യാർത്ഥികൾ, പൊതു യുവജനങ്ങൾ, വിവാഹിതരായ അല്മായർ എന്നീ വിഭാഗങ്ങൾക്കായി ദേശീയ ലേഖന മത്സരവും സംഘടിപ്പിക്കുന്നു.
മഹാമാരി സമയത്ത് ദേശീയതലത്തിൽ നടത്തപ്പെട്ട തിരു മണിക്കൂറിന് സമാനമായി 2022 ജൂൺ 24 വെള്ളിയാഴ്ച തിരുഹൃദയ തിരുനാൾ ദിനത്തിൽ ഒരു മണിക്കൂർ വിദേശത്തും സ്വദേശത്തും ആയിരിക്കുന്ന എല്ലാവരും സംയുക്തമായി പ്രാർത്ഥനാ മണിക്കൂർ ആചരിക്കണമെന്ന് നിർദ്ദേശം നൽകി. വിശുദ്ധപദവി പ്രഖ്യാപനത്തോട് അനുബന്ധിച്ച് 2022 ജൂൺ അഞ്ചിന് വൈകിട്ട് 4 മണിക്ക് ദേവസഹായത്തിന്റെ രക്തസാക്ഷിത്വത്താൽ പാവനമാക്കപ്പെട്ട സ്ഥലത്ത് കോട്ടാർ, കുഴിത്തുറ രൂപതകളുടെ നേതൃത്വത്തിൽ നടത്തപ്പെടുന്ന ദേശീയ കൃതജ്ഞതാ ആഘോഷങ്ങളിൽ ഭാരത സഭയും പങ്കു ചേരുമെന്ന് കേരള ലത്തീൻ കത്തോലിക്കാ മെത്രാൻ സമിതി പുറപ്പെടുവിച്ച വിജ്ഞാപനത്തിലൂടെ അറിയിച്ചു.