-ഇഗ്നേഷ്യസ് തോമസ്-
ദേവസഹായം പിള്ളയുടെ വിശുദ്ധ പദപ്രഖ്യാപനത്തിന്റെ കാലിക പ്രസക്തി
വാഴ്ത്തപ്പെട്ട ദേവസഹായംപിള്ളയുടെ വിശുദ്ധപദവി പ്രഖ്യാപനം ഭാരതത്തിലെ ഇന്നത്തെ സങ്കീര്‍ണ്ണമായ സാമൂഹ്യ രാഷ്ട്രീയ സാഹചര്യങ്ങളില്‍ ഏറെ പ്രസക്തിയുണ്ട്. 268 വര്‍ഷങ്ങള്‍ക്ക് മുമ്പ് ജീവിച്ച് ക്രൈസ്തവ വിശ്വാസം സ്വീകരിച്ച് യേശുവിന്റെ ജീവിത മഹത്വം ഉച്ചൈസ്തരം പ്രഘോഷിച്ച പുണ്യാത്മാവാണ് അദ്ദേഹം. അന്നത്തെയും ഇന്നത്തെയും സാമൂഹ്യ രാഷ്ട്രീയ ഘടനകളും സംവിധാനങ്ങളും വിലയിരുത്തണം. രാഷ്ട്രീയ രംഗത്തും ഭരണതലത്തിലും ഇന്ന് സമഗ്രമായ മാറ്റങ്ങള്‍ സംഭവിച്ചിട്ടുണ്ട്. വാഴ്ത്തപ്പെട്ട ദേവസഹായംപിള്ളയുടെ കാലഘട്ടത്തില്‍ നിലനിന്നിരുന്ന സാമൂഹിക ഘടനയും സാമ്പത്തിക സംവിധാനങ്ങളും രാഷ്ട്രീയ പ്രവണതകളും ശക്തി പ്രാപിക്കാനുള്ള ശ്രമങ്ങള്‍ നടത്തിക്കൊണ്ടിരിക്കുകയാണ്.
ഡിലനോയിയുടെ സുഹൃത്ത്
ദേവസഹായം പിള്ളയുടെ ജീവിത കാലഘട്ടം തിരുവിതാംകൂറില്‍ രാജവാഴ്ചയുടെ പരകോടിയിലായിരുന്നു. നീലകണ്ഠപിള്ള (ദേവസഹായം) മാര്‍ത്താണ്ഡ വര്‍മ്മയുടെ വിശ്വസ്ത സേവകരുടെ ഗണത്തിലായിരുന്നു. സവര്‍ണ്ണ നായര്‍ സമുദായാംഗമായിരുന്ന ദേവസഹായം ചെറുപ്പം മുതലെ യുദ്ധമുറകളിലും ആയോധന കലകളിലും പരിശീലനം സിദ്ധിച്ചിരുന്നു. സംസ്‌കൃതം മലയാളം എന്നീ ഭാഷകളിലും വ്യാകരണം, തര്‍ക്കശാസ്ത്രം ഗണിതം എന്നിവയിലും വ്യുല്‍പത്തി നേടിയിരുന്നു. സല്‍സ്വഭാവിയും സല്‍ഗുണ സമ്പന്നനുമായിരുന്ന ദേവസഹായം രാജാവിന്റെ ഇഷ്ടഭാജനമായിരുന്നു. അതിനാലാണ് പത്മനാഭപുരം കോട്ടയുടെ നിര്‍മ്മാണ ചുമതലയും മേല്‍നോട്ടവും അദ്ദേഹത്തെ ഏല്‍പ്പിച്ചത്. അക്കാലയളവിലാണ് 1741 ല്‍ നടന്ന കുളച്ചല്‍ യുദ്ധത്തില്‍ തടവുകാരനായി പിടിക്കപ്പെടുകയും പില്‍ക്കാലത്ത് മാര്‍ത്താണ്ഡ വര്‍മ്മയുടെ സൈന്യാധിപനായി തീരുകയും ചെയ്ത ഡച്ചു സൈന്യാധിപനും ഫ്‌ളെമിഷ് കത്തോലിക്കനുമായ ക്യാപ്റ്റന്‍ യൂസ്റ്റാക്കീസ് ഡിലനോയിയുമായി ദേവസഹായം കണ്ടുമുട്ടിയത്. ആഴമായ വ്യക്തിബന്ധത്തിലേക്ക് വളര്‍ന്നു. സ്വകാര്യ ദുഃഖങ്ങളും സന്തോഷങ്ങളും പങ്കുവയ്ക്കുന്നിടത്തോളം ആ ബന്ധം വളര്‍ന്നു വലുതായി.
തന്റെ കുടുംബത്തില്‍ അടിക്കടിയുണ്ടാകുന്ന ദുരന്തങ്ങള്‍, ഒന്നൊഴിയാതെ കടന്നു വരുന്ന രോഗങ്ങള്‍, കനത്ത സാമ്പത്തിക നഷ്ടം വരുത്തിക്കൊണ്ട് ആടുമാടുകളുടെ ചത്തൊടുങ്ങല്‍; ഇവയെല്ലാം നിമിത്തം മാനസികമായി തളര്‍ന്നവശനായ നീലകണ്ഠന് സമാശ്വാസമായത് ഡിലനോയിയുടെ ആശ്വാസ വചനങ്ങളാണ്. ഈ വചനങ്ങളുടെ പൊരുളാകട്ടെ യേശുവായിരുന്നു. ദൈവത്തിന്റെ അവര്‍ണ്ണനീയമായ പരിപാലനയും മഹത്വവും ജോബിന്റെ ജീവിതത്തിലൂടെ വിവരിച്ചു നല്‍കിയ ഡിലനോയി ദൈവം അത്യധികമായി നീലകണ്ഠനെ സ്‌നേഹിക്കുന്നുവെന്ന് വെളിപ്പെടുത്തി. എല്ലാവരെയും സ്‌നേഹിക്കുന്ന, ദുഃഖങ്ങളും ദുരിതങ്ങളും ഏറ്റെടുക്കുന്ന, മറ്റൊരു സുഹൃത്തിനെ സഹായകനും മാര്‍ഗദര്‍ശിയുമായി ഡിലനോയി നീലകണ്ഠന് കാണിച്ചുകൊടുത്തു. ആ സുഹൃത്ത് യേശുവാണെന്ന് നീലകണ്ഠന് മനസിലായി.
ജ്ഞാനസ്‌നാന സ്വീകരണം
ആചാരാനുഷ്ഠാനങ്ങളാല്‍ ബന്ധിതമായ സമൂഹമായിരുന്നു മാര്‍ത്താണ്ഡവര്‍മ്മയുടെ കാലത്ത് നിലനിന്നിരുന്നത്. ജാതിവ്യവസ്ഥ കൊടികുത്തിവാഴുന്ന സമയം. അസ്പര്‍ശ്യത, അടിമത്തം എന്നിവയിലൂടെ ജാതിമേല്‍ക്കോയ്മ അടിച്ചേല്‍പ്പിക്കപ്പെട്ടു. സാമൂഹ്യ രാഷ്ട്രീയ മണ്ഡലങ്ങളില്‍ അരാജകത്വവും അനിശ്ചിതത്വവും നിലനിന്ന കാലഘട്ടത്തിലാണ് നീലകണ്ഠന്‍ ക്രിസ്തുമതം സ്വീകരിച്ച് ക്രിസ്ത്യാനിയായി മാറിയത്.
സത്യവിശ്വാസം സ്വീകരിക്കാനൊരുങ്ങിയ ദേവസഹായം പിള്ളക്ക് സ്വന്തം നാട്ടില്‍ വച്ച് ജ്ഞാനസ്‌നാനം സ്വീകരിക്കാനുള്ള ചുറ്റുപാടുകളുണ്ടായിരുന്നില്ല. നായര്‍ സമുദായംഗം ക്രിസ്ത്യാനിയായി തീരുന്നത് ഭരണകൂടത്തിനോ സ്വന്തം ജാതിയില്‍പ്പെട്ടവര്‍ക്കോ ഉള്‍ക്കൊള്ളാവുന്ന യാഥാര്‍ത്ഥ്യമായിരുന്നില്ല. ഇക്കാര്യം ഡിലനോയിക്കും അറിയാമായിരുന്നു.
അതിനാലാണ് തിരുവിതാംകൂറിന് പുറത്ത് നേമം മിഷനിലെ വടക്കന്‍ കുളത്തേക്ക് നീലകണ്ഠനെ ഡിലനോയി പറഞ്ഞയച്ചത്. 9 മാസം നീണ്ടുനിന്ന ക്രിസ്തീയ വിശ്വാസ ജീവിത പരിശീലനത്തിനു ശേഷം ജസ്യൂട്ട് മിഷണറിയായിരുന്ന ഫാ. ബുട്ടാരിയില്‍ നിന്ന് 1745 മേയ് മാസം 17 ന് ജ്ഞാനസ്‌നാനം സ്വീകരിച്ചു. ലാസര്‍ എന്ന പദത്തിന്റെ തമിഴ് രൂപമായ ദേവസഹായം എന്ന പേര് സ്വീകരിച്ചു.
രക്തസാക്ഷിത്വത്തിന്റെ കാലിക പ്രസക്തി
യേശുമാര്‍ഗം അപകടകരവും അരിക്ഷിതത്വവും നിറഞ്ഞതാണെന്ന് തിരിച്ചറിഞ്ഞുകൊണ്ടു തന്നെയാണ് ദേവസഹായം ജ്ഞാനസ്‌നാനം സ്വീകരിച്ചത്. താന്‍ അറിഞ്ഞ അനുഭവിച്ച ദൈവാനുഭവം സര്‍വ്വരുമായി പങ്കുവച്ചുകൊണ്ട് രക്ഷാകര രഹസ്യങ്ങള്‍ വെളിപ്പെടുത്തി ദേവസഹായം പരസ്യജീവിതം ആരംഭിച്ചു. ജാതിവിവേചനത്തിന്റെ പേരില്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുമായി ഇടകലര്‍ന്നു. വര്‍ണ്ണ വിവേചനത്തിന്റെ വേലിക്കെട്ടുകള്‍ മറികടന്നു. ദരിദ്രര്‍ ഭാഗ്യവാന്മാരാണെന്ന് അദ്ദേഹം പഠിപ്പിച്ചു. അന്ധവിശ്വാസങ്ങളെ എതിര്‍ത്തു. അനാചാരങ്ങള്‍ക്കെതിരെ ശബ്ദമുയര്‍ത്തി. സാമൂഹിക നീതിക്കും തുല്യതക്കും വേണ്ടി നിലകൊണ്ടു.
ദേവസഹായം പിള്ളയുടെ സുവിശേഷാധിഷ്ഠിത നിലപാടുകളാണ് രാജകോപത്തിനും പൗരോഹിത്യത്തിന്റെ എതിര്‍പ്പിനും കാരണമാക്കിയത്. യേശുവിന്റെ പാതയിലൂടെ ചരിച്ചതിനാലാണ് കാറ്റാടിമലയില്‍ ജീവന്‍ ഹോമിക്കേണ്ടി വന്നത്. സ്വജീവന്‍ യേശുവിനുവേണ്ടി നല്‍കി 1752 ജനുവരി 14 ന് കാറ്റാടിമലയില്‍ ഭടന്മാരാല്‍ വെടിയേറ്റ് ജീവന്‍ വെടിഞ്ഞു. ആ രക്തസാക്ഷിത്വം വഴി തെക്കന്‍ തിരുവിതാംകൂറില്‍ അനേകര്‍ വിശ്വാസികളായി മാറി.
ദേവസഹായം പിള്ള ജീവിച്ചിരുന്ന കാലഘട്ടത്തില്‍ കണ്ടിരുന്ന ദുഷ്പ്രവണതകളും അനാചരങ്ങളും ഇന്നത്തെ സമൂഹത്തിലും തിരിച്ചുവരാന്‍ വെമ്പല്‍ കൊള്ളുകയാണ്. ജാതിവ്യവസ്ഥയെ മഹത്വല്‍ക്കരിക്കാനും അന്ധവിശ്വാസങ്ങള്‍ക്ക് ആധികാരിക ഭാഷ്യം നല്‍കാനും ബോധപൂര്‍വ്വമായ ശ്രമങ്ങള്‍ നടക്കുന്നു. ക്രൈസ്തവര്‍ക്കുനേരെയുള്ള അതിക്രമങ്ങള്‍ രാജ്യത്ത് വ്യാപകമാകുന്നു.
.സമൂഹത്തെ ഭിന്നിപ്പിക്കുകയും ന്യനപക്ഷവിഭാഗങ്ങളെ അരക്ഷിതാവസ്ഥയിലേക്ക് തള്ളിവിടുകയും ചെയ്തുകൊണ്ട് ഭരണകൂടം ഭയത്തിന്റെയും വെറുപ്പിന്റെയും അന്തരീക്ഷം സൃഷ്ടിച്ചുവരുന്നു. ഇവിടെ ദേവസഹായം പിള്ളയുടെ ധീരരക്തസാക്ഷിത്വം നമ്മുടെ വിശ്വാസ ജീവിതത്തിന് പ്രചോദനവും മാതൃകയുമായി തീരുന്നു. സഹനങ്ങളുടെയും പീഢനങ്ങളുടെയും മധ്യേ അടിയുറച്ചു വിശ്വാസത്തില്‍ നിലനില്ക്കാന്‍ ഈ വിശുദ്ധന്റെ ജീവിത മാതൃക നമുക്ക് പ്രചോദനമേകുന്നു.
കടപ്പാട്: സൺഡേ ശാലോം