കോട്ടപ്പുറം: കോട്ടപ്പുറം രൂപതയുടെ ഇടയനായി റൈറ്റ്. റവ. ഡോ. അംബ്രോസ് പുത്തൻ വീട്ടിൽ അഭിഷിക്തനായി. മൂന്നു മണിക്ക് കോട്ടപ്പുറം സെന്റ് മൈക്കിള്‍സ് കത്തീഡ്രലിന്റെ മുഖ്യ കവാടത്തില്‍ എത്തിയ മോണ്‍. അംബ്രോസ് പുത്തന്‍വീട്ടില്‍, വത്തിക്കാന്‍ പ്രതിനിധി ആര്‍ച്ച്ബിഷപ് ഡോ. ലിയോപോള്‍ദോ ജിറെല്ലി എന്നിവർക്ക് കോട്ടപ്പുറം രൂപത അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്റര്‍ ബിഷപ് ഡോ. അലക്‌സ് വടക്കുംതല, കത്തീഡ്രല്‍ വികാരി ജാക്‌സണ്‍ വലിയപറമ്പില്‍, ഫാ. ജോണ്‍സണ്‍ പങ്ക്യേത്ത് എന്നിവരുടെ നേതൃത്വത്തില്‍ ഉജ്വല സ്വീകരണം.
അനുഗ്രഹ നിറവിൽ മെത്രാഭിഷേക ചടങ്ങുകള്‍ ആരംഭിച്ചു. ‘ദീപങ്ങളാല്‍ ഇന്ദ്രിയങ്ങള്‍’ എന്ന ഗാനത്തിനു ശേഷം നിയുക്ത മെത്രാനെ മുഖ്യകാര്‍മികന്റെ മുന്നിലേക്കു ആനയിച്ചു. അതിരൂപത ചാന്‍സലര്‍ റവ. ഡോ. ബെന്നി വാഴക്കൂട്ടത്തില്‍, ”ഡോ. അംബ്രോസിനെ മെത്രാനായി അഭിഷേകം ചെയ്യണമെന്ന് ദൈവജനം അങ്ങയോട് അപേക്ഷിക്കുന്നു” എന്ന് മുഖ്യകാര്‍മികനായ ആര്‍ച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പിലിനെ ഉണര്‍ത്തിച്ചു. ”അതിനുള്ള അപ്പസ്‌തോലിക തിട്ടൂരം ലഭിച്ചിട്ടുണ്ടോ” എന്ന് മുഖ്യകാര്‍മികന്‍ ചോദിച്ചു. ”ലഭിച്ചിട്ടുണ്ട്” എന്ന് മറുപടി. ”എന്നാല്‍ അതിപ്പോള്‍ വായിക്കട്ടെ” എന്നു കാര്‍മികന്‍ പറഞ്ഞു. ഡോ. അംബ്രോസ് പുത്തന്‍വീട്ടിലിനെ കോട്ടപ്പുറം ബിഷപ്പായി നിയമിച്ചു കൊണ്ടുള്ള ഫ്രാന്‍സിസ് പാപ്പായുടെ ബൂള (തീട്ടൂരം) റവ. ഡോ. ബെന്നി വാഴക്കൂട്ടത്തില്‍ ലത്തീനിലും അതിരൂപതയിലെ സീനിയര്‍ വൈദികന്‍ റവ. ഡോ. ഫ്രാന്‍സിസ്‌കോ പടമാടന്‍ മലയാളത്തിലും വായിച്ചു.
തുടര്‍ന്ന് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍ നിയുക്ത മെത്രാനോട്, അഭിഷേകം ചെയ്യപ്പെടേണ്ടയാള്‍ സത്യവിശ്വാസം അഭംഗുരം കാത്തുസൂക്ഷിക്കുകയും കടമകള്‍ വിശ്വസ്തതയോടെ നിര്‍വഹിക്കുകയും ചെയ്യുമെന്നുള്ള ദൃഢനിശ്ചയം ബഹുജനസമക്ഷം പ്രഖ്യാപിക്കണമെന്നു സഭാപിതാക്കന്മാരുടെ പരമ്പരാഗതമായ പതിവ് അനുശാസിക്കുന്നതിനാല്‍ മെത്രാനടുത്ത കടമകള്‍, പരിശുദ്ധാത്മാവിന്റെ അനുഗ്രഹത്താല്‍, പാപ്പായുടെ പരമാധികാരത്തിനു വിധേയമായി ജീവിതാന്ത്യം വരെ വിശ്വസ്തതയോടെ നിര്‍വഹിക്കാന്‍ സന്നദ്ധനാണോ എന്നു തിരക്കി. സന്നദ്ധത അറിയിച്ചതിനു ശേഷം ഡോ. അംബ്രോസ് സാഷ്ടാംഗ പ്രണാമം ചെയ്യുകയും കാര്‍മികരും ദൈവജനവും മുട്ടുകുത്തി ദീര്‍ഘമായ സകലവിശുദ്ധരുടെ പ്രാര്‍ഥനാമഞ്ജരി ആലപിക്കുകയും ചെയ്തു.
പ്രാര്‍ഥനയ്ക്കു ശേഷം കൈവയ്പ്പു ശുശ്രൂഷാ കര്‍മം നടന്നു. നിയുക്തമെത്രാന്‍ പ്രധാനകാര്‍മികനു മുന്നില്‍ മുട്ടുകുത്തി നിന്നു. പ്രധാനകാര്‍മികനും തുടര്‍ന്ന് സഹകാര്‍മികരും മറ്റു മെത്രാന്മാരും അദ്ദേഹത്തിന്റെ ശിരസില്‍ കൈകള്‍ വച്ച് മൗനമായി പ്രാര്‍ഥിച്ചു. പിന്നീട് ഡോ. കളത്തിപ്പറമ്പില്‍ നിയുക്തമെത്രാന്റെ ശിരസിനു മീതെ സുവിശേഷഗ്രന്ഥം തുറന്നു വച്ച് പ്രതിഷ്ഠാപന പ്രാര്‍ഥന ചൊല്ലുകയും അതിനു ശേഷം തൈലാഭിഷേകം നടത്തുകയും സുവിശേഷഗ്രന്ഥദാനം നടത്തുകയും ചെയ്തു. പുതിയ മെത്രാനെ വിശ്വാസത്തിന്റെ മുദ്രയായി മോതിരമണിയിക്കുകയും ജനപാലനാധികാരത്തിന്റെ ചിഹ്നമായി അധികാരദണ്ഡ് നല്‍കുകയും ശിരസില്‍ വിശുദ്ധിയുടെ പ്രതീകമായ അംശമുടി അണിയിക്കുകയും ചെയ്തു. മെത്രാഭിഷേകം പൂര്‍ത്തിയായതോടെ അദ്ദേഹത്തെ പ്രധാന ഇരിപ്പിടത്തിലേക്ക് (ഭദ്രപീഠാധ്യാസനം) ആനയിച്ചു. സ്ഥാനാരോഹണത്തിന്റെ പ്രതീകമായിരുന്നു അത്. തുടര്‍ന്ന് എല്ലാ മെത്രാന്മാരും ബിഷപ് ഡോ. അംബ്രോസിന് സമാധാന ചുംബനം നല്കി. അപ്പോള്‍ ഗായകസംഘം പരിശുദ്ധാത്മാവിന്റെ ഗാനം ആലപിച്ചു.
പുതിയ ബിഷപ്പിന്റെ മുഖ്യകാര്‍മികത്വത്തില്‍ ദിവ്യബലി തുടര്‍ന്നു. കാഴ്ചവയ്പില്‍ ബിഷപ് അംബ്രോസിന്റെ കുടുംബാംഗങ്ങളും രൂപതയിലെ വിവിധ ശുശ്രൂഷാസമിതി അംഗങ്ങളും സംബന്ധിച്ചു. ‘കാല്‍വരിക്കുന്നിന്‍ നിഴലില്‍ കത്തും ദീപ സന്നിധില്‍’ എന്നു തുടങ്ങുന്ന ഫാ. മൈക്കിള്‍ പനച്ചിക്കല്‍ എഴുതി ജെറി അമല്‍ദേവ് ചിട്ടപ്പെടുത്തിയ ഗാനം അപ്പോള്‍ ആലപിച്ചു. കോട്ടപ്പുറം രൂപതയിലെ വൈദിക, സന്ന്യസ്ത, അല്മായ പ്രതിനിധികള്‍ മെത്രാനോടുള്ള തങ്ങളുടെ ആദരവും വിധേയത്വവും പ്രകടമാക്കി.
നൈവേദ്യ പ്രാര്‍ഥനയ്ക്കു ശേഷം ദിവ്യകാരുണ്യസ്വീകരണ സമയത്ത് ‘ദിവ്യകാരുണ്യമേ ബലിവേദിയില്‍ ഞങ്ങള്‍ക്കായി മുറിയും അപ്പമാണു നീ,’ കോട്ടപ്പുറത്തിന്റെ പുത്രന്‍ യശഃശരീരനായ ഫാ. ജേക്കബ് കല്ലറക്കല്‍ രചിച്ച് ഈണം പകര്‍ന്ന ‘വാവാ യേശുനാഥാ വാവാ സ്‌നേഹനാഥാ’ എന്ന ഗാനവും, ‘ദിവ്യസക്രാരിയില്‍ കൂദാശയില്‍’ എന്നാരംഭിക്കുന്ന ഫാ. ജോസഫ് മനക്കില്‍ രചിച്ച് ഫ്രാന്‍സിസ് മനക്കില്‍ ഈണം നല്‍കിയ ഗാനവും ആലപിച്ചു. ഗാനശുശ്രൂഷയ്ക്ക് ജെറി അമൽദേവിന്റെയും ഫാ. വില്യം നെല്ലിക്കലിന്റെയും നേതൃത്വത്തിൽ 100 പേരടങ്ങുന്ന ഗായക സംഘം നേതൃത്വം നൽകി. ദൈവത്തിനും ജനത്തിനും പുതിയ ഇടയൻ കൃതജ്ഞതയയേകി.