വെട്ടുകാട്: കത്തോലിക്ക വിശ്വാസികളുടെ ഭക്താനുഷ്ഠാനങ്ങളിൽ മുന്നിൽ നിൽ ക്കുന്ന ജപമാല പ്രാർത്ഥന വചനാധിഷ്ഠിതവും സമ്പൂർണ്ണവുമായ പ്രാർത്ഥനയാണെന്ന് അഭിവന്ദ്യ ക്രിസ്തുദാസ് പിതാവ്. തിരുവനന്തപുരം അതിരൂപതയിൽ ജപമാല മാസാചരത്തോടനുബന്ധിച്ച് മരിയൻ സൈന്യം (ലീജിയൻ ഓഫ് മേരി) നടത്തിയ ജപമാല റാലിക്ക് ശേഷം നടന്ന ദിവ്യബലിയർപ്പണത്തിൽ നടത്തിയ വചന സന്ദേശം നൽ കുകയായിരുന്നു അദ്ദേഹം. പരിശുദ്ധാത്മാവിനെ സ്വാഗതം ചെയ്തും, നമ്മുടെ അയോഗ്യതകളെ ഏറ്റുപറഞ്ഞും, ദൈവ വിശ്വാസം, ദൈവ ശരണം, ദൈവ സ്നേഹം എന്നീ പുണ്യങ്ങളിൽ ആഴപ്പെട്ടും, വിശ്വാസ പ്രമാണം പ്രഖ്യാപിച്ചും, കർതൃപ്രാർത്ഥനയോടുകൂടി ആരംഭിക്കുന്ന ജപമാല പ്രാർത്ഥനയിൽ ക്രിസ്തുവിന്റെ ജീവിതത്തെയാണ് നാം ധ്യാനിക്കുന്നത്. നന്മ നിറഞ്ഞ മറിയമേ എന്ന പ്രാർത്ഥനയും വചനധിഷ്ടിതമാണ്. ഇത്രയും സമ്പൂർണ്ണമായ പ്രാർത്ഥന വേറെയില്ല. അതിനാൽതന്നെ സാത്താൻ ഏറ്റവുമധികം ഭയപ്പെടുന്നതും ക്രിസ്ത്യാനികളുടെ ആയുധവുമായി ജപമാല പ്രാർത്ഥന മാറിയത്. ജപമാല പ്രാർത്ഥന ചൊല്ലുന്നവർക്ക് പരിശുദ്ധാത്മാവിന്റെ നിറവും, സൗഖ്യവും, സംരക്ഷണവും ലഭ്യമായ നിരവധി സാക്ഷ്യങ്ങൾ നമ്മുടെ മുന്നിലുണ്ട്. ജപമാല പ്രാർത്ഥന ചൊല്ലുന്ന കുടുംബങ്ങൾ അനുഗ്രഹീത കുടുംബങ്ങളാകുന്നു.
തിരുവനന്തപുരം അതിരൂപതയില്ജപമാല മാസത്തിന്റെ സമാപനത്തിൽ ആയിരകണക്കിന് മരിയൻ സൈന്യം അണിനിരക്കുന്ന ജപമാല റാലി വർഷങ്ങളായി നടന്നു വരുന്നു. ഇന്ന് ശംഖുമുഖത്തുനിന്നും സൗത്ത് തുമ്പയിൽ നിന്നും ആരംഭിച്ച ജപമാല റാലി വെട്ടുകാട് മാദ്രെ ദെ ദേവൂസ് ദൈവാലയത്തിൽ എത്തിചേർന്നു. തുടർന്ന് അഭിവന്ദ്യ ക്രിസ്തുദാസ് പിതാവിന്റെ മുഖ്യകാരുമികത്വത്തിൽ നടന്ന് ദിവ്യബലിയിൽ അതിരൂപത ചാൻസിലർ ഫാ. സി. ജോസഫ്, അതിരൂപത വൈദീകർ സഹകാർമികരായി. ജപമാല റാലിക്ക് നേതൃത്വം നൽ കിയ ലീജിയൻ ഓഫ് മേരി അംഗങ്ങൾക്കൊപ്പം നിരവധി സന്യസ്തരും, വിശ്വാസികളും പങ്കുചേർന്നു.