പേട്ട ഫെറോനയിലെ സന്യസ്ഥരുടെ സംഗമം എട്ടാം തീയതി കുമാരപുരം, ഫാ. പാട്രിക് മെമ്മോറിയൽ ഹാളിൽ നടന്നു. ഫെറോനയിൽ പ്രവർത്തിക്കുന്ന സന്യസ്ഥരുടെ ഒത്തുചേരലിലൂടെ പരസ്പരം അറിയുവാനും പരിചയപ്പെടുവാനുമുള്ള വേദിയൊരുക്കുകയായിരുന്നു സന്യസ്ഥരുടെ ദിനം ആഘോഷിച്ചതിന്റെ പ്രധാന ലക്ഷ്യം.
പേട്ട ഫെറോനയിൽ സേവനം ചെയ്യുന്ന 14 കോൺഗ്രിയേഷൻ സഭകളിൽ നിന്നുള്ള സന്യസ്ഥരും, ഫെറോനയിൽ സേവനം ചെയ്യുന്ന രൂപത വൈദികരുമുൾപ്പടെ 55 പേർ പരിപാടിയിൽ സന്നിഹിതരായിരുന്നു. സന്ധ്യാവന്ദനത്തോടുകൂടി വൈകുന്നേരം ആരംഭിച്ച സന്യസ്ഥ കൂട്ടായ്മ ഫെറോന വികാരി ഫാ. റോബിൻസൺ തിരി തെളിച്ച് ഉദ്ഘാടനം ചെയ്തു. ഫെറോനയിലുള്ള സന്യസ്ഥരുടെ കഴിവുകൾ, കാരിസം എന്നിവ ഫെറോനയുടെ വിവിധ ശുശ്രൂഷകളുടെ വളർച്ചയ്ക്കായി ഉപയോഗിക്കണം എന്നുള്ള നിർദ്ദേശം അദ്ദേഹം നൽകി.
ഫാ. ജെയിംസ് കുലാസ് ഫെറോനയിലുള്ള വിവിധ സന്യസ്ഥസഭാ അംഗങ്ങൾക്ക് ഫെറോനയുടെ വളർച്ചയ്ക്കായി ഏത് തരത്തിൽ പങ്കുവഹിക്കാൻ ആകും എന്നതിനെ പറ്റിയുള്ള നിർദ്ദേശങ്ങൾ പങ്കുവച്ചു. സന്യസ്ഥർ നിലവിൽ ചെയ്തുകൊണ്ടിരിക്കുന്ന ശുശ്രൂഷകൾ എന്തൊക്കെയാണെന്നും സന്യസ്ഥ സഭാംഗങ്ങൾ അവതരിപ്പിച്ചു.
ഭാവിയിൽ സന്യസ്ഥർക്ക് ഏതൊക്കെ ശുശ്രൂഷകളിൽ പങ്കുകാരാകാം എന്നതിനെ പറ്റിയുള്ള ഗ്രൂപ്പ് ചർച്ച ഫാ. ലോറൻസ് കുലാസിന്റെ നേതൃത്വത്തിൽ നടന്നു. സ്കൂളുകൾ നടത്തുന്നവർ വിദ്യാഭ്യാസ ശുശ്രൂഷ രംഗത്തും, ഹോസ്പിറ്റലുകൾ നടത്തുന്നവർ ആരോഗ്യരംഗത്തും, ധ്യാനകേന്ദ്രങ്ങൾ, ഇടവകകളെ സഹായിക്കുന്നവർ, കുടുംബ ശുശ്രൂഷയിലും, യൂത്ത് ആനിമേഷനുകളിൽ ഏർപ്പെട്ടിരിക്കുന്നവർ യുവജന ശുശ്രൂഷയിലും എങ്ങനെ മികച്ച സേവന സന്നദ്ധതയോടെ പ്രവർത്തിക്കാൻ ആകുമെന്ന ആശയവും ഗ്രൂപ്പ് ചർച്ചകളിലൂടെ ഉയർന്നുവന്നു. ഫാ. ജറാൾഡിന്റെ സംഘാടനത്തിൽ നടത്തിയ പരിപാടിയിൽ ഫാ. ഡേവിഡ്സൺ സ്വാഗതവും, ഫാ. ഷാജു വില്യം നന്ദിയും പറഞ്ഞു.