ആർ.സി സ്കൂൾസിന്റെ ആഭിമുഖ്യത്തിൽ ആർ. സി. സ്കൂളിൽ സേവനമനുഷ്ടിച്ച് വിരമിച്ച അദ്ധ്യാപകർക്കും അനധ്യാപകർക്കും സൗഹൃദ കൂട്ടായ്മയൊരുക്കി അതിരൂപത വിദ്യാഭ്യാസ ശുശ്രൂഷ സമിതി. ഒത്തു ചേരാം സൗഹൃദം പങ്കിടാം എന്ന പേരിൽ ചേർന്ന സൗഹൃദ കൂട്ടായ്മ ഇന്ന് വെള്ളയമ്പലം, അനിമേഷൻ സെന്ററിൽ വച്ച് നടന്നു. അതിരൂപത അധ്യക്ഷൻ ഡോ. തോമസ് ജെ നെറ്റോ പരിപാടിയുടെ ഉദ്ഘാടകനായി. 2023 വർഷത്തിലെ തനിക്ക് ലഭിച്ച ഏറ്റവും വലിയ സമ്മാനമായി ഈ സൗഹൃദ സംഗമത്തിൽ പങ്കെടുക്കാനായതിനെ കാണുന്നുവെന്ന് അദ്ദേഹം പറഞ്ഞു. സ്കൂളുകളിൽ നിന്ന് വിരമിച്ചെങ്കിൽ പോലും അധ്യാപകർ ജീവിതത്തിൽ നിന്നും വിരമിക്കുന്നതുവരെയും അധ്യാപന ശുശ്രൂഷ തുടരുകയും അത് സമൂഹത്തിന് കൂടുതൽ ഉപകാരപ്രദമാക്കി മാറ്റണമെന്നും അദ്ദേഹം നിർദ്ദേശിച്ചു. ഇനിയും മനോഹരമായ തങ്ങളുടെ അറിവുകളും ഉൾക്കാഴ്ചകളും അനുഭവങ്ങളും സഭയ്ക്കായി വിനിയോഗിക്കാനും സാധിക്കണമെന്ന് അദ്ദേഹം പറഞ്ഞു.
ആർ. സി. സ്കൂൾസ് കോർപ്പറേറ്റ് മാനേജർ, ഡയറക്ടർ ഫാ. ഡെയ്സൺ യേശുദാസ് പരിപാടിയുടെ അധ്യക്ഷത വഹിച്ചു. മുന്നിലിരിക്കുന്ന വിദ്യാർത്ഥികളെ ഹൃദയത്തോട് ചേർത്ത് ഉന്നതങ്ങളിലേക്ക് എത്തിച്ച മാലാഖമാരാണ് അധ്യാപകർ എന്ന് അദ്ദേഹം പറഞ്ഞു. ഒരു ടീച്ചർ ഒരു കുട്ടി പദ്ധതിയിലൂടെ ഓരോ അധ്യാപകരും ഓരോ വിദ്യാർത്ഥികളെ ഏറ്റെടുത്ത് വിദ്യാഭ്യാസ കാലയളവിൽ അവർക്ക് വേണ്ടുന്ന മാർഗ്ഗനിർദ്ദേശങ്ങൾ നൽകി സഹകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
75 വയസ്സ് പിന്നിട്ട അധ്യാപകരെയും അനധ്യാപകരെയും പൊന്നാട അണിയിച്ച് അതിരൂപത മെത്രാൻ ആദരിച്ചു. 90 വയസ്സ് പിന്നിട്ട, കൊച്ചുവേളി, സെന്റ് തോമസ് പൂന്തുറ സ്കൂളുകളിൽ ദീർഘകാലം സേവനമനുഷ്ഠിച്ച വിരമിച്ച എസോമാ ജസ്റ്റിൻ ടീച്ചറുടെ കടന്നുവരവും ആശംസയും പരിപാടിയിൽ ശ്രദ്ധേയമായി. സ്റ്റേറ്റ് അവാർഡ് ജേതാവായ യശോദ ടീച്ചറും ആശംസകൾ അർപ്പിച്ചു സംസാരിച്ചു. അസോസിയേഷൻ കൺവീനർ ശ്രീ.ഇഗ്നേഷ്യസ് തോമസ് നാം മുന്നോട്ട് എന്ന വിഷയത്തെ ആസ്പദമാക്കി അധ്യാപകർക്ക് ഇനി മുന്നോട്ട് എങ്ങനെയൊക്കെ പ്രവർത്തിക്കാമെന്നതിനെപ്പറ്റിയുള്ള നിർദ്ദേശങ്ങൾ നൽകി.
അസോസിയേഷൻ ഓഫ് റിട്ടയേർഡ് ടീച്ചേർസ് & സ്റ്റാഫ് (എ.ആർ.ടി.എസ്) എന്ന പേരിൽ, ദീർഘകാലം ആർ.സി. സ്കൂൾസ് മാനേജ്മെന്റിന്റെ കീഴിലുള്ള വിവിധ വിദ്യാലയങ്ങളിൽ പ്രവർത്തിച്ച റിട്ടയേർഡ് അധ്യാപകർക്കും, സ്റ്റാഫ് അംഗങ്ങൾക്കുമായുള്ള സൗഹൃദ കൂട്ടായ്മ ഫോറവും രൂപീകരിച്ചു. പ്രായവും വാർദ്ധക്യസഹജമായ ശാരീരിക അസ്വസ്ഥതകളും വകവയ്ക്കാതെ 75 ഓളം അധ്യാപകർ സൗഹൃദ കൂട്ടായ്മയിൽ പങ്കു ചേർന്നു.