സ്ത്രീകൾക്കെതിരെയുണ്ടാകുന്ന അക്രമങ്ങൾക്കെതിരെ ശബ്ദമുയർത്തി കേരള ലാറ്റിൻ കാത്തലിക് വിമൻസ് അസോസിയേഷന്റെ (കെഎൽസിഡബ്ലുഎ) നേതൃത്വത്തിൽ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു. പാളയം രക്തസാക്ഷി മണ്ഡപത്തിൽ നിന്നാരംഭിച്ച പ്രതിഷേധ ധർണ്ണ കെഎൽസിഡബ്ലുഎ സംസ്ഥാന സെക്രട്ടറി ശ്രീമതി മെറ്റിൽഡ മൈക്കിൾ ഫ്ലാഗ് ഓഫ് ചെയ്തു.
ലഹരി മാഫിയയുടെ പിടിയിലാണ് കേരളമെന്നും, വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം തുറക്കുമ്പോൾ കോർപ്പറേറ്റുകളുടെ നേതൃത്വത്തിൽ വിവിധ ലഹരി മാഫിയകളുടെ ഹംപായി കേരളം മാറുമെന്ന് മോൺ യൂജിൻ എച് പേരെ സെക്രട്ടറിയേറ്റിനു മുന്നിൽ ചേർന്ന പ്രതിഷേധ ധർണ്ണ ഉത്ഘാടനം ചെയ്ത് സംസാരിച്ചു.
ഡോ. വന്ദന ദാസിന്റെ കൊലപാതകത്തിന്റെ പശ്ചാതലത്തിൽ വന്ദനയുടെ കുടുംബാംഗങ്ങളോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചും, കേരളത്തിലെ സ്ത്രീകൾ സുരക്ഷിതരല്ലയെന്ന അവബോധം സൃഷ്ടിക്കുകയാണ് പ്രതിഷേധത്തിലൂടെ ലക്ഷമാക്കുന്നതെന്ന് സംഘാടകർ വ്യക്തമാക്കി. സർക്കാർ താലൂക്ക് ആശുപത്രിയിൽ വച്ച് നടന്ന അക്രമത്തിൽ ഇരയായ ഡോ. വന്ദന ദാസിനെ ചികിത്സിക്കേണ്ട പ്രാഥമിക സൗകര്യങ്ങൾ പോലും ആശുപത്രിയിൽ ലഭ്യമായിരുന്നില്ല എന്ന പശ്ചാത്തലത്തിലാണ് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി ചികിത്സിച്ചതെന്നും, സർക്കാർ ജീവനക്കാരിയായ ഡോക്ടർക്ക് പോലും സുരക്ഷിതത്വം ഉറപ്പുവരുത്താൻ സാധിക്കാത്ത കേരളത്തിൽ, സൗമ്യ വധക്കേസ്, വാളയാർക്കേസ് എന്നിവയൊക്കെ കേരളം മദ്യ-ലഹരി മാഫിയകളുടെ പിടിയിലാണെന്ന് വ്യക്തമാക്കുന്ന തെളിവുകളാണെന്ന് ധർണ്ണ വിലയിരുത്തി.
അതിരൂപത അൽമായ, സാമൂഹിക, മത്സ്യമേഖല, കെസിവൈഎം എന്നിവരും പ്രതിഷേധ ധർണ്ണയിൽ ഐക്യദാർഢ്യം പ്രഖ്യാപിച്ചു. കെഎൽസിഡബ്ലുഎ രൂപത ജനറൽ സെക്രട്ടറി ശ്രീമതി ഷേർളി ജോണി, രൂപത പ്രസിഡന്റ് ശ്രീമതി ജോളി പത്രോസ്, കെഎൽസിഎ രൂപത പ്രസിഡന്റ് ശ്രീ. പാട്രിക് മൈക്കിൾ, ശ്രീമതി പ്രീതി, കെ സി വൈ എം വൈസ് പ്രസിഡന്റ് ശ്രീമതി ഷീബ ജസ്റ്റിൻ എന്നിവർ സംസാരിച്ചു.