ലാസ് വേഗാസ്: ഇക്കൊല്ലത്തെ ‘മിസ്സിസ് അമേരിക്ക 2023’ ആയി തെരഞ്ഞെടുക്കപ്പെട്ട ഹന്നാ നീലെമാന്‍ മത്സരവേദിയില്‍വെച്ച് നടത്തിയ പ്രോലൈഫ് സാക്ഷ്യം മാധ്യമ ശ്രദ്ധ നേടുന്നു. ലാസ് വേഗാസിലെ വെസ്റ്റ്‌ഗേറ്റ് ലാസ് വേഗാസ് റിസോര്‍ട്ട് ആന്‍ഡ് കാസിനോയില്‍ നടന്ന മിസ്സിസ് അമേരിക്കന്‍ 2023 മത്സര വേദിയില്‍വെച്ച് ഏഴു കുട്ടികളുടെ മാതാവായ ഹന്നാ നീലെമാന്‍ ജീവന്റെ മഹത്വം പ്രഘോഷിച്ച് നടത്തിയ പ്രോലൈഫ് സാക്ഷ്യമാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. “എപ്പോഴാണ് നിങ്ങള്‍ ഏറ്റവും കൂടുതല്‍ ശക്തിയുള്ളവളായി തോന്നിയത്” എന്ന അവതാരകയുടെ ചോദ്യത്തിന് മുന്നില്‍ ജീവന്റെ മൂല്യത്തെപറ്റി ഹന്നാ വാചാലയാകുകയായിരിന്നു.
ഏഴ് തവണ പുണ്യാത്മാക്കളെ ഭൂമിയിലേക്ക് ജന്മം നല്കിയപ്പോഴാണ് തന്റെ ശക്തി അനുഭവിച്ചറിഞ്ഞതെന്നും നവജാത ശിശുവിനെ കയ്യിലെടുക്കുമ്പോള്‍ തോന്നുന്ന മാതൃത്വമാകുന്ന അനുഭവവും, അവരെ ഭൂമിയിലേക്ക് കൊണ്ടുവന്നതുമാണ് ഏറ്റവും ശക്തി സംഭരിച്ച അനുഭവമെന്നും ഹന്ന ആയിരങ്ങളെ സാക്ഷിയാക്കി തുറന്നു പറഞ്ഞു. ഈ പ്രതികരണത്തിന് കാഴ്ചക്കാര്‍ക്കിടയില്‍ നിന്നും നിറഞ്ഞ കരഘോഷമാണ് ഹന്നാക്ക് ലഭിച്ചത്. ഹന്നയുടെയും ഭര്‍ത്താവിന്റെയും ഏഴു കുഞ്ഞുമക്കളുടെയും ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ ഏറെ ശ്രദ്ധ നേടിയിരിന്നു.
യൂട്ടായിലെ കാമാസില്‍, ബല്ലേരിന ഫാംസ് എന്ന പേരില്‍ സ്വന്തം ഫാം നടത്തിവരികയാണ് ഇവര്‍. ഭര്‍ത്താവിനൊപ്പം ബ്രസീലില്‍ താമസിക്കുമ്പോള്‍, അവിടത്തെ വിശാലമായ കൃഷിയില്‍ താല്‍പര്യം ജനിച്ച ഹന്നാ അമേരിക്കയിലും വിവിധ വളര്‍ത്തുമൃഗങ്ങളുടെ ഫാം ആരംഭിക്കുകയായിരിന്നു. ഇവരുടെ ഫാമില്‍ നിന്നുമുള്ള ഉല്‍പ്പന്നങ്ങള്‍ ലോകമെമ്പാടമായി വിറ്റഴിക്കപ്പെടുന്നുണ്ട്.
ജൂയിലിയാര്‍ഡ് സ്കൂളില്‍ നിന്നും ഡാന്‍സില്‍ ബാച്ചിലര്‍ ഓഫ് ഫൈന്‍ ആര്‍ട്സ് ബിരുദം നേടിയിട്ടുള്ള ഹന്നാ, മിസ് ന്യൂയോര്‍ക്ക് സിറ്റിയായും, 2021-ല്‍ മിസ്സിസ് യൂട്ടാ ആയും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ഈ വര്‍ഷം അവസാനം നടക്കുന്ന മിസ്സിസ് വേള്‍ഡ് 2023 മത്സരത്തിലും ഹന്നാ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. 40-ലധികം മത്സരാര്‍ത്ഥികളെ പരാജയപ്പെടുത്തിയാണ് ഹന്നാ ‘മിസ്സിസ് അമേരിക്ക 2023’ ആയി തെരഞ്ഞെടുക്കപ്പെട്ടത്.