റോമിലെ ഫ്യുമിച്ചീനോ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ഞായറാഴ്ച രാവിലെ ഫ്രാൻസിസ് പാപ്പാ കാനഡയിലേക്കുള്ള തന്റെ അപ്പോസ്തോലിക യാത്ര ആരംഭിച്ചു. ഇത് ഫ്രാൻസിസ് പാപ്പായുടെ 37 മത് അപ്പോസ്തോലിക യാത്രയാണ്.
സി. റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്
ഞായറാഴ്ച രാവിലെ റോമിൽ നിന്ന് പാപ്പായെയും വഹിച്ചുകൊണ്ട് റോമിലെ സമയം 9.16 ന് പറന്നു പൊങ്ങിയ ഇറ്റാ എയർവേയ്സിന്റെ വിമാനം കാനഡയിലെ എഡ്മൺടണിൽ അവിടത്തെ സമയം11:09 ന് (റോമിൽ സമയം വൈകിട്ട് 7.09; ഇന്ത്യയിൽ രാത്രി 10.39) എത്തിച്ചേർന്നു.
കാനഡയുടെ പ്രധാനമന്ത്രി ജസ്റ്റിൻ ട്രീഡോവും ആൽബർട്ടയുടെ ലഫ്റ്റനൻഡ് ഗവർണ്ണർ സാൽമാ ലഖാനിയും ഉൾപ്പെട്ട പൗര, മത അധികാരികളും ചേർന്ന് പാപ്പായെ ഔദ്യോഗികമായി സ്വീകരിച്ചു. നീണ്ട യാത്രയ്ക്കു ശേഷം അവിടെ നിന്ന് സെന്റ് ജോസഫ് സെമിനാരിയിൽ എത്തി പാപ്പാ വിശ്രമിച്ചു. തിങ്കളാഴ്ച രാവിലെ മുതലാണ് പാപ്പായുടെ പൊതു പരിപാടികൾ ആരംഭിച്ചത്.
മുറിവുണക്കലും അനുരഞ്ജനവും
തന്റെ യാത്രയുടെ ഒരാഴ്ച മുമ്പ് ജൂലൈ 17 ഞായറാഴ്ചയിലെ മദ്ധ്യാഹ്ന പ്രാർത്ഥനയിൽ കാനഡയിലെ തദ്ദേശീയ ജനതയുമായുള്ള അനുരഞ്ജനത്തിന്റെയും മുറിവുണക്കലിന്റെയും പ്രക്രിയയ്ക്ക് അത് സഹായകമാകും എന്ന പ്രത്യാശയിൽ താൻ ഒരു അനുതാപത്തിന്റെ തീർത്ഥാടനമാണ് കാനഡയിൽ ഏറ്റെടുക്കുന്നതെന്ന് പാപ്പാ പറഞ്ഞിരുന്നു.
“നിർഭാഗ്യവശാൽ, പല ക്രൈസ്തവരും ചില സന്യാസസമൂഹങ്ങളിലെ അംഗങ്ങൾ ഉൾപ്പെടെ, മുൻകാലങ്ങളിൽ കാനഡയിൽ സാംസ്കാരിക സ്വാംശീകരണത്തിനായി പ്രവർത്തിക്കുകയും അങ്ങനെ തദ്ദേശിയ സമൂഹങ്ങളെ പലതരത്തിൽ ഗുരുതരമായി ദ്രോഹിക്കുകയും ചെയ്തിട്ടുണ്ട് ” എന്ന് പാപ്പാ ആ അവസരത്തിൽ പറഞ്ഞു.
പാപ്പായുടെ വാക്കുകളുടെ അതേ പ്രതിധ്വനി വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദ്ദിനാൾ പരോളിൻ വത്തിക്കാൻ വാർത്ത മാധ്യമത്തിന് നൽകിയ അഭിമുഖത്തിലും നമുക്കു കേൾക്കാം. കഴിഞ്ഞ മാർച്ച് – ഏപ്രിൽ മാസങ്ങളിൽ കാനഡയിലെ തദ്ദേശിയ ജനവിഭാഗങ്ങളുടെ പ്രതിനിധികളുമായി വത്തിക്കാനിൽ വച്ചു നടന്ന കൂടിക്കാഴ്ചകളുടെ തുടർച്ചയാണ് പാപ്പായുടെ കാനഡ സന്ദർശനം എന്ന് അദ്ദേഹം പറഞ്ഞു.
“സമീപസ്ഥൻ” എന്നതാണ് സന്ദർശനത്തിന്റെ മുഖ്യ പദം എന്ന് ഊന്നിപ്പറഞ്ഞ കർദ്ദിനാൾ വാക്കുകൾകൊണ്ട് മാത്രമല്ല അടുത്തേക്ക് ചെല്ലാനും തന്റെ സാന്നിധ്യം യഥാർത്ഥത്തിൽ പ്രകടിപ്പിക്കാനും പാപ്പാ ആഗ്രഹിക്കുന്നു. തന്റെ സ്വന്തം കൈകൊണ്ട് ആ ജനതകളുടെ കഷ്ടതകൾ സ്പർശിച്ചറിയാനും, അവരോടു ഒരുമിച്ച് പ്രാർത്ഥിക്കാനും അവരുടെ ഇടയിൽ ഒരു തീർത്ഥാടകനാകാനുമാണ് പാപ്പാ പുറപ്പെടുന്നത് എന്ന് കർദ്ദിനാൾ പരോളി൯ അഭിമുഖത്തിൽ അറിയിച്ചു.