ഇറ്റലി: വത്തിക്കാനിൽ നിന്ന് അഞ്ഞൂറിലേറെ കിലോമീറ്റർ അകലെ ഇറ്റലിയുടെ വടക്ക് കിഴക്കായി സ്ഥിതി ചെയ്യുന്ന വെനീസ് സന്ദർശിച്ച് ഫ്രാൻസിസ് പാപ്പ. സ്ത്രീകളുടെ തടവറ സന്ദർശിക്കുകയും അവരെ സംബോധന ചെയ്യുകയും വെനീസിലെ അന്താരാഷ്ട്ര കലാ പ്രദർശനത്തിനെത്തിയിരിക്കുന്ന കലാകാരന്മാരുമായി സംവദിക്കുകയും ചെയ്തു. തുടർന്ന് ആരോഗ്യനാഥയുടെ ബസിലിക്കയിൽ വച്ച് യുവജനങ്ങളുമായി കൂടിക്കാഴ്ച നടത്തി. അതിന് ശേഷം പാപ്പാ വെനീസിലെ വിഖ്യാതമായ വിശുദ്ധ മർക്കോസിൻറെ നാമത്തിലുള്ള ബസിലിക്കയുടെ അങ്കണത്തിലെത്തി ദിവ്യബലി അർപ്പിക്കുകയും വിശുദ്ധ മർക്കോസിന്റെ തിരുശേഷിപ്പ് വണങ്ങുകയും ചെയ്തു. ‘ക്രിസ്തുവിൻറെ സ്നേഹത്തിൽ നിലനിൽക്കുക’ എന്നതാണ് ഈ യാത്രയുടെ മുദ്രാവാക്യം.
എല്ലാവരും ദിവസം മുഴുവനും അവരവരുടെ മൊബൈൽ ഫോണുകളിലാണ് സമയം ചെലവഴിക്കുന്നത്. നിങ്ങൾ ടിവി ഓഫ് ചെയ്ത് സുവിശേഷം തുറക്കുക, മൊബൈൽ ഫോണുകൾ ഒഴിവാക്കി ആളുകളിലേക്കിറങ്ങുകയെന്ന് പാപ്പ പറഞ്ഞു. ദൈവത്തെ സഹായിക്കാൻ യുവാക്കൾ ഒഴുക്കിനെതിരെ തുഴയണം. ആദ്യം അത് അൽപ്പം കഠിനമാകുമെങ്കിലും സാവധാനം ശരിയാകുമെന്നും പാപ്പ പറഞ്ഞു. ജീവൻ ആവശ്യപ്പെടുന്നത് നൽകാനാണ്, നിയന്ത്രിക്കാനല്ല; ആത്മാവിനെ മരവിപ്പിക്കുന്ന സോഷ്യൽ മീഡിയയുടെ ഹിപ്നോട്ടിക് ലോകത്ത് നിന്ന് നമ്മൾ പുറത്തുകടക്കണമെന്നും പാപ്പ ഓർമിപ്പിച്ചു.