ഛത്തീസ്ഗഢ്: ക്രിസ്ത്യൻ മിഷനറി പ്രവർത്തനങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കാൻ സുക്മ ജില്ലയിലെ എല്ലാ പ്രാദേശിക സ്റ്റേഷനുകൾക്കും നിർദ്ദേശം നൽകികൊണ്ട് പോലീസ് സൂപ്രണ്ടിന്റെ വിവാദ സർക്കുലർ. സുക്മ ജില്ലയിലെ പോലീസ് സൂപ്രണ്ട് സുനിൽ ശർമയാണ് തന്റെ കീഴിലുള്ളവർക്കും എല്ലാ പ്രാദേശിക സ്റ്റേഷനുകളുടെയും ചുമതലയുള്ള ഉദ്യോഗസ്ഥർക്ക് ക്രിസ്ത്യൻ മിഷനറിമാരുടെയും ക്രിസ്തുമതം സ്വീകരിച്ചവരെയും സൂക്ഷ്മമായി നിരീക്ഷിക്കാൻ നിർദ്ദേശം നൽകിയത്.
ആദിവാസി ക്രിസ്ത്യാനികളും ക്രിസ്ത്യൻ മിഷനറിമാരും ജില്ലയിലെ പല പ്രദേശങ്ങളിലും ഗോത്രവർഗക്കാരെ മതപരിവർത്തനത്തിനായി പതിവായി പ്രവർത്തിക്കുന്നു. മതപരിവർത്തനം നടത്താൻ ക്രിസ്ത്യൻ മിഷനറിമാർ ഗോത്രക്കാരെ വശീകരിക്കാൻ ശ്രമിക്കുന്നു, ഇത് പ്രാദേശത്തെ ആദിവാസികളും ക്രിസ്ത്യാനികളും തമ്മിലുള്ള സംഘർഷ സാധ്യത വർദ്ധിപ്പിക്കുന്നു. അതുകൊണ്ട് ക്രിസ്ത്യൻ മിഷനറിമാരുടെയും ജില്ലയിൽ താമസിക്കുന്ന ഗോത്രവർഗക്കാരുടെയും പ്രവർത്തനങ്ങൾ നിരന്തരം നിരീക്ഷിക്കാനും അവരുടെ പ്രവർത്തനങ്ങളിൽ സംശയാസ്പദമായതെന്തെങ്കിലും തോന്നിയാൽ റിപ്പോർട്ട് ചെയ്യാനും വിവാദ സർക്കുലർ പറയുന്നു.
“അധികാരപരിധിയിലുള്ള ജില്ലയിലെ സാമൂഹിക സംഘർഷങ്ങൾക്ക് പ്രധാന കാരണം ക്രിസ്ത്യൻ മിഷനറിമാരുടെ പ്രവർത്തനമാണ് എന്ന ആരോപണം തികച്ചും അപലപനീയമാണെന്നും, ക്രിസ്ത്യൻ മിഷനറിമാർ സമൂഹത്തിന് വേണ്ടി ഒന്നും ചെയ്തിട്ടില്ല എന്ന മട്ടിൽ പ്രവർത്തിക്കുന്നതും, മതപരിവർത്തനം നടത്തുന്നു എന്നതിന്റെ മറവിൽ ക്രിസ്ത്യൻ മിഷനറിമാരെ ലക്ഷ്യമിടുന്നതും ചില സംഘടനകളുടെയും ഭരണസംവിധാനത്തിലെ ചിലരുടെയും പതിവാണെന്നും.” കത്തോലിക്കാ ബിഷപ്പ് കോൺഫറൻസിന്റെ മുൻ വക്താവ് ഡോ. ബാബു ജോസഫ് എസ്‌വിഡി പറഞ്ഞു.
ഇത്തരം വ്യാജആരോപണങ്ങളെ നാം ചെറുക്കണം. ഞങ്ങളുടെ ഗോത്ര സഹോദരീസഹോദരന്മാർ എല്ലാവരേയും പോലെ ഈ രാജ്യത്തിലെ മാന്യരായ പൗരന്മാരാണ്, മാത്രമല്ല അവരുടെ മതവിശ്വാസവും ജീവിതരീതിയും നിർണ്ണയിക്കാൻ അവർക്ക് പൂർണ്ണ അവകാശവുമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.