തിരുവനന്തപുരം: കെ.സി.ബി.സി യുവജന വർഷത്തോടനുബന്ധിച്ച് ‘പുണ്യപഥം’ എന്നപേരിൽ നടത്തുന്ന കേരള മണ്ണിലെ വിശുദ്ധരുടെയും ധന്യരുടെയും ദൈവദാസരുടെയും പുണ്യസ്ഥലങ്ങളിലൂടെയുള്ള യുവജനങ്ങളുടെ തീർത്ഥാടനത്തിന് തുടക്കമായി. ജനുവരി 11 വ്യാഴാഴ്ച ദൈവദാസൻ മാർ ഇവാനിയോസിന്റെ കബറിടത്തിങ്കൽ നിന്ന് ആരംഭിച്ച യാത്ര പാങ്ങോട് കാർമ്മൽ ആശ്രമത്തിലെ ദൈവദാസൻമാരായ അലോഷ്യസ് മരിയ ബൻസിഗർ, അദേയദാത്തൂസ് എന്നിവരുടെ കബറിടങ്ങളിലെത്തിച്ചേർന്നു.
യുവജനകമ്മീഷൻ ചെയർമാനും തിരുവനന്തപുരം ലത്തീൻ അതിരൂപത സഹായ മെത്രാനുമായ ബിഷപ് ക്രിസ്തുദാസ് ആർ, തിരുവനന്തപുരം മേജർ അതിരൂപത മലങ്കര സഹായ മെത്രാൻ ബിഷപ് ഡോ. മാത്യൂസ് മാർ പോളികാർപ്പസ്, കെ.സി.വൈ.എം. സംസ്ഥാന ഡയറക്ടർ റവ. ഫാ. സ്റ്റീഫൻ തോമസ് ചാലക്കര, തിരുവനന്തപുരം അതിരൂപത അസി. ഡയറക്ടർ റവ. ഫാ. ഡാർവിൻ ഫെർണാണ്ടസ് തുടങ്ങി വിവിധ രൂപതകളിൽ യുവജന ശുശ്രൂഷയ്ക്ക് നേതൃത്വം നൽകുന്ന വൈദീകരും യുവജന പ്രതിനിധികളും പങ്കെടുത്തു. വരുംദിവസങ്ങളിൽ ഈ നൂറ്റാണ്ടിന്റെ യുവവിശുദ്ധൻ കാർലോസ് അക്യുട്ടിസിന്റെ തിരുശേഷിപ്പും വഹിച്ചുകൊണ്ടുള്ള പുണ്യപഥം തീർഥയാത്ര കേരള കത്തോലിക്കാസഭയിലെ യുവജനങ്ങൾ 32 രൂപതകളിലെയും പുണ്യസ്ഥലങ്ങളിൽ എത്തിച്ചേരും.
കേരള സഭാനവീകരണത്തോടനുബന്ധിച്ചാണ് കെ.സി.ബി.സി യുവജന കമ്മിഷൻ 2024 യുവജനവർഷമായി ആചരിക്കുന്നത്. പുണ്യപഥം തീർഥയാത്ര കൂടാതെ യൂ-ക്യാറ്റ്/ ഡൂ-ക്യാറ്റ് യുവപരിശീലകർക്കുള്ള പരിശീലനം, യൂത്ത് കൺവൻഷനുകൾ, പ്രവാസികളായ യുവജനങ്ങൾക്കായി ഓൺലൈൻ കൺവൻഷനുകൾ, യുവജന ശുശ്രൂഷകളിൽ ഏർപ്പെട്ടിരിക്കുന്ന വൈദീകർക്കും സന്യസ്തർക്കുമുള്ള പരിശീലനം, അമച്ച്വർ നാടക മത്സരം തുടങ്ങി യുവജനങ്ങളുടെ രൂപീകരണത്തിനും പരിശീലനത്തിനും ഉതകുന്ന വിവിധ പരിപാടികളാണ് യുവജനവർഷത്തിൽ കെ.സി.ബി.സി യുവജന കമ്മിഷൻ വിഭാവനം ചെയ്തിരിക്കുന്നത്