വെള്ളയമ്പലം: യുദ്ധങ്ങളുടെയും കലാപങ്ങളുടേയും പ്രധാന ഇരകള്‍ എന്നും സ്ത്രീകളും കുട്ടികളുമാണ്. മണിപ്പൂരിലും സ്ഥിതിഗതികളില്‍ യാതൊരു മാറ്റവുമില്ല. കേന്ദ്ര സര്‍ക്കാര്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ച കണക്കുകളിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. വംശീയ കലാപത്തെ തുടര്‍ന്ന് മണിപ്പൂരില്‍ 14,000 ത്തിലേറെ കുട്ടികളാണ് ദുരിതം അനുഭവിക്കുന്നത് എന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ കണക്കുകള്‍.
മണിപ്പൂർ കലാപത്തിൽ ഇരകളായ കുട്ടികൾക്ക് സുരക്ഷിത ഭാവി ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് വെള്ളയമ്പലം ഇടവക ചൈൽഡ് പാർലമെന്റിലെ കുട്ടികൾ കേരള ഗവർണർക്ക് നിവേദനം നൽകി. ഇക്കഴിഞ്ഞ ദിവസം കുട്ടികൾ രാജ്ഭവൻ സന്ദർശിച്ച് ഗവർണറെ നേരിൽ കണ്ടാണ് നിവേദനം സമർപ്പിച്ചത്. കേരള ഗവർണർ ബഹു. ആരിഫ് മുഹമ്മദ് ഖാൻ കുട്ടികളെ സ്നേഹപൂർവ്വം സ്വീകരിക്കുകയും അവരെ ശ്രദ്ധാപൂർവ്വം ശ്രവിക്കുകയും ചെയ്തു. കുട്ടികളുടെ ന്യായമായ ആവശ്യം വേണ്ടപ്പെട്ടവരുടെ ശ്രദ്ധയില്പ്പെടുത്തുകയും നടപടികൾ കൈക്കൊള്ളുകയും ചെയ്യുമെന്ന ഉറപ്പും നല്കി.
ഗവർണറുമായുള്ള കൂടിക്കാഴ്ചയിൽ കുട്ടികളോടൊപ്പം റീജിയണൽ ആനിമേറ്റർ ശ്രീമതി റീന ആന്റണി, വെള്ളയമ്പലം ഇടവക ട്രഷറർ അഡ്വ. സജിത്ത്, ശ്രീ. ക്ളീറ്റസ് മിഖായേൽ, സാമൂഹ്യ ശുശ്രൂഷ എക്സിക്യുട്ടീവ് മെമ്പർ ശ്രീ ഡേവിഡ്, സാമൂഹ്യ ശുശ്രൂഷ വെള്ളയമ്പലം ഇടവക വൈസ് പ്രസിഡന്റ് ശ്രീ. എൻ. എൻ. മണി, ബി സി സി കോർഡിനേറ്റർ ശ്രീ. ജസ്റ്റിൻ ലൂയിസ്, സാമൂഹ്യ ശുശ്രൂഷ സെക്രട്ടറി ഡോ. ക്രിസ്സ് ജോർജ്ജ്, എസ്. എച്ച്. ജി സെക്രട്ടറി ശ്രീ. ജോജി ജയരാജ് എന്നിവരുടെ സാന്നിധ്യവും ഉണ്ടായിരുന്നു.