വെള്ളയമ്പലം: അതിരൂപതയിലെ ദൈവാലയങ്ങളിൽ ശുശ്രൂഷ ചെയ്യുന്ന ഉപദേശിമാരുടെ കൂടിവരവ് ഇന്ന് (20.12.2023) രാവിലെ വെള്ളയമ്പലം ആനിമേഷൻ സെന്ററിൽ നടന്നു. ക്രിസ്തുമസ് ആഘോഷത്തോടനുബന്ധിച്ച് നടന്ന സംഗമത്തിൽ ചാൻസിലർ മോൺ. സി. ജോസഫ് മുഖ്യാഥിതിയായിരുന്നു.
ബൈബിൾ പ്രതിഷ്ഠ, ബൈബിൾ വന്ദനം, പ്രാർത്ഥന എന്നിവയ്ക്ക് പാസ്റ്ററൽ മിനിസ്ട്രി അസ്സി. ഡയറക്ടർ ഫാ. ഡാർവ്വിൻ നേതൃത്വം നൽകി. ‘അത്യുന്നതങ്ങളിൽ ദൈവത്തിനു മഹത്വം ഭൂമിയിൽ സന്മനസ്സുള്ളവർക്ക് സമാധാനം’ എന്ന ബൈബിൾ വാക്യത്തെ ഓർമ്മപ്പെടുത്തി നല്ല മനസ്സ് രൂപപ്പെടുത്തി ക്രിസ്തുമസ്സ് ആഘോഷിക്കാൻ ഒരുങ്ങാൻ തയ്യാറാവാമെന്ന് തന്റെ സന്ദേശത്തിൽ മോൺ. ജോസഫ് പങ്കുവച്ചു. കുടുംബത്തിൽ സന്തോഷവും സമാധാനവും നിലനിർത്തി സ്നേഹത്തിന്റെയും സമാധാനത്തിന്റെയും ഒരു കൈത്തിരി നാളമാകാൻ എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ എന്ന് ആശംസിക്കുകയും ചെയ്തു.
തുടർന്ന് ഇടവകപ്രവർത്തനങ്ങളുടെ അനുഭവങ്ങൾ പങ്കുവയ്ക്കുന്നതിന് അജപാലന ശുശ്രൂഷ ഡയറക്ടർ ഫാ. ഷാജു വില്ല്യം നേതൃത്വം നൽകി. ക്രിസ്തുമസ്സ് സമ്മാനമായി വചനം-2024 ബൈബിൾ ഡയറി വിതരണം ചെയ്തു.