പുല്ലുവിള : പുല്ലുവിള ഇടവകയിൽ ശ്രദ്ധേയമായി ‘സ്റ്റുഡന്റ് ടീച്ചേഴ്സ് ഡേ’. വിദ്യാർത്ഥികളിൽ നേതൃഗുണവും അധ്യാപന അഭിരുചിയും വളർത്തുന്നതിനായി പുല്ലുവിള ഇടവക മതബോധന യൂണിറ്റ് ‘സ്റ്റുഡന്റ് ടീച്ചേഴ്സ് ഡേ’ സംഘടിപ്പിച്ചു. 8-ാം ക്ലാസ് മുതലുള്ള ക്ലാസ്സുകളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികളാണ് ഈ ദിനത്തിൽ അധ്യാപകരായത്. പരിശീലനത്തിനുശേഷം ക്ലാസ് മുറികളിലെത്തിയ വിദ്യാർത്ഥി അധ്യാപകർ പാഠഭാഗങ്ങൾ മികവോടെ അവതരിപ്പിച്ചു.
സ്റ്റുഡന്റ് പ്രിൻസിപ്പലായി അഖിനെയും സെക്രട്ടറിയായി വൃന്ദയെയും തിരഞ്ഞെടുത്തു. ഞായറാഴ്ച രാവിലെ നടന്ന ദിവ്യബലിക്കും അസംബ്ലിക്കും വിദ്യാർത്ഥി അധ്യാപകർ തന്നെ നേതൃത്വം നൽകി. ക്ലാസ്സുകൾക്കുശേഷം നടന്ന അവലോകന യോഗത്തിൽ ഇടവക വികാരി ഫാ. ആന്റണി S B- യും അധ്യാപകരും മതബോധന ഡയറക്ടർ ഫാ. റീഗൻ ചാൾസും കുട്ടികളുടെ പ്രകടനത്തെ അഭിനന്ദിച്ചു. വർഷത്തിൽ ഒരു തവണ എന്നതിലുപരി എല്ലാ സെമസ്റ്ററുകളിലും ഇത്തരം പരിപാടികൾ സംഘടിപ്പിക്കുന്നത് കുട്ടികളുടെ ആത്മവിശ്വാസം വർദ്ധിപ്പിക്കുമെന്ന് യോഗം വിലയിരുത്തി.
