പരുത്തിയൂർ: പരുത്തിയൂർ ഇടവക നടപ്പിലാക്കുന്ന സാന്ത്വനം പദ്ധതിയുടെ സാക്ഷാത്കാരത്തിനായി ജൂബിലി മെമ്മോറിയൽ ആശുപത്രി ആരോഗ്യപ്രവർത്തകർക്ക് പരിശീലനം നൽകി. ഭവനങ്ങളിൽ കഴിയുന്ന കിടപ്പ് രോഗികൾക്ക് പരിചരണം നൽകുന്നതാണ് സാന്ത്വനം പദ്ധതി. 140 വോളന്റിയേഴ്സാണ് ആരോഗ്യ പരിചരണം നൽകി പദ്ധതിയിൽ പങ്കാളികളാകുന്നത്.
ആരോഗ്യപ്രവർത്തകരായി സേവനമനുഷ്ഠിക്കുന്നവർക്കു വേണ്ടിയുള്ള പരിശീലനം ആഗസ്റ്റ് 10 ഞായറാഴ്ച ജൂബിലി മെമ്മോറിയൽ ആശുപത്രിയുടെ നേതൃത്വത്തിൽ നടന്നു. ജീവിതശൈലി രോഗങ്ങൾ, മാറിയ ഭക്ഷണ രീതിയും രോഗങ്ങളും, ഹൈപ്പർ ഗ്ലൈസീമിയ, ഹൈപ്പോഗ്ലൈസീമിയ, സിപിആർ ട്രെയിനിങ്, ഇൻസുലിൻ പെൻഡെമോൺസ്ട്രേഷൻ, പ്രഥമ ശുശ്രൂഷ എന്നിവയിലാണ് പരിശീലനം നടന്നത്. പരിപാടിയിൽ ജൂബിലി ആശുപത്രി ഡയറക്ടർ ഫാ. ലെനിൻ രാജ്, പരുത്തിയൂർ ഇടവക വികാരി ഫാ. ഡേവിഡ്സൻ ജസ്റ്റസ് എന്നിവർ സന്നിഹിതരായിരുന്നു. ജൂബിലി ആശുപത്രിയിലെ ഡോ. ജോൺസി ജോസഫ്, രമ്യ (ഡയറ്റീഷ്യൻ), സിസ്റ്റർ സരിറ്റാ ഫിലിപ്പ് (നഴ്സിംഗ് സൂപ്രണ്ട്), ലക്ഷ്മി (നഴ്സിംഗ് സൂപ്പർവൈസർ), ഫാ. ലെനിൻ രാജ് എന്നിവർ വിവിധ വിഷയങ്ങളിൽ ക്ലാസ്സുകൾക്കും, പ്രവർത്തനങ്ങൾക്കും നേതൃത്വം നൽകി.