പരുത്തിയൂർ: പരുത്തിയൂർ ഇടവകയിലെ ഉദയാ ഗേൾസ് ഫുട്ബോൾ അക്കാദമിയിൽ പരിശീലനം ലഭിച്ച 15 വനിതകൾ വിവിധ ജില്ലാ ഫുട്ബാൾ ടീമുകളിൽ ഇടം നേടി. തിരുവനന്തപുരം ജില്ല ജൂനിയർ ടീമിൽ ലയ, ജിതിക, അക്ഷയ എന്നിവരും സബ് ജൂനിയർ ടീമിൽ വിസ്മയ (ക്യാപ്റ്റൻ) ലെന, നേഹ, അലന്യ, ഷെറീന എന്നിവരും പത്തനംതിട്ട ജൂനിയർ ടീമിൽ അർച്ചന, ബിബിത, ജാനു എന്നിവരും സബ് ജൂനിയർ ടീമിൽ ഹണി, മിത്ര, ആഞ്‌ജലീന ജൂലി എന്നിവരും സീനിയർ ടീമിൽ രജീഷ എന്നിങ്ങനെ 15 പേരാണ് ഇടം നേടിയത്.
‘ഇവാ നോവയുടെ’ സാമ്പത്തിക സഹായത്തോടെ 2001 മുതലാണ് പെൺകുട്ടികൾക്കുള്ള ഫുട്ബോൾ പരിശീലനം ആരംഭിച്ചത്. 20 പെൺകുട്ടികളിൽ നിന്നും ആരംഭിച്ച ‘ഉദയാ ഗേൾസ് ഫുട്ബോൾ അക്കാദമി’ ഇന്ന് 60-ലധികം പെൺകുട്ടികൾക്ക് പരിശീലനം നൽകുന്നു. ഉദയ ഗേൾസ് ഫുട്ബോൾ അക്കാദമി ദേശീയ തലത്തിൽ മിസ് ലയ എന്ന കളിക്കാരിയെയും സൃഷ്ടിച്ചിട്ടുണ്ട്. ദേശീയ ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ റണ്ണറപ്പായ കേരള ടീമിനായാണ് ലയ ബൂട്ടണിഞ്ഞത്.

