തിരുവനന്തപുരം: ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പ്രകൃതി സംരക്ഷണത്തിനും കാർഷിക സംസ്കാരത്തിനും പ്രാധാന്യം നൽകി കെ.സി.വൈ.എം നെല്ലിയോട് യൂണിറ്റ് കഴിഞ്ഞ രണ്ടു വർഷമായി നടത്തിവരുന്ന ‘ഏദൻ പദ്ധതി’ സെന്റ് വിൻസന്റ് സെമിനാരിയിൽ തുടക്കംകുറിച്ചു. “വിയാ വിരിഡിസ്” (Via Viridis) എന്ന പേരിലാണ് സെമിനാരിയിൽ പദ്ധതി നടപ്പിലാക്കിയത്. സെമിനാരിയിലെ ഉപയോഗശൂന്യമായി കിടന്ന സ്ഥലം വൃത്തിയാക്കി കൃഷിക്ക് അനുയോജ്യമാക്കിയാണ് നെല്ലിയോട് ഇടവകയിലെ യുവജനങ്ങൾ മാതൃകയായത്. വൃത്തിയാക്കിയ സ്ഥലത്ത് കപ്പ, ചീര, ചേന, ചേമ്പ് തുടങ്ങിയ വിളകൾ നട്ടു.
പ്രകൃതി സംരക്ഷണം ആത്മീയ വളർച്ചയുടെ ഭാഗമാണെന്ന സന്ദേശം പകരുന്നതാണ് ഈ പദ്ധതിയെന്ന് നേതൃത്വം നൽകുന്ന ഇടവക വികാരി ഫാ. വിജിൽ ജോർജ്ജ് പറഞ്ഞു. ഏദൻ പദ്ധതിയുടെ ഭാഗമായി നേരത്തെ സീഡ് ബോൾ വിതരണം, ഇടവകയിലെ വീടുകളിൽ പച്ചക്കറി തൈ വിതരണം, വഴിയരികിൽ സൗജന്യമായി പച്ചക്കറി തൈ വിതരണം, പേട്ട റെയിൽവേ സ്റ്റേഷൻ ഗാർഡൻ ക്ലീനിങ്, ജമന്തി കൃഷി തുടങ്ങിയ നിരവധി പരിസ്ഥിതി സൗഹൃദ പ്രവർത്തനങ്ങൾ കെസിവൈഎം നെല്ലിയോട് യൂണിറ്റ് നടത്തിവരുന്നുണ്ട്. യുവതലമുറ കൃഷിയിലേക്ക് തിരിയേണ്ടതിൻ്റെ പ്രാധാന്യമാണ് നെല്ലിയോട് കെ.സി.വൈ.എം പദ്ധതിയിലൂടെ സമൂഹത്തിന് പകർന്നുനല്കുന്നത്.