വട്ടിയൂർക്കാവ്: വട്ടിയൂർക്കാവ് ഫെറോന ലിറ്റിൽ ഫ്ളവർ ദൈവാലയത്തിൽ വിശുദ്ധ കൊച്ചുത്രേസ്യായുടെ ജീവിതം വരച്ചുകാട്ടുന്ന എക്സിബിഷൻ നടന്നു. ജൂൺ 29 ഞായർ ദിവ്യബലിക്ക് ശേഷം പാരിഷ് ഹാളിൽ വച്ച് നടന്ന എക്സിബിഷൻ ഇടവക വികാരി ഫാ. ലോറൻസ് കുലാസ് ഉദ്ഘാടനം ചെയ്തു. ഇടവകയിലെ യുവജനങ്ങളും മതബോധന സമിതിയുമാണ് എക്സിബിഷന് നേതൃത്വം നൽകിയത്.
വിശുദ്ധ കൊച്ചുത്രേസ്യ വിശുദ്ധയായി പ്രഖ്യാപിക്കപ്പെട്ടതിൻ്റെ ശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി ഒരുക്കിയ എക്സിബിഷനിൽ വിശുദ്ധയുടെ ജീവിതത്തിലെ ഓരോ ഏടും ഹൃദയസ്പർശിയായ ചിത്രങ്ങളിലൂടെയും വിവരണങ്ങളിലൂടെയും വിശ്വാസികൾക്ക് പകർന്നു നൽകി. വി. കൊച്ചുത്രേസ്യയുടെ പ്രാർത്ഥനകൾ, പുസ്തകങ്ങൾ, മാസികകൾ, ചിത്രങ്ങൾ, ഇടവകാംഗങ്ങളുടെ കലാസൃഷ്ടികൾ എന്നിവ ഈ പ്രദർശനത്തിന് മികവേകി. തുടർന്ന് മതബോധന സമിതി ഒരുക്കിയ ക്വിസ്മത്സരവും നടന്നു. എക്സിബിഷൻ ഒരുക്കുന്നതിന് നെല്ലിയോട് ഇടവകയിലെ യുവജനങ്ങളുടെ പങ്കാളിത്തവുമുണ്ടായിരുന്നു. ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് ഇടവകയിൽ വിശുദ്ധ കൊച്ചുത്രേസ്യയുടെ തിരുശേഷിപ്പ് സ്ഥാപിച്ചത്.