പുതിയതുറ: കൊച്ചെടത്വാ, പൊറ്റയിൽ പള്ളി എന്നീ പേരുകളിൽ അറിയപ്പെടുന്ന പ്രമുഖ തീര്‍ഥാടന കേന്ദ്രമായ പുതിയതുറ സെന്റ് നിക്കൊളാസ് ദേവാലയത്തില്‍ 2025 ഏപ്രിൽ 25 മുതൽ 2025 മേയ് 04 വരെ നടക്കുന്ന വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ തിരുനാളോട് അനുബന്ധിച്ചു വിവിധ സർക്കാർ വകുപ്പുകളുമായും ജനപ്രതിനിധികളുമായും ഏകോപന യോഗം നടന്നു. ഇടവക വികാരി റവ. ഡോ. ഗ്ലാഡിൻ അലക്സിൻ്റെ അദ്ധ്യക്ഷത യോഗം കോവളം എം.എൽ.എ അഡ്വ. എം. വിൻസെന്റ് ഉദ്‌ഘാടനം ചെയ്‌തു.
തിരുനാള്‍ ദിനങ്ങളില്‍ കെഎസ്‌ആര്‍ടിസി പൂവാര്‍, വിഴിഞ്ഞം, നെയ്യാറ്റിന്‍കര ഡിപ്പോകളിൽ നിന്നും സ്പെഷ്യൽ സര്‍വീസുകള്‍ നടത്തും. പൊഴിയൂര്‍ – അഞ്ചുതെങ്ങ്, പൊഴിയൂർ – പെരുമാതുറ സര്‍വീസുകൾ വിപുലമാക്കാനും, പൂവാര്‍ – പുല്ലുവിള – കാഞ്ഞിരംകുളം – നെയ്യാറ്റിന്‍കര വരെയും പുതിയതുറ – ലൂര്‍ദുപുരം വഴി തിരുവനന്തപുരത്തേയ്‌ക്കും സര്‍വീസുണ്ടാകും.
കൊടിയേറ്റു ദിനത്തിലും തീർത്ഥാടനത്തിൻ്റെ അവസാനത്തെ 3 ദിവസങ്ങളിലും വനിതാ പോലീസുൾപ്പെടെ കൂടുതൽ പോലീസുകാരെ വിന്യസിച്ച് സുരക്ഷയും ഗതാഗത ക്രമീകരണവും നടത്തും. പൊതുമരാമത്ത്, വാട്ടര്‍ അതോറിറ്റി, വൈദ്യുതി ബോര്‍ഡ് തുടങ്ങിയ വിഭാഗങ്ങള്‍ തിരുനാളിനു മുന്‍പ് അറ്റകുറ്റപ്പണികള്‍ തീര്‍ക്കും. എക്‌സൈസ് , പോലീസ്, കോസ്റ്റൽ പോലീസ് എന്നിവർ സംയുക്തമായി ലഹരിക്കെതിരെ നടപടികള്‍ ഊര്‍ജിതമാക്കും.
തിരുനാൾ ദിനങ്ങളിൽ ഇരുപത്തിനാല് മണിക്കൂറും പ്രവർത്തിക്കുന്ന മെഡിക്കല്‍ ടീം സജ്ജമാക്കാനും ധാരണയായി. ആംബുലന്‍സ്, ഡോക്‌ടര്‍ ഉള്‍പ്പെടെയുള്ളവരുടെ സേവനങ്ങള്‍ ഉറപ്പു വരുത്തും. തഹൽസീദാർ, വില്ലേജ് ഓഫീസർ തുടങ്ങിയവർ സര്‍ക്കാരിന്റെ ഇതര വകുപ്പുകളുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കും. ജനപ്രതിനിധികള്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കും. സർക്കാർ പുറപ്പെടുവിച്ചുട്ടുള്ള ഹരിത ചട്ടങ്ങൾ പാലിച്ച് കൊണ്ടാണ് തിരുനാൾ ആഘോഷിക്കുന്നത്.
അതിയന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് എൽ. റാണി, ഡെപ്യൂട്ടി കളക്ടർ ജി. ശ്രീകുമാർ, കരുംകുളം പഞ്ചായത്ത് പ്രസിഡൻറ് ഫ്രീഡ സൈമൺ, കരുംകുളം പഞ്ചായത്ത് സെക്രട്ടറി ഡോ. ഷീബ, സഹവികാരി ഫാ. ഫ്രഡി വർഗ്ഗീസ്, ഉത്സവ കമ്മറ്റി സെക്രട്ടറി റ്റി. രാജു, ഇടവക കമ്മറ്റി സെക്രട്ടറി ജെയിംസ് സഹായം, ഫിനാൻസ് കമ്മറ്റി സെക്രട്ടറി തോമസ് ലോപ്പസ്, വിവിധ സർക്കാർ വകുപ്പ് മേധാവികൾ, പഞ്ചായത്ത്, ബ്ലോക്ക് ജനപ്രതിനിധികൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു.