രൂപതാസ്‌ഥാപനത്തിന്റെ രജത ജൂബിലി ആഘോഷിക്കുന്ന: നെയ്യാറ്റിൻകര ലത്തീൻ രൂപതയ്ക്ക് ജൂബിലി സമ്മാനവുമായി ബാലരാമപുരം ഫൊറോനാ ഇടവക. നെയ്യാറ്റിൻകര രൂപതയിലെ പ്രസിദ്ധ തീർഥാടന കേന്ദ്രം കൂടിയായ ബാലരാമപുരം വി. സെബസ്ത്യാനോസ് ഫൊറോനാ ഇടവകയിൽ പുതുതായി പണികഴിപ്പിച്ച നിത്യസഹായ മാതാവിന്റെ കുരിശടി ആശീർവാദം 2021 ഒക്ടോബർ 14 വ്യാഴാഴ്ച വൈകുന്നേരം 5 മണിക്ക് നെയ്യാറ്റിൻകര രൂപത മെത്രാൻ ഡോ. വിൻസെന്റ് സാമുവൽ നിർവഹിക്കും. ജൂബിലി ആഘോഷിക്കുന്ന നെയ്യാറ്റിൻകര രൂപതയ്ക്ക് സ്നേഹസമ്മാനമായിട്ടാണ് ഇടവകയുടെ നേതൃത്വത്തിൽ കുരിശടി നിർമിച്ചത്.
ബാലരാമപുരം വിഴിഞ്ഞം റോഡിൽ സെന്റ് സെബാസ്റ്റ്യൻ ഓഡിറ്റോറിയത്തിന് സമീപമാണ് നിത്യസഹായ മാതാവിന്റെയും വി. സെബസ്ത്യാനോസിന്റെയും തിരുഹൃദയ ഈശോയുടെയും രൂപങ്ങളോടുകൂടിയ കുരിശടി സ്‌ഥാപിച്ചിരിക്കുന്നത്. ആശീർവാദത്തിനു ശേഷം കുരിശടിക്ക് മുന്നിൽ നിത്യസഹായ മാതാവിനോടുള്ള നൊവേന പ്രാർഥനയും ദേവാലയത്തിൽ പ്രത്യേക ദിവ്യബലിയും ഉണ്ടായിരിക്കും. രണ്ടു നൂറ്റാണ്ടോളം പഴക്കമുള്ള ബാലരാമപുരം ഇടവകയുടെ തീർഥാടന ദേവാലയത്തിന്റെ പുനരുദ്ധാരണത്തോടനുബന്ധിച്ചു ഇക്കഴിഞ്ഞ ഓഗസ്റ്റ് 15ന് പരിശുദ്ധ കന്യാമറിയത്തിന്റെ സ്വർഗാരോപണ തിരുനാൾ ദിനത്തിലാണ് കുരിശടിയുടെ ശിലാസ്‌ഥാപനം നടത്തിയത്. നിത്യസഹായ മാതാവിന്റെ നാമധേയത്തിൽ നെയ്യാറ്റിൻകര രൂപതയിലെ രണ്ടാമത്തെ കുരിശടിയാണിത്.