“അപ്പോസ്തലന്മാരിൽ നിന്ന് ലഭിച്ച ഈ പാരമ്പര്യം പരിശുദ്ധാത്മാവിൻ്റെ സഹായത്താൽ സഭയിൽ വളർന്നുകൊണ്ടിരിക്കുന്നു. കാരണം പരമ്പരാഗതമായി നൽകപ്പെട്ടിട്ടുള്ള യാഥാർത്ഥ്യങ്ങളുടെയും ചലനങ്ങളുടെയും ഗ്രഹണത്തിൽ വളർച്ച ഉണ്ടായിട്ടുണ്ട്” (രണ്ടാം വത്തിക്കാൻ കൗൺസിൽ, ദൈവാവിഷ്കരണം, നമ്പർ 8).
ദൈവാവിഷ്കരണം അല്ലെങ്കിൽ ദൈവിക വെളിപ്പെടുത്തൽ പൂർണ്ണമാണ്. എന്നാൽ അതിനെ പൂർണ്ണമായ അർത്ഥത്തിൽ നാം മനസ്സിലാക്കിയിട്ടില്ല. ഓരോരോ സാഹചര്യങ്ങളിൽ മാത്രമാണ് ഇത് കൂടുതൽ വ്യക്തമായി സഭ പ്രഖ്യാപിക്കുന്നത് എന്നതാണ് ഈ പ്രബോധനം കൊണ്ട് അർത്ഥമാക്കുന്നത്.
സഭയുടെ ജീവിതം ‘റീ ഓറിയൻ്റേഷനാണ്’. പൂർണ്ണതയിൽ നിന്ന് പൂർണ്ണതയിലേക്ക് സഭ വളർന്നുകൊണ്ടിരിക്കുന്നു. പഴയ പലതിനെയും കൂടുതൽ മെച്ചമായി മനസ്സിലാക്കി സഭ യാത്ര തുടരുന്നു. ഈയൊരു സത്യം അടിസ്ഥാനപരമായി ചില ധാരണകൾ ഉള്ളിൽ സൂക്ഷിക്കുവാൻ കത്തോലിക്കരെ ചുമതലപ്പെടുത്തുന്നു.
ഒരു ആത്മീയ സത്യം ഉറപ്പിക്കുവാൻ സഭാ പ്രബോധനങ്ങളെ ഉദ്ധരിക്കുക ഒരു ആധികാരിക രീതിയാണ്. ബൈബിൾ സത്യങ്ങളെ അവതരിപ്പിക്കാനുള്ള സഭാത്മകമായ ശൈലി ഇതു തന്നെ. എന്നാൽ ഇവിടെ ശ്രദ്ധിക്കേണ്ട പ്രധാനകാര്യം ഇപ്രകാരം ഉദ്ധരിക്കപ്പെടുന്ന സഭാപ്രബോധനം രണ്ടാം വത്തിക്കാൻ കൗൺസിലിനു മുമ്പുള്ളതാണോ? ആണെങ്കിൽ ആ പ്രബോധനത്തെ കൂടുതൽ പൂർണ്ണതയിൽ രണ്ടാം വത്തിക്കാൻ കൗൺസിൽ പഠിപ്പിച്ചിട്ടുണ്ടോ എന്ന് ശ്രദ്ധിക്കേണ്ടതാണ്. ചില കാര്യങ്ങൾ പഠിപ്പിക്കാൻ വേണ്ടി രണ്ടാം വത്തിക്കാൻ കൗൺസിലിന് മുമ്പുള്ള സഭാ പ്രബോധനങ്ങൾ ഉപയോഗിക്കുന്നത് ശരിയായ രീതിയല്ല. ഇപ്രകാരമുള്ള തെറ്റുകൾ സഭയിൽ പലയിടങ്ങളിലും സംഭവിക്കുന്നുണ്ട്. രണ്ടാം വത്തിക്കാൻ കൗൺസിൽ പ്രബോധനങ്ങൾ ഗൗരവമായി എടുക്കാത്തത് കൊണ്ടോ കൗൺസിൽ പ്രബോധനങ്ങളിൽ ചിലയിടങ്ങളിലെങ്കിലും തെറ്റുകളുണ്ട് എന്ന് കരുതുന്നത് കൊണ്ടോ ആണ് ചിലർ ഇത്തരം അപകടത്തിൽപ്പെടുന്നത്.
ഇക്കാലഘട്ടതിൽ ജീവിക്കുന്ന നമ്മൾ ശ്രദ്ധിക്കേണ്ട
മറ്റൊരു ഗൗരവമേറിയ കാര്യമുണ്ട്. നമുക്ക് സഭയിൽ പേരെടുത്ത് വിളിക്കപ്പെട്ടിരുന്ന പ്രശസ്തരും സുപരിചിതരുമായ വിശുദ്ധരെല്ലാം തന്നെ രണ്ടാം വത്തിക്കാൻ കൗൺസിലിനു മുമ്പ് ജീവിച്ചിരുന്നവർ ആണ്. വിശുദ്ധ മദർ തെരേസയും വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പയുമാണ് ഇതിന് ഏതാണ്ട് അപവാദം ആയിട്ടുള്ളത്. രണ്ടാം വത്തിക്കാൻ കൗൺസിലിൻ്റെ സ്വാധീനങ്ങൾ ഇവരിൽ ഏതാണ്ട് കാണപ്പെട്ടിരുന്നു എന്നത് ശരി തന്നെ.
വിശുദ്ധിയിൽ ജീവിക്കാനായി വിശുദ്ധരുടെ ജീവിതങ്ങളും പ്രബോധനങ്ങളും പാലിക്കുക സഭയിലെ ഒരു സാധാരണ ക്രമമാണ്. ഈ കാലഘട്ടത്തിലും ആത്മാർത്ഥതയുള്ള അനേകർ ഇപ്രകാരം ചെയ്യുന്നുമുണ്ട്. പ്രത്യേകിച്ച് നവീകരണവുമായി ബന്ധപ്പെട്ട് അനേകം അൽമായർ ഇത്തരമൊരു ശൈലി അവലംബിക്കുന്നുണ്ട്. ഇവർക്ക് സംഭവിക്കുന്ന പ്രധാനമായ അപകടങ്ങൾ രണ്ടാണ്.
● ഒന്നാമതായി സഭയിൽ ഏറെ അറിയപ്പെടുന്ന വിശുദ്ധർ എല്ലാം തന്നെ വൈദികരും സമർപ്പിതരുമാണ്. ഇവരെക്കുറിച്ചുള്ള പഠനങ്ങളും ജീവചരിത്രങ്ങളുമാണ് സഭയിൽ സാധാരണ കാണപ്പെടുന്നത്. ഇവ രചിക്കുന്നതും വൈദികരും സന്യസ്തരുമായിരിക്കും. അവരുടെ സമൂഹത്തിൽപ്പെട്ട ഈ വിശുദ്ധരിലൂടെ തങ്ങളുടെ സന്യാസസമൂഹത്തിൻ്റെ ചൈതന്യവും അവരുടെ കാഴ്ചപ്പാടിലൂടെയുള്ള രീതികളുമൊക്കെ അവതരിപ്പിച്ച് പ്രചരിപ്പിക്കാനായിരിക്കും ഇവർ പലപ്പോഴും ഇത് എഴുതുക.
അതുകൊണ്ട് തന്നെ ഇത് അല്മായർക്ക് കാര്യമായ പ്രയോജനം ചെയ്യുകയില്ല എന്നു മാത്രമല്ല അപകടമാകുവാനും സാധ്യതയുണ്ട്. തങ്ങൾ ജീവിക്കുന്ന സാഹചര്യങ്ങളിൽ നിന്നു വ്യത്യസ്തമായി ജീവിക്കുന്ന സമർപ്പിത ജീവിതത്തെ അതേപടി അനുകരിക്കാൻ ശ്രമിച്ചാൽ അപകട സാധ്യത ഏറെയാണ്.
അൽമായൻ ഒരേ സമയത്ത് സഭയിലും ലോകത്തിലും ആയിരിക്കുന്നവനാണ്. എന്നാൽ സമർപ്പിതർ ഏതാണ്ട് സഭയിൽ മാത്രം ആയിരിക്കുന്നവർ ആണ്. അതുകൊണ്ടു തന്നെ അവരുടെ ജീവിത ശൈലി വളരെ വ്യത്യസ്തമായിരിക്കും. ഇത് അൽമായരെ ഏറെ പ്രതിസന്ധിയിൽ എത്തിക്കുന്നു എന്നത് ഒരു സത്യമാണ്.
● രണ്ടാമത്തെ അപകടം
തുടക്കത്തിൽ സൂചിപ്പിച്ച വിഷയം തന്നെ. രണ്ടാം വത്തിക്കാൻ കൗൺസിൽ പ്രബോധനത്തിൻ്റെ അടിസ്ഥാനത്തിലുള്ള വിശുദ്ധരാണ് ഈ കാലഘട്ടത്തിൽ ഉണ്ടാകേണ്ടത്. രണ്ടാം വത്തിക്കാൻ കൗൺസിലിൻ്റെ പഠനങ്ങൾ മുമ്പ് കഴിഞ്ഞ പോയ കൗൺസിലുകളിൽ നിന്നും വളരെയേറെ വ്യത്യസ്തത പുലർത്തുന്നുണ്ട് എന്നത് വളരെ ഗൗരവപൂർവ്വം ശ്രദ്ധിക്കേണ്ടതാണ്. പക്ഷേ ഇതിന് അനുസൃതമായ ഒരു ജീവിതശൈലി എപ്രകാരമാണ് രൂപപ്പെടുത്തേണ്ടത് എന്നതിനെക്കുറിച്ച് കാര്യമായ ഒരു പഠനവും സഭയിൽ ഇപ്പോൾ ഉണ്ടായിട്ടില്ല.
ഈ രീതിയിൽ ജീവിച്ച വിശുദ്ധരുടെ ജീവിത മാതൃക തിരുസഭയിൽ ഇല്ലാത്തത് അത്ര ചെറിയ പ്രശ്നമല്ല. വിശുദ്ധിക്കായി വിശുദ്ധരെ മാതൃകയാക്കാൻ ശ്രമിക്കുമ്പോൾ രണ്ടാം വത്തിക്കാൻ കൗൺസിലിന് മുമ്പുള്ള വിശുദ്ധരെ മാതൃകയാക്കാൻ ശ്രമിക്കുന്നത് വളരെ ശ്രദ്ധിച്ചു വേണം എന്നാണ് ഇവിടെ സൂചിപ്പിക്കുന്നത്.
ഇത് അൽമായ യുഗമാണ്. അതുകൊണ്ട് തന്നെ അൽമായർക്ക് മാതൃക ആക്കാവുന്ന പ്രത്യേകിച്ച് രണ്ടാം വത്തിക്കാൻ കൗൺസിൽ പ്രബോധനമ നുസരിച്ച് ജീവിക്കുന്ന വിശുദ്ധർ രൂപപ്പെടേണ്ടത് ഈ കാലഘട്ടത്തിലെ ഒരു അനിവാര്യതയാണ്. എന്തായാലും വിശുദ്ധ കൊച്ചുത്രേസ്യയുടെ മാതാപിതാക്കളെ വിശുദ്ധരായി പ്രഖ്യാപിച്ചത് ഇക്കാര്യത്തിലുള്ള ഒരു പ്രാരംഭ നടപടി തന്നെയാണ്. അൽമായർക്ക് മാതൃകയാക്കുവാനായി, ഈ രണ്ട് വലിയ വിശുദ്ധരെ മാതൃകയായി നൽകപ്പെട്ടിരിക്കുന്നു. ഈ വിശുദ്ധരുടെ ജീവചരിത്രം എല്ലാം കത്തോലിക്കാ കുടുംബങ്ങളിലും എത്തേണ്ടതാണ്. അവിടെ അത് പരിശീലിപ്പിക്കുകയും വേണം.
വിശുദ്ധനാകാൻ വിളിക്കപ്പെട്ടിരിക്കുന്ന സഭാതനയൻ ഈ സത്യം തിരിച്ചറിയണം. അതായത് താൻ വിളിക്കപ്പെട്ടിരിക്കുന്നത് രണ്ടാം കൗൺസിലിൻ്റെ ചൈതന്യത്തിൽ വിശുദ്ധനാക്കാൻ വേണ്ടിയാണ് എന്ന സത്യം. അതു കൊണ്ടു ഒളിച്ചുവയ്ക്കപ്പെട്ടിരിക്കുന്ന നിധിയായ രണ്ടാം വത്തിക്കാൻ കൗൺസിൽ പ്രബോധനങ്ങളെ ശരിയായി മനസ്സിലാക്കുവാനും, പഠിപ്പിക്കുവാനും പരിശീലിപ്പിക്കാനും വിശ്വാസികൾ തയ്യാറാകണം. അതിനുള്ള വേദികൾ സഭയിൽ ഉണ്ടാകണം. ഈ കാലഘട്ടത്തിലെ മിഷണറിമാർ രണ്ടാം വത്തിക്കാൻ കൗൺസിൽ പ്രബോധനങ്ങളെക്കുറിച്ച് കാര്യമായ അറിവുള്ളവരും, അത് പരിശീലിക്കുന്നവരും, പരിശീലിപ്പിക്കുന്നവരും ആയിരിക്കണം. രണ്ടാം വത്തിക്കാൻ കൗൺസിൽ പ്രബോധനങ്ങൾ വിശ്വാസികൾക്ക് ഇത്രമാത്രം അത്യാവശ്യമായിരിക്കുന്ന ഈ സാഹചര്യത്തിലാണ് ഇവയെ തെറ്റായി മനസ്സിലാക്കുകയും പഠിപ്പിക്കുകയും ചെയ്യുന്ന പ്രവണത പല സഭാതനയരിലും ശുശ്രൂഷാ മേഖലയിലുമുള്ളവർക്കും ഉള്ളത്. അത് വലിയ അപകടമാണ് വിശ്വാസികൾക്ക് വരുത്തിവയ്ക്കുന്നത്. അതുകൊണ്ട് തന്നെ ഇപ്രകാരം വീഴ്ചവരുത്തുന്നവരെ ശരിയായി നിയന്ത്രിക്കുവാൻ വേണ്ടപ്പെട്ടവർ ഏറെ ശ്രദ്ധിക്കേണ്ടതുണ്ട്.
(കടപ്പാട്: ബിജു ഓഫ് മേരി ഇമ്മാക്കുലേറ്റിൻ്റെ പുസ്തകമായ ‘രണ്ടാം വത്തിക്കാൻ കൗൺസിൽ പ്രമാണരേഖകൾ: ഒളിച്ചു വയ്ക്കപ്പെട്ട നിധി’യിലെ പത്താം ആദ്ധ്യായം)