കൊച്ചി : സിസിബിഐ മതബോധന കമ്മിഷന്റെ പതിനാലാം ദേശീയ സമ്മേളനം വരാപ്പുഴ ആർച്ച് ബിഷപ്പ് അഭിവന്ദ്യ ജോസഫ് കളത്തിപ്പറമ്പിൽ ആശീർഭവനിൽ സെപ്തംബർ 12 ന് ഉദ്ഘാടനം ചെയ്തു. അഭിവന്ദ്യ പിതാവിന്റെ മുഖ്യകാർമികത്വത്തിൽ നടന്ന ദിവ്യബലിയൊടെയാണ് സമ്മേളനം ആരംഭിച്ചത്. മിയാവോയിലെ ബിഷപ്പും ചെയർമാനുമായ മോസ്റ്റ് റവ. ജോർജ്ജ് പള്ളിപ്പറമ്പിൽ, എസ്.ഡി.ബി., അധ്യക്ഷനായ സമ്മേളനത്തിൽ സിസിബിഐ ഡെപ്യൂട്ടി സെക്രട്ടറി ജനറൽ റവ. ഫാ. ഡോ. സ്റ്റീഫൻ ആലത്തറ അഡൽറ്റ് കാറ്റക്കിസം പ്രയോജനപ്പെടുത്താൻ എല്ലാവരെയും ക്ഷണിച്ചുകൊണ്ട് അനുഗ്രഹപ്രഭാഷണം നടത്തി. 2022-2023 വാർഷിക റിപ്പോർട്ടിന്റെ സംഗ്രഹം ഫാ. ഡുമിംഗ് അവതരിപ്പിച്ചു. റീജിയണൽ സെക്രട്ടറി ഫാ. ഗാലി ജോൺ ബോസ്‌കോയും ടീമും ഉദ്ഘാടന ചടങ്ങിലെ പാർത്ഥനയ്ക്ക് നേതൃത്വം നൽകി.
സമ്മേളനത്തിൽ മതബോധന രംഗത്തുള്ളവരുടെ ഡയറക്ടറി പ്രസിദ്ധീകരിച്ചു. ഇതിൽ വ്യക്തിവിവരങ്ങളും മതബോധന സമിതിയുടെ ചരിത്രവും നിർദ്ദേശങ്ങളും മാനദണ്ഡങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. ബിഷപ്പുമാർ, റീജിയണൽ സെക്രട്ടറിമാർ, രൂപതാ ഡയറക്ടർമാർ/ സെക്രട്ടറിമാർ, പ്രതിനിധികൾ തുടങ്ങി 93 ലത്തീൻ രൂപതകളിൽ നിന്നുള്ള പ്രത്യേക ക്ഷണിതാക്കൾ ഉൾപ്പെടെ 118 പേർ സമ്മേളനത്തിൽ പങ്കെടുത്തു. സമ്മേളനം സെപ്തംബർ 14 ന് സമാപിക്കും.