തിരുവനന്തപുരം: വായിൽ ഉമിനീർ ഇല്ലാത്ത സിറസ്റ്റോമിയ എന്ന അവസ്ഥയ്ക്ക് ശാശ്വത പരിഹാരവുമായി യുവ വനിതാ സംരംഭക ഡോ. ലിനി ബേസിൽ. ബൈലിൻ മെഡ്ടെക് എന്ന തന്റെ സ്റ്റാർട്ടപ്പ് കമ്പനിയിൽ കോളാജിനും കറ്റാർവാഴയും ഉപയോഗിച്ച് ഡ്രിസിലിൻ എന്ന ഓറൽ ഹൈഡ്രേറ്റിങ് പാച്ച് വികസിപ്പിച്ചാണ് ശ്രദ്ധേയമായ നേട്ടം കൈവരിച്ചത്. ഈ അവസ്ഥ നേരിടുന്നവർ വെള്ളം വായിൽ കൊള്ളുമ്പോൾ അതിൽ ഒരംശം ഈ പാച്ച് സംഭരിച്ചു വയ്ക്കുകയും തുടർന്നുള്ള മണിക്കൂറുകൾ വായിൽ ഈർപ്പം നിലനിർത്തുകയും ചെയ്യും. അല്പം മാത്രം വെള്ളം കുടിക്കുവാൻ അനുമതിയുള്ള റേഡിയേഷൻ, കീമോതെറാപ്പി എന്നിവയ്ക്ക് വിധേയരാകുന്നവർക്ക് അനുഗ്രഹമാണ് ഈ പാച്ച്. ഡ്രിസിലിൻ പാച്ചിന് ഇന്ത്യൻ, യുഎസ് പാറ്റന്റ് ലഭിച്ചിട്ടുണ്ട്. ലോകത്തിൽ തന്നെ ആദ്യമായിട്ടാണ് ഇത്തരമൊരു അവസ്ഥയ്ക്ക് വേണ്ടി ഒരു പാച്ച് നിർമിക്കുന്നത്.
2025-ലെ കൈരളി ചാനലിന്റെ ജ്വാല അവാർഡ് ലഭിച്ചു. ഇക്കഴിഞ്ഞ റിപ്പബ്ളിക് ദിനാഘോഷത്തോടനുബന്ധിച്ച് ഇന്ത്യൻ പ്രസിഡന്റ് ദ്രൗപതി മുർമുവിന്റെ അത്താഴവിരുന്നിൽ ക്ഷണിക്കപ്പെട്ട അതിഥിയായും ഡോ. ലിനി ബേസിൽ പങ്കെടുത്തു. ഇന്ത്യൻ യൂറോപ്പ്യൻ യൂണിയൻ തെരഞ്ഞെടുക്കപ്പെട്ട നാല് സ്റ്റാർട്ടപ്പുകളിൽ ഒന്നായി ബൈലിൻ മെഡ് ടെക്കിന് അവസരം ലഭിക്കുകയും പ്രധാനമന്ത്രി നരേന്ദ്ര മോദിയോടൊപ്പം ചടങ്ങിൽ പങ്കെടുക്കുകയും ചെയ്തു. പാളയം ഇടവകയിലെ ബേസിൽ പെരേരയുടെയും പത്മ ബെയ്സിലിന്റയും മകളാണ് ഡോ. ലിനി ബേസിൽ. ഭർത്താവ് ഡോ. അലക്സാണ്ടർ ഓർത്തോ ഡോണ്ടിസ്റ്റ് ആയി പ്രാക്ടീസ് ചെയ്യുന്നു.

