പനാജി: പതിനാറാം നൂറ്റാണ്ടില്‍ ഓള്‍ഡ് ഗോവയില്‍ സ്ഥാപിതമായതും വിശുദ്ധ ഫ്രാന്‍സിസ് സേവ്യറിന്റെ ഭൗതികാവശിഷ്ടം സൂക്ഷിച്ചിരിക്കുന്നതുമായ ബോം ജീസസ് ബസിലിക്കയ്ക്ക് സമീപം ഗോവന്‍ ഗവണ്‍മെന്റ് പ്ലാന്‍ചെയ്യുന്ന ടൂറിസം പദ്ധതിക്കെതിരെ ക്രൈസ്തവ വിശ്വാസികള്‍ രംഗത്ത്. ഇതിനെതിരെ നടന്ന പ്രതിഷേധ റാലിയില്‍ ക്രൈസ്തവര്‍ക്കൊപ്പം പരിസ്ഥിതിവാദികളും ഗോവന്‍വാസികളും പങ്കെടുത്തു.
ഈ ബസിലിക്കയോട് ചേര്‍ന്ന് ടൂറിസം മാള്‍ നിര്‍മിക്കുവാനാണ് ഗോവന്‍ ടൂറിസം ഡിപ്പാര്‍ട്ട്‌മെന്റ് പദ്ധതിയിട്ടിരിക്കുന്നത്. ഇതിനെതിരെ ഓള്‍ഡ് ഗോവയിലെ ജനങ്ങള്‍ സേവ് ഓള്‍ഡ് ഗോവ ആക്ഷന്‍ കമ്മിറ്റിക്ക് രൂപം നല്‍കി. ക്രൈസ്തവരുടെ വികാരങ്ങള്‍ക്കും പരിസ്ഥിതിക്കും ചരിത്രത്തിനുമെതിരാണ് ഈ പദ്ധതി എന്ന അഭിപ്രായമാണ് പരക്കെയുള്ളത്.
ഫൈവ് വൂണ്‍ഡ്‌സ് ഓഫ് ക്രൈസ്റ്റ് ചര്‍ച്ചിന്റെ ശേഷിപ്പുകള്‍ ഉള്‍പ്പെടുത്തി ഒരു കൊമേഴ്‌സ്യല്‍ ബില്‍ഡിംഗ് പണിതുയര്‍ത്തുന്നത് ഖേദകരമാണെന്ന് വൈദികനായ ഫാ. സാവിയോ ബാരേറ്റോ പറഞ്ഞു. ബോം ജീസസ് ബസിലിക്കയുടെ മുന്‍ റെക്ടറാണ് അദ്ദേഹം. വേള്‍ഡ് ഹെറിറ്റേജ് സൈറ്റായ ബസിലിക്കയില്‍ നിന്നും വെറും 100 മീറ്റര്‍ അകലെയാണ് നിര്‍ദിഷ്ട മാള്‍.