തിരുവനന്തപുരം:∙ എഴുപതിലധികം പേരുടെ ജീവനെടുത്ത മുതലപ്പൊഴിയിലെ അപകടങ്ങൾ സംബന്ധിച്ച് സർക്കാർ സമർപ്പിച്ച റിപ്പോർട്ട് ന്യൂനപക്ഷ കമ്മിഷൻ തള്ളി. മത്സ്യബന്ധന വകുപ്പ് ഡയറക്ടർ, മത്സ്യബന്ധന- തുറമുഖ വകുപ്പ് സെക്രട്ടറി, ജില്ലാ കലക്ടർ, തീരദേശ പൊലീസ് മേധാവി എന്നിവർക്കായി സമർപ്പിച്ച റിപ്പോർട്ടുകൾ ഭാഗികവും അവ്യക്തവുമാണെന്ന് കണ്ടതിനെ തുടർന്നാണ് തള്ളിയത്. 28ന് ചേരുന്ന അടുത്ത സിറ്റിങ്ങിൽ പൂർണമായ റിപ്പോർട്ട് സമർപ്പിക്കാൻ കമ്മിഷൻ ചെയർമാൻ നിർദേശിച്ചു. മുതലപ്പൊഴിയിലെ അപകടങ്ങൾ ആശങ്ക വർധിപ്പിക്കുന്ന സാഹചര്യത്തിൽ സംസ്ഥാന ന്യൂനപക്ഷ കമ്മിഷൻ സ്വമേധയാ കേസ് എടുത്തിരുന്നു. ഇതേ തുടർന്ന് സമർപ്പിച്ച റിപ്പോർട്ടാണ് തള്ളിയത്. തീരജനതയുടെ പ്രശ്നങ്ങളിൽ പരിഹാരം കാണുന്നതിൽ സർക്കാരിന് ആത്മാർത്തതയില്ലായെന്ന ആക്ഷേപം ശരിവയ്ക്കുന്നതാണ് ഇത് തെളിയിക്കുന്നത്.