മുതലപ്പൊഴി മത്സ്യബന്ധന വള്ളം മറിഞ്ഞുണ്ടായ അപകടത്തിൽ കാണാതായ മൂന്ന് മത്സ്യത്തൊഴിലാളികളുടെയും മൃതദേഹങ്ങൾ കണ്ടെത്തി. പുതുകുറിച്ചി സ്വദേശി ബിജു സ്റ്റീഫൻ എന്ന് വിളിക്കുന്ന സുരേഷിന്റെയും, റോബിൻ, ബിജു എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. ഇന്ന് രാവിലെ 11 മണിയോടെ കല്ലിടുക്കുകളുടെ ഇടയിൽ നിന്നാണ് സുരേഷിന്റെ മൃതദേഹം കണ്ടെത്തിയത്.
അപകടത്തിൽപ്പെട്ട ബോട്ടിന്റെ വലയിൽ കുരുങ്ങിയനിലയിൽ പുലിമുട്ടുകൾക്ക് ഇടയിൽ ആയിരുന്നു മൃതദേഹം. ഇതേതുടർന്ന് പുലിമുട്ടുകൾക്കിയയിൽ അന്വേഷണം നടത്തിയത്തോടെയാണ് മറ്റുള്ള മൃതദേഹങ്ങൾ കൂടി കണ്ടെത്താനായത്. അപകടം നടന്ന സ്ഥലത്തുനിന്ന് ഏതാനും മീറ്ററുകൾ അകലെയുള്ള പുലിമുട്ടുകൾക്ക് ഇടയിൽ നിന്നാണ് ബാക്കി രണ്ട് മൃതദേഹങ്ങളും കണ്ടെടുത്തത്.
ഇന്നലെ പുലിമുട്ടുകൾക്ക് ഇടയിൽ തിരച്ചിൽ നടത്തിയിരുന്നില്ല. ഇന്ന് രാവിലെ മുതൽ നാവിക സേനയുടെ സ്കൂബ ഡൈവേഴ്സ് പുലിമുട്ടുകൾക്കിടയിൽ തിരച്ചിൽ നടത്തി. നാട്ടുകാരായ രക്ഷാ പ്രവർത്തകരും ഒപ്പം ചേർന്നതോടെയാണ് മറ്റുള്ളവരുടെ മൃതദേഹങ്ങൾ കൂടി കണ്ടെത്താനായത്. ഇന്നലെ തന്നെ പുലിമുട്ടുകൾക്ക് ഇടയിൽ പരിശോധന നടത്തിയിരുന്നെങ്കിൽ മൃതദേഹങ്ങൾ നേരത്തെ കണ്ടെത്തിയേനെ എന്ന് നാട്ടുകാരായ രക്ഷാ പ്രവർത്തകർ പറയുന്നു.
മൃതദേഹങ്ങൾ ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി പോസ്റ്റ്മോർട്ടം പൂർത്തീകരിച്ച ശേഷം നാളെ വൈകുന്നേരം പുതുകുറിച്ചി ദേവാലയത്തിൽ വച്ചു മൃതദേഹസംസ്കാരം നടക്കും. മത്സ്യബന്ധനം കഴിഞ്ഞ് തിരികെ വരവേയാണ് ഇന്നലെ പുലർച്ചെ നാലുമണിയോടെ പുതുക്കുറിച്ചി സ്വദേശി അജേഷിന്റെ ഉടമസ്ഥതയിലുള്ള വള്ളം മറിഞ്ഞു നാല് മത്സ്യതൊഴിലാളികളെ കാണാതായത്. പുതുക്കുറിച്ചി സ്വദേശിയായ കുഞ്ഞുമോൻ(40)-ന്റെ മൃതദേഹം ഇന്നലെ തന്നെ കണ്ടെത്തിയിരുന്നു.