വിഴിഞ്ഞം: അവകാശങ്ങൾക്കുവേണ്ടി തിരുവനന്തപുരത്തെ കത്തോലിക്കാ യുവജനങ്ങളുടെ പ്രതിഷേധത്തിന്റെ സ്വരങ്ങൾ ഉയർന്നു കേട്ട അതേ മണ്ണിൽ അവർ കലയുടെ കേളികൊട്ടുമായി ഒരുമിച്ചുകൂടി. തിരുവനന്തപുരം ലത്തീൻ അതിരൂപത കലോത്സവം ഉത്സവ് 2K24 ഒക്ടോബർ രണ്ടിന് വിഴിഞ്ഞം സെന്റ് മേരീസ് സ്കൂളിൽ വച്ച് നടന്നു. ആറ് ഫെറോനകളിൽ നിന്നായി ഇരുന്നോറോളം യുവജനങ്ങൾ വിത്യസ്ത കലാ മത്സരങ്ങളിൽ മാറ്റുരച്ചു. ഏറെ വാശിയോടെ നടന്ന മത്സരങ്ങൾക്കൊടുവിൽ പാളയം ഫൊറോന ഒന്നാം സ്‌ഥാനവും കോവളം ഫൊറോന രണ്ടാം സ്‌ഥാനവും അഞ്ചുതെങ്ങ് ഫൊറോന മൂന്നാം സ്‌ഥാനവും നേടി. പേട്ട, പുതുക്കുറിച്ചി, വലിയതുറ ഫെറോനകൾ തുടർ സ്ഥാനങ്ങൾ കരസ്ഥമാക്കി.
തിരുവനന്തപുരം ലത്തീൻ അതിരൂപത സഹായ മെത്രാൻ അഭിവന്ദ്യ ക്രിസ്തുദാസ് പിതാവ് കലോത്സവ വേദി സന്ദർശിച്ച് യുവജനങ്ങൾക്ക് ആശംസകൾ നേർന്നു. തിരുവനന്തപുരം യൂത്ത് കോൺഫറൻസ് ഫണ്ടിന്റെ ധനശേഖരണാർത്ഥം ആരംഭിക്കുന്ന ലക്കി കൂപ്പണിന്റെ ഔദ്യോഗിക ഉദ്ഘാടനവും പിതാവ് നിർവഹിച്ചു. വിഴിഞ്ഞം ഇടവക വികാരിയും ഫെറോന വികാരിയുമായ മോൺ. ഫാ. നിക്കോളാസ് കലോത്സവ വേദി സന്ദർശിച്ച് യുവജനങ്ങൾക്ക് സന്ദേശം നല്കി. രൂപത ഡയറക്ടർ ഫാ. ഡാർവിൻ ഫെർണാണ്ടസ് ആന്റണി, ആനിമേറ്റർ സി. ആൻസി, പ്രസിഡന്റ് സാനു സാജൻ, മറ്റ് രൂപത ഭാരവാഹികൾ, വിവിധ ഫെറോന ഡയറക്ടർമാർ , ഭാരവാഹികൾ തുടങ്ങിയവർ സന്നിഹിതരായിരുന്നു.