വെള്ളയമ്പലം : തിരുവനന്തപുരം ലത്തീൻ അതിരൂപത സാമൂഹ്യ സേവന വിഭാഗമായ, ട്രിവാൻഡ്രം സോഷ്യൽ സർവീസ് സൊസൈറ്റി (TSSS) ജൂബിലി വർഷാചരണത്തിൻ്റെ ഭാഗമായി ഭിന്നശേഷിക്കാരുടെ കൂടിവരവ് നടത്തി പ്രതിഭകളെ ആദരിച്ചു. ആർച്ച്ബിഷപ് ഡോ. തോമസ് ജെ. നെറ്റോ അധ്യക്ഷത വഹിച്ച പരിപാടി തിരുവനന്തപുരം മേയർ വി. വി. രാജേഷ് ഉദ്ഘാടനം ചെയ്തു. ജനുവരി 24 ശനിയാഴ്ച നടന്ന ചടങ്ങിൽ കലാ, കായിക, സാമൂഹിക, സാംസ്‌കാരിക, സാഹിത്യ, തൊഴിൽ മേഖലകളിൽ പ്രാവീണ്യം തെളിയിച്ച 36 ഭിന്നശേഷിക്കാരായ പ്രതിഭകളെ ആദരിച്ച് പാരിതോഷികം നൽകി. ലഹരിക്കെതിരെ സമൂഹത്തെ ബോധവൽക്കരിക്കുന്നതിലേക്കായി സംഘടിപ്പിച്ച റീൽസ് മത്സരത്തിൽ വിജയികളായ 6 പേർക്ക് ക്യാഷ് അവാർഡും നൽകി. അതിരൂപത സാമൂഹ്യ ശുശ്രൂഷ ഡയറക്ടർ ഫാ. ആഷ്‌ലിൻ ജോസ് സ്വാഗതമേകി. അതിരൂപത ശുഷ്രൂഷ കോഡിനേറ്റർ ഫാ. ലോറൻസ് കുലാസ് ആശംസകളേകി.
ജൂബിലി വർഷത്തിൽ ഭവനരഹിതരായ 100 പേർക്ക് ഭവനം നിർമ്മിച്ച് നൽകുന്നതിനും, ഭിന്നശേഷിക്കാരായ വ്യക്തികളെ വിവിധങ്ങളായ പദ്ധതികളിലൂടെ സമൂഹത്തിൻ്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിനുമാണ് TSSS ലക്ഷ്യം വയ്ക്കുന്നത്. ഭിന്നശേഷിക്കാർക്ക് ഗവൺമെൻ്റ് നൽകുന്ന വിവിധ ആനുകൂല്യങ്ങൾ നേടിയെടുക്കുന്നതിനുള്ള സഹായവും ബോധവത്കരണവും, ഭിന്നശേഷിക്കാരുടെ നൈപുണ്യവികസനം ലക്ഷ്യം വച്ചുകൊണ്ടുള്ള വിവിധ പരിശീലന പരിപാടികൾ, മാനസികവും ശാരീരികവുമായ പ്രയാസങ്ങളെ അതിജീവിക്കാനുള്ള പിന്തുണ തുടങ്ങിയ ബ്രഹദ്പദ്ധതികളാണ് ട്രിവാൻഡ്രം സോഷ്യൽ സർവീസ് സൊസൈറ്റി നടപ്പിലാക്കി വരുന്നത്.

