വത്തിക്കാന്‍ സിറ്റി: മുത്തശ്ശി- മുത്തശ്ശൻമാരുടെയും വയോജനങ്ങളുടെയും നാലാമത് ലോക വാർഷിക ദിനമായ ജൂലൈ 28നു ദണ്ഡവിമോചനം സ്വീകരിക്കാന്‍ അവസരം. രോഗിയോ, ഏകാന്തതയോ, അംഗവൈകല്യമുള്ളവരോ ആയ വയോധികരെ അന്നേ ദിവസം സന്ദർശിക്കുന്ന ഏതൊരാൾക്കും സഭയുടെ പൊതുമാനദണ്ഡങ്ങള്‍ കൂടി പാലിച്ചാല്‍ ദണ്ഡവിമോചനം സ്വീകരിക്കുവാന്‍ സാധിക്കുമെന്ന് വത്തിക്കാന്‍ വ്യക്തമാക്കി. ഈ ദിവസം ആത്മീയ ചടങ്ങുകളിൽ പങ്കുചേരുന്നതിലൂടെ രോഗികളായവർക്കും, തുണയില്ലാത്തവർക്കും,ഗുരുതരമായ കാരണത്താൽ വീടുവിട്ടിറങ്ങാൻ കഴിയാത്തവർക്കും ദണ്ഡവിമോചനം പ്രാപിക്കാൻ അവസരമുണ്ട്.
അപ്പസ്തോലിക് പെനിറ്റൻഷ്യറിയുടെ തലവനായ കർദ്ദിനാൾ ആഞ്ചലോ ഡൊണാറ്റിസാണ് ദണ്ഡവിമോചനം അനുവദിച്ചുകൊണ്ട് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. വിശുദ്ധ കുമ്പസാരം, വിശുദ്ധ കുർബാന സ്വീകരണം, പാപ്പയുടെ നിയോഗത്തിനു വേണ്ടിയുള്ള പ്രാർത്ഥന എന്നിവയാണ് ദണ്ഡവിമോചനം പ്രാപിക്കുന്നതിനുള്ള പ്രാഥമിക നിബന്ധനകൾ.
ജൂലൈ 28നു ദണ്ഡവിമോചനം ലഭിക്കാന്‍ എന്തുചെയ്യണം?
- തിരുസഭ പ്രഖ്യാപിച്ച മുത്തശ്ശി – മുത്തച്ഛൻമാർക്കും വയോജനങ്ങൾക്കും വേണ്ടിയുള്ള ദിനത്തില്‍ പ്രായമായവരെ / ഒറ്റയ്ക്ക് താമസിക്കുന്ന വയോജനങ്ങളെ സന്ദർശിക്കുക.
- വിദൂരങ്ങളില്‍ ആയിരിക്കുന്ന വയോധികരെ/ പ്രായമുള്ള പ്രിയപ്പെട്ടവരെ ഫോണ്‍ മുഖാന്തിരമോ മറ്റോ വിളിച്ച് സ്നേഹ സംഭാഷണം നടത്തുക.
- കുമ്പസാരം നടത്തി ഭയഭക്ത്യാദരങ്ങളോടെ വിശുദ്ധ കുർബാന അന്നേ ദിവസം സ്വീകരിക്കുക.
- പാപത്തിൽ നിന്നു അകന്ന്‍ ജീവിക്കുമെന്ന് ദൃഢ പ്രതിജ്ഞയെടുക്കുക.
- ഫ്രാന്‍സിസ് പാപ്പയുടെ നിയോഗങ്ങള്‍ക്കായി 1 സ്വര്‍ഗ്ഗ, 1 നന്മ, 1 ത്രീത്വ കാഴ്ചവെച്ചു പ്രാര്‍ത്ഥിക്കുക.
പ്രായമായവര്‍ക്ക് ദണ്ഡവിമോചനം ലഭിക്കാന്‍:
- വത്തിക്കാനിലോ രൂപതകളിലോ നടക്കുന്ന നടക്കുന്ന വയോജന ദിന തിരുകര്‍മ്മങ്ങളില്‍ തത്സമയം പങ്കെടുക്കുക. (മാധ്യമങ്ങള്‍ മുഖാന്തിരം; വത്തിക്കാനിലെ തിരുകര്‍മ്മങ്ങള്‍ Vatican Media YouTube Channel -ല്‍ തത്സമയം കാണാം)
- ഫ്രാന്‍സിസ് പാപ്പയുടെ നിയോഗങ്ങള്‍ക്കായി പ്രാര്‍ത്ഥിക്കുക: 1 സ്വര്‍ഗ്ഗ, 1 നന്മ, 1 ത്രീത്വ കാഴ്ചവെയ്ക്കുക.
- വീടുകളില്‍ കഴിയുന്നവര്‍ അടുത്ത ദിവസം തന്നെ കുമ്പസാരിച്ച് വിശുദ്ധ കുര്‍ബാന സ്വീകരിക്കേണ്ടതാണ്.