വെള്ളയമ്പലം: തിരുവനന്തപുരം അതിരൂപതയിലെ കാഴ്ചപരിമിതരുടെ കൂടിവരവ് ആഗസ്റ്റ് 2, ശനിയാഴ്ച വെള്ളയമ്പലത്ത് നടന്നു. കാഴ്ചപരിമിതരുടെ അജപാലനവും ക്ഷേമവും ഉറപ്പുവരുത്തുകയാണ് കുടുംബപ്രേഷിത ശുശ്രൂഷ ഈ കൂടിവരവിൽ ലക്ഷ്യം വയ്ക്കുന്നത്. വെള്ളയമ്പലം സെന്റ്. തെരേസ ദേവാലയത്തിൽ കാഴ്ചപരിമിതർ നേതൃത്വം വഹിച്ച ദിവ്യബലിക്ക് അതിരൂപത സഹായമെത്രാൻ അഭിവന്ദ്യ ക്രിസ്തുദാസ് പിതാവ് മുഖ്യകാർമികത്വം വഹിച്ചു. ജീവിതത്തിൽ പരിമിതകൾ നേരിടുന്നവർ സഭയ്ക്കും സമൂഹത്തിനും വിലപ്പെട്ടവരാണെന്ന് അദ്ദേഹം പറഞ്ഞു. ജീവിതത്തിൽ വെല്ലുവിളികൾ നേരിടുന്നവരെ ചേർത്തുപിടിക്കുന്ന കുടുംബ ശുശ്രൂഷ പ്രവർത്തനങ്ങളെ പ്രശംസിച്ചു.
തുടർന്ന് സെന്റ്. ആന്റണീസ് ഹാളിൽ നടന്ന ശാക്തീകരണ സെമിനാറിന് Kerala State Handicapped Welfare Corporation അംഗം ഗിരീഷ് കീർത്തി നേതൃത്വം നൽകി. ഉച്ചഭക്ഷണത്തിനു ശേഷം കാഴ്ച പരിമിതർ അവതരിപ്പിച്ച കലാപരിപാടികൾക്ക് ജ്യോതിർഗമയ ഫൗണ്ടേഷൻ അംഗങ്ങൾ നേതൃത്വം നൽകി. തിരുവനന്തപുരം അതിരൂപത ശുശ്രൂഷ കോ-ഓർഡിനേറ്റർ റവ. ഡോ. ലോറൻസ് കുലാസ് അദ്ധ്യക്ഷത വഹിച്ച പൊതുസമ്മേളനം ബിഷപ് ക്രിസ്തുദാസ് ഉദ്ഘാടനം ചെയ്തു. സമ്മേളനത്തിൽ കാഴ്ച പരിമിതനായ വൈദികൻ ഫാ. M A ജോസഫ് CSsR- നെയും, ജ്യോതിർഗമയ ഫൗണ്ടേഷൻ സ്ഥാപകയും, കാഴ്ചപരിമിത സാമൂഹ്യ പ്രവർത്തകയുമായ ടിഫാനി മരിയയേയും ആദരിച്ചു. പാളയം ഫെറോന കുടുംബ ശുശ്രൂഷ വൈദിക കോ-ഓർഡിനേറ്റർ ഫാ. ജസിറ്റിൻ ജൂഡിൻ ആശംസകളർപ്പിച്ച് സംസാരിച്ചു. അതിരൂപതയിലെ കാഴ്ചപരിമിതരുടെ അജപാലനവും ക്ഷേമവും ഉറപ്പുവരുത്താനായി ‘ബർതിമേയൂസ്’ എന്ന പേരിൽ കാഴ്ച പരിമിതരുടെ ഫോറം രൂപീകരണത്തിന്റെ പ്രഖ്യാപനവും ഭാവിപ്രവർത്തനങ്ങളും കുടുംബപ്രേഷിത ശുശ്രൂഷ ഡയറക്ടർ ഫാ. റിച്ചാർഡ് സഖറിയ അവതരിപ്പിച്ചു. സമ്മേളനത്തിൽ അസി. ഡയറക്ടർ ഫാ. ലീൻ മാർക്കോസ് കൃതജ്ഞതയേകി. സമ്മേളനത്തിൽ പങ്കെടുത്തവർക്ക് സ്നേഹ സമ്മാനങ്ങളും വിതരണം ചെയ്തു.