വെള്ളയമ്പലം: തിരുവനന്തപുരം അതിരൂപത കുടുംബശുശ്രൂഷയുടെ നേതൃത്വത്തില്‍ ‘ഏകം ദമ്പതി ദര്‍ശനം’ എന്ന പേരില്‍ ദമ്പതികള്‍ക്കായുള്ള ത്രിദിന ആത്മീയ ധ്യാനം ഫെബ്രുവരി 27 മുതല്‍ മാര്‍ച്ച് 1 വരെ വെള്ളയമ്പലം ആനിമേഷന്‍ സെന്‍ററില്‍ നടന്നു. കുടുംബശുശ്രൂഷ കുടുംബങ്ങളെ അനുധാവനം ചെയ്യുന്നതിന്റെ ഭാഗമായി സന്തുഷ്ട കുടുംബ രൂപീകരണമാണ് ഇതിലൂടെ ലക്ഷ്യംവയ്ക്കുന്നത്.
ഫാ. പീറ്റര്‍ പഞ്ഞിക്കാരന്‍ കപ്പുച്ചിന്‍, ഫാ. വര്‍ഗീസ് വാഴയില്‍ കപ്പൂച്ചിന്‍ എന്നിവരും രണ്ട് ദമ്പതികളുമാണ് ധ്യാനം നയിച്ചത്. അതിരൂപത സഹായമെത്രാന്‍ അഭിവന്ദ്യ ക്രിസ്തുദാസ് പിതാവ് ധ്യാനത്തിന്‍റെ ഉദ്ഘാടനം നിര്‍വഹിച്ചു. ഉദ്ഘാടന സന്ദേശത്തില്‍ കുടുംബജീവിതത്തിന്‍റെ പവിത്രതയും ദാമ്പത്യബന്ധത്തിന്‍റെ ആഴവും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. കുടുംബ ശുശ്രൂഷ ഡയറക്ടര്‍ ഫാ. റിച്ചാര്‍ഡ് സക്കറിയ, അസിസ്റ്റന്‍റ് ഡയറക്ടര്‍ ഫാ. ലീന്‍ മാര്‍ക്കോസ് എന്നിവര്‍ സന്നിഹിതരായിരുന്നു.
മൂന്ന് ദിവസം നീണ്ടുനിന്ന ഈ ധ്യാനത്തില്‍ ദാമ്പത്യജീവിതത്തെ ഊഷ്മളമാക്കുകയും കുടുംബബന്ധങ്ങളെ ശക്തിപ്പെടുത്തുകയും ചെയ്യുന്ന വിവിധ പരിപാടികള്‍ നടന്നു. ക്ലാസുകള്‍, പ്രെസന്‍റേഷനുകള്‍, ദിവ്യബലി, കുമ്പസാരം, ധ്യാനം, വര്‍ക്ക്ഷോപ്പുകള്‍, വിവാഹ ഉടമ്പടി നവീകരണം, കൗണ്‍സിലിംഗ് തുടങ്ങിയവ ഇതില്‍ ഉള്‍പ്പെട്ടു. സമാപന ദിവസം ദമ്പതികൾ അനുഭവങ്ങൾ പങ്കുവച്ചു.
