ഗര്‍ഭധാരണത്തെ ഭയപ്പെടാന്‍ പഠിപ്പിക്കുന്നതിന് പകരം കുട്ടികളില്ലാത്ത അവസ്ഥയെ ഭയപ്പെടാന്‍ പഠിപ്പിക്കണമെന്ന് മസ്‌ക്
വാഷിംഗ്ടണ്‍ ഡിസി: കുടുംബത്തില്‍ കൂടുതല്‍ കുട്ടികളുണ്ടാകേണ്ടതിന്റെ ആവശ്യകത ആവര്‍ത്തിച്ച് ശതകോടീശ്വരനായ ഇലോണ്‍ മസ്‌ക്. ഗര്‍ഭധാരണത്തെ ഭയപ്പെടാന്‍ പഠിപ്പിക്കുന്നതിന് പകരം കുട്ടികളില്ലാത്ത അവസ്ഥയെ ഭയപ്പെടാന്‍ പഠിപ്പിക്കണമെന്ന് മസ്‌ക് എക്‌സില്‍ കുറിച്ചു. സ്വീഡനിലെയും ബ്രിട്ടനിലെ ജനനനിരക്ക് രേഖപ്പെടുത്താന്‍ ആരംഭിച്ചതിന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയാണ് ഇപ്പോഴുള്ളതെന്ന ഞെട്ടിക്കുന്ന വാര്‍ത്തക്ക് മറുപടിയായാണ് മസ്‌ക് എക്‌സില്‍ ഇപ്രകാരം കുറിച്ചത്.
നിയുക്ത പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് വേണ്ടി പിറ്റ്‌സ്ബര്‍ഗില്‍ ഇലക്ഷന്‍ കാമ്പെയ്ന്‍ നടത്തിയപ്പോഴും സമാനമായ ആശയം മസ്‌ക് പങ്കുവച്ചിരുന്നു. കുട്ടികളുണ്ടാകുന്നതിനെക്കാള്‍ വലിയ സന്തോഷം വേറൊന്നുമില്ലെന്നും, തന്റെ കുട്ടികളാണ് ജീവിതത്തില്‍ മറ്റെന്തിനെക്കാളും സന്തോഷം തരുന്നതെന്നുമാണ് മസ്‌ക് അന്ന് പറഞ്ഞത്. പുതിയ ഭരണകൂടത്തിലെ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഗവണ്‍മെന്റ് എഫിഷെന്‍സിയുടെ (ഡിഒജിഇ) തലപ്പത്തേക്ക് കേരളത്തില്‍ വേരുകളുള്ള വിവേക് രാമസ്വാമിക്കൊപ്പം ഇലോണ്‍ മസ്‌കിനെയാണ് ട്രംപ് നിയമിച്ചിരിക്കുന്നത്.