വള്ളവിള: തൂത്തൂർ ഫൊറോനയിലെ വള്ളവിള സെന്റ്. മേരീസ് ദേവാലയത്തിൽ കുടുംബ കേന്ദ്രീകൃത അജപാലന യജ്ഞത്തിന്റെ (ഹോം മിഷൻ) രണ്ടാം ഘട്ട പ്രവർത്തനങ്ങൾ സമാപിച്ചു. 2025 ജനുവരി 19 മുതൽ മാർച്ച് 9 വരെ നടന്ന ഹോം മിഷന്റെ രണ്ടാംഘട്ടം അഭിവന്ദ്യ തോമസ് ജെ. നെറ്റോ മെത്രാപ്പോലീത്ത മുഖ്യകാർമ്മികനായിരുന്ന ദിവ്യബലിയോടെയാണ് പൂർത്തിയായത്. വള്ളവിള ഇടവക അഭ്യസ്ഥവിദ്യരായ ധാരാളം യുവജനങ്ങളാൽ അനുഗ്രഹീതമാണെന്നും, ഇടവക സമൂഹം കഴിവുകളെ തിരിച്ചറിഞ്ഞ് വെല്ലുവിളികളെ അതിജീവിക്കാൻ പരിശ്രമിക്കണമെന്നും സമാപന സന്ദേശത്തിൽ അദ്ദേഹം പറഞ്ഞു. 2025 ജൂബിലി വർഷം പ്രത്യാശയോടെ തീർത്ഥാടനം ചെയ്യുവാൻ സഭ നമ്മോട് ആഹ്വാനം ചെയ്യുന്ന ഈ അവസരത്തിൽ പ്രത്യാശയോടെ ഇടവകയുടെ സമഗ്ര വളർച്ചയ്ക്ക് ഉതകുന്ന ഹോം മിഷന്റെ മൂന്നാം ഘട്ടമായ തുടർപ്രവർത്തനങ്ങൾ കാര്യക്ഷമമായി നടത്താൻ ഇടവക സമൂഹത്തോട് അഭിവന്ദ്യ മെത്രാപ്പോലീത്ത ആഹ്വാനം ചെയ്തു. തിരൂപത ബിസിസി എക്സിക്യൂട്ടീവ് സെക്രട്ടറി ഫാ. ഡാനിയേൽ, ഇടവക വികാരി ഫാ. ടോമി തോമസ്, സഹ വികാരി ഫാ. രാജേന്ദ്രൻ, എന്നിവർ സഹകാർമികരായിരുന്നു.
ജനുവരി മാസം 19 തിയതി അതിരുപത സഹായ മെത്രാൻ ക്രിസ്തുദാസ് തിരിതെളിച്ച കുടുംബ കേന്ദ്രീകൃത അജപാലന യജ്ഞത്തിൽ അതിരുപതയിലെ വിവിധ സന്യാസ ഭവനങ്ങളിൽ നിന്നുള്ള 26-ഓളം സന്യാസികൾ ഭവന സന്ദർശനം, കൗൺസിലിംഗ്, ഇടവകയുടെ സമഗ്രമായ റിപ്പോർട്ട് തയ്യാറാക്കൽ എന്നീ പ്രവർത്തനങ്ങളിൽ പങ്കാളികളായി. കഴിഞ്ഞ ഒരുവർഷക്കാലമായി സേവനം ചെയ്തുവരുന്ന സന്യസ്ഥർക്ക് അതിരൂപത ബിസിസി എക്സിക്യൂട്ടീവ് സെക്രട്ടറി ഫാ. ഡാനിയേൽ അതിരൂപതയുടെ നാമത്തിലുള്ള കൃതജ്ഞത അർപ്പിച്ചു.