കൊച്ചി: പാർട്ടി സമ്മേളനത്തിൽ ക്രൈസ്‌തവസഭാ മേലധ്യക്ഷന്മാരെ അവഹേളിച്ചു നടത്തിയ പരാമർശങ്ങളിൽ വാക്കുകൾ പിൻവലിച്ചും ഖേദം പ്രകടിപ്പിച്ചും മന്ത്രി സജി ചെറിയാൻ. വിഷയത്തിൽ കെ.സി.ബി.സി.-യും കെ.ആർ.എൽ.സി.സി-യും ശക്തമായ പ്രതിഷേധം ഉയർത്തിയിരുന്നു. ഇതിനു പിന്നാലെയാണ് പ്രസ്‌താവന പിൻവലിച്ചു ഖേദപ്രകടനം നടത്താൻ മന്ത്രി അടിയന്തരമായി പത്രസമ്മേളനം വിളിച്ചുചേർത്തത്.
പരാമർശങ്ങൾ വൈദികമേലധ്യക്ഷന്മാർ ഉൾപ്പെടെയുള്ളവർക്ക് ആശങ്കയും വിഷമവും ഉണ്ടാക്കിയിട്ടുണ്ടെന്നു മനസിലാക്കി, ആ വാക്കുകൾ പിൻവലിക്കുകയാണെന്നും ഖേദം പ്രകടിപ്പിക്കുന്നുവെന്നും മന്ത്രി വ്യക്തമാക്കി. പുന്നപ്രയിൽ പാർട്ടി ലോക്കൽ കമ്മിറ്റി യോഗത്തിൽ നടത്തിയ പ്രസംഗമാണ് നേരത്തെ വിവാദമായത്.