വിശുദ്ധ ബൈബിളെന്നത് പിതാവായ ദൈവം തന്റെ മക്കളായ നമുക്കോരൊരുത്തർക്കും അയച്ച ലവ് ലെറ്ററാണെന്നും , തിരക്ക്പ്പിടിച്ച ഈ കാലഘട്ടത്തിൽ ലോഗോസ് ക്വിസ് ഗെയിം ആപ്പ് പോലുള്ള സംരഭം അത് വായിക്കാനും ധ്യാനിക്കാനും ഉപരിക്കുന്നതാണെന്നും തിരുവനന്തപുരം അതിരൂപതാദ്ധ്യക്ഷൻ അഭിവന്ദ്യ തോമസ് ജെ. നെറ്റോ മെത്രാപ്പൊലീത്ത. തിരുവനന്തപുരം അതിരൂപത മീഡിയകമ്മിഷനും അജപാലന ശുശ്രൂഷയും സംയുക്തമായി പുറത്തിറക്കുന്ന ലോഗോസ് ക്വിസ് ഗെയിം ആപ്പ് അഞ്ചാം പതിപ്പിന്റെ സമ്മാനദാന ചടങ്ങിലെ അനുഗ്രഹപ്രഭാഷണത്തിലാണ് ബൈബിൾ കൂടുതാൽ വായിക്കാനും ധ്യാനിക്കാനും അഭിവന്ദ്യ പിതാവ് ആഹ്വാനം ചെയ്തത്.
മീഡിയകമ്മിഷൻ എക്സിക്യുട്ടിവ് സെക്രട്ടറി ഫാ. ദീപക് ആന്റോ അദ്ധ്യക്ഷം വഹിച്ച ചടങ്ങിൽ ബ്രദർ. സാലു സിൽവയ്യൻ സ്വഗതവും അസിസ്റ്റന്റ്. എക്സിക്യുട്ടിവ് സെക്രട്ടറി ശ്രീ. സതീഷ് ജോർജ്ജ് ആശംസയും ലോഗോസ് ക്വിസ് ആപ്പിന്റെ പിന്നണി പ്രവർത്തകനായ ശ്രീ. ഷാജി ജോർജ്ജ് കൃതജ്ഞതയും രേഖപ്പെടുത്തി.
2017 ിൽ ആരഭിച്ച് ലോഗോസ് ക്വിസ് ഗെയിം ആപ്പിന്റെ അഞ്ചാം പതിപ്പിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് പ്രായഭേദമെന്യേ വിവിധ റീത്തുകളിലെ 8000 ത്തോളം പേർ മത്സരാർത്ഥികളായി. ഇവരിൽ ആദ്യ 10 പോയിന്റ് നേടിയവർക്ക് സർട്ടിഫിക്കറ്റും ഫലകവും നൽകി ആദരിച്ചു. ഒപ്പം മികച്ച പ്രകടനം കാഴ്ചവച്ച 100 പേർക്ക് സർട്ടിഫിക്കറ്റുകൾ നൽകി.
ഏറ്റവും കൂടുതൽ മത്സരാർത്ഥികളെ പങ്കെടുപ്പിച്ച തിരുവനന്തപുരം അതിരൂപതയിലെ പൂന്തുറ ഇടവക മികച്ച ഇടവകയായി തിരഞ്ഞെടുക്കപ്പെട്ടു. ഇടവക പ്രതിനിധി പ്രശംസ ഫലകം ഏറ്റുവാങ്ങി.
ലോഗോസ് ക്വിസ് ഗെയിം ആപ്പ് അഞ്ചാം പതിപ്പിൽ ഒന്നാം സ്ഥാനം തിരുവനന്തപുരം അതിരൂപതയിലെ പൂന്തുറ ഇടവകാംഗം കുമാരി കാൽവിനോ കാർനറ്റ് സ്വന്തമാക്കി. രണ്ടാം സ്ഥാനം വവ്വാമൂല ഇടവകാംഗം ശ്രീമതി ഗ്രേസി തോമസും , മൂന്നാം സ്ഥാനം പൂഴിക്കുന്ന് ഇടവകാംഗം ശ്രീമതി റീജയും കരസ്ഥമാക്കി. ശ്രീമതി ഫിജി ബെയ്സിൽ പെരേര, ശ്രീമതി റീനു സിൽവസ്റ്റർ, ശ്രീ അജു മാത്യു, ശ്രീമതി കെസിയ ജോൺസൺ, ശ്രീമതി ബീന ജോൺസൺ, ശ്രീമതി കെസിയ മാർഗരറ്റ്, ശ്രീമതി ജ്യോതി എൽ, എന്നിവരാണ് കൂടുതൽ സ്കോർ കരസ്ഥമാക്കിയ ആദ്യ 10 പേരിലുൾപ്പെട്ടവർ.
സമ്മാനദാന ചടങ്ങിൽ നെയ്യാറ്റിൻകര, ആലപ്പുഴ, മാനന്തവാടി, ഇരിഞ്ഞാലക്കുട, തൃശൂർ, കോതമംഗലം തുടങ്ങി കേരളത്തിലെ വിവിധ രൂപതകളിൽ നിന്നുള്ള മത്സരാർത്ഥികൾ പങ്കെടുത്തത് ലോഗോ ക്വിസ് ആപ്പിന്റെ അണിയറ പ്രവർത്തകർക്ക് അഭിമാനകരമായ അനുഭൂതിയുളവാക്കി.
ലോഗോസ് ക്വിസ് ഗെയിം ആപ്പ് ആറാം പതിപ്പിൽ മലയാളത്തോടൊപ്പം ഇംഗ്ലീഷ് പതിപ്പും, ഇംഗ്ളീഷ് പഠന സഹായിയും പുറത്തിറക്കുമെന്ന് ശ്രീ. ഷാജി ജോർജ് ചടങ്ങിൽ പറഞ്ഞു.