വലിയതുറ: അൽമായ ശുശ്രുഷ സമിതിയുടെ നേതൃത്വത്തിൽ വലിയതുറ ഫെറോനയിൽ സംഘടിപ്പിച്ച അൽമായ സംഗമത്തിന്റെ ഉത്ഘാടനം വലിയതുറ ഫെറോന വികാരി റവ. ഡോ. ഹയസിന്ത്. എം. നായകം നിർവ്വഹിച്ചു.
ഓരോ അൽമായനും സഭായാകുന്ന ശരീരത്തിലെ അവയവങ്ങളാണെന്നും അല്മായർ തങ്ങളുടെ ധർമ്മം നിർവ്വഹിക്കുമ്പോഴാണ് സഭയുടെ പ്രവർത്തനം പൂർണ്ണതയിലെത്തുന്നതെന്ന് സമ്മേളനത്തിൽ സ്വാഗതമേകിയ ശ്രീ. സുരേഷ് പീറ്റർ പറഞ്ഞു. ഇന്നിന്റെ വെല്ലുവിളികൾ മറികടക്കാൻ അല്മായരും വൈദീകരും ഐക്യത്തോടെ കരങ്ങൾ കോർക്കണമെന്ന് മുഖ്യപ്രഭാഷണത്തിൽ ഫെറോന കോഓർഡീനേറ്റർ ഫാ. ടോണി ഹാംലെറ്റ് ആഹ്വാനം ചെയ്തു. സാമുദായികമായി ഒറ്റ നിലപാടിൽ ഒരുമിക്കുന്നതിന് പകരം രാഷ്ട്രീയ പാർട്ടികളുടെ ചട്ടുകങ്ങളായി അല്മായർ മാറുന്നത് നമ്മുടെ വളർച്ചയ്ക്ക് തടസ്സമാകുന്നതായി ആശംസകളർപ്പിച്ച ഫാ. സന്തോഷ് കുമാർ പറഞ്ഞു.
ഫെറോനയിലെ വിവിധ തൊഴിൽ മേഖലയിൽ വ്യക്തിമുദ്ര പതിപ്പിച്ചവർ, കായിക മേഖലയിൽ മികവ് പുലർത്തിയവർ, സാമൂഹിക പ്രവർത്തകർ എന്നിവരെ ആദരിച്ച ചടങ്ങിൽ ഓരോ ഇടവകയിലെയും കലാകാരന്മാർ അവതരിപ്പിച്ച കലാപരിപാടികൾ വിവിധ ഇടവകയിൽ നിന്നും ഒത്തുകൂടിയ അൽമായർക്ക് സന്തോഷകരമായ അനുഭവങ്ങൾ സമ്മാനിച്ചു.