കൊച്ചി: കേരളത്തിലെ ലത്തീന്‍ കത്തോലിക്കരുടെ ഉന്നത നയരൂപീകരണ ഏകോപന സമിതിയായ കേരള റീജ്യന്‍ ലാറ്റിന്‍ കാത്തലിക് കൗണ്‍സിലിന്റെ (കെആര്‍എല്‍സിസി) 42-ാമത് ദിദ്വിന ജനറല്‍ കൗണ്‍സില്‍ യോഗം എറണാകുളത്ത് ആശീര്‍ഭവനില്‍ ആരംഭിച്ചു. കേരളത്തിലെ 12 ലത്തീന്‍ കത്തോലിക്കാ രൂപതകളില്‍ നിന്നും മെത്രാന്മാരും വൈദിക, അല്മായ, സന്ന്യസ്ത പ്രതിനിധികളും അല്മായ സംഘടനാ നേതാക്കളും സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്. വരാപ്പുഴ അതിരൂപത ആര്‍ച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു.
ദേശീയതലത്തിലും സംസ്ഥാനത്തും പ്രാദേശിക തലത്തിലും ജനാധിപത്യ പാരമ്പര്യവും പൗരാവകാശങ്ങളും ഭരണഘടനാ മൂല്യങ്ങളും ചവിട്ടിമെതിക്കപ്പെടുന്നു എന്നത് ഖേദകരമാണെന്ന് അദ്ദേഹം പറഞ്ഞു. കടുത്ത സാമ്പത്തിക ഞെരുക്കത്തിലും അഴിമതിയും സ്വജനപക്ഷപാതവും രാഷ്ട്രീയ അധാര്‍മികതയും വികസനത്തിന്റെ പേരില്‍ കൊടുംചൂഷണവും അരാജകത്വവും ക്രമസമാധാനതകര്‍ച്ചയും സാമൂഹിക ജീവിതത്തെ കലുഷിതമാക്കുന്നു. തീരദേശവാസികളുടെയും ലത്തീന്‍ സമൂഹത്തിന്റെയും പരിദേവനങ്ങളോട് പലപ്പോഴും ഭരണാധികാരികള്‍ പുറംതിരിഞ്ഞുനില്പാണ്. അവകാശങ്ങള്‍ക്കായി ജനാധിപത്യരീതിയില്‍ സമരം ചെയ്യുന്നവരെ രാജ്യദ്രോഹികളെന്നും കൊടുംകുറ്റവാളികളെന്നും മുദ്രകുത്തി ഒരു തത്ത്വദീക്ഷയുമില്ലാതെ അടിച്ചമര്‍ത്തുന്ന ദുരന്തത്തിന് നമ്മുടെ ഇടയില്‍ തന്നെ എത്രയോ ഇരകളുണ്ട്.
ഇന്ത്യന്‍ ജനാധിപത്യ റിപ്പബ്ലിക്കിന് അതിനിര്‍ണായകമായ പൊതുതിരഞ്ഞെടുപ്പിന് ഒരുങ്ങുന്ന സമയമാണ്. നമ്മുടെ ഭരണഘടനയിലെ പ്രതിഷ്ഠാപിത ജനാധിപത്യ മൂല്യങ്ങള്‍ക്കും രാജ്യത്തിന്റെ മതനിരപേക്ഷ അന്തഃസത്തയ്ക്കും നേരെ ഭീഷണി ഉയരുന്ന പ്രക്ഷുബ്ധമായ രാഷ്ട്രീയ അന്തരീക്ഷത്തിലാണ് നാം ജീവിക്കുന്നത്. ക്രൈസ്തവര്‍ ഉള്‍പ്പെടെയുള്ള ന്യൂനപക്ഷങ്ങളെ അപരവത്കരിച്ച് മതസ്വാതന്ത്ര്യവും പൗരാവകാശങ്ങളും സാമൂഹികനീതിയും നിഷേധിക്കുന്നതിന്റെയും സംഘടിതമായ വര്‍ഗീയ അതിക്രമങ്ങളുടെയും പരാതികള്‍ വര്‍ധിച്ചുവരികയാണ്. വടക്കുകിഴക്കന്‍ അതിര്‍ത്തി സംസ്ഥാനമായ മണിപ്പുരിലെ ന്യൂനപക്ഷ ക്രൈസ്തവ ഗോത്രവര്‍ഗക്കാര്‍ക്കെതിരെ കഴിഞ്ഞ മേയ് മാസത്തില്‍ ആരംഭിച്ച ഭയാനകമായ വംശീയ അതിക്രമങ്ങള്‍ക്കു അറുതി വരുത്തുന്നതിന് കേന്ദ്ര-സംസ്ഥാന ഭരണകൂടങ്ങള്‍ എന്തു ചെയ്തു എന്നു ചോദിക്കുന്നതിന് പ്രധാനമന്ത്രിയുടെ വിരുന്നുസല്‍ക്കാരത്തില്‍ പോകണമെന്നില്ല. എത്ര സര്‍വശക്തനായ ഭരണാധികാരിയാണെങ്കിലും ജനങ്ങളോട് ഒരുനാള്‍ സമാധാനം പറയേണ്ടിവരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
കോട്ടപ്പുറം രൂപതയുടെ നിയുക്ത മെത്രാന്‍ ഡോ. അംബ്രോസ് പുത്തന്‍വീട്ടിലിന് സമ്മേളനത്തില്‍ ആശംസകള്‍ നേര്‍ന്നു. ബിഷപ് ഡോ. ക്രിസ്തുദാസ് രാജപ്പന്‍, കെആര്‍എല്‍സിസി ജനറല്‍ സെക്രട്ടറി ഫാ. തോമസ് തറയില്‍, അസോസിയേറ്റ് സെക്രട്ടറി റവ. ഡോ. ജിജു ജോര്‍ജ് അറക്കത്തറ, സെക്രട്ടറിമാരായ പി.ജെ തോമസ്, ട്രഷറര്‍ എബി കുന്നേപറമ്പില്‍ എന്നിവര്‍ പ്രസംഗിച്ചു. കെആര്‍എല്‍സിസി വൈസ് പ്രസിഡന്റ് ജോസഫ് ജൂഡ് സ്വാഗതവും സെക്രട്ടറി പുഷ്പ ക്രിസ്റ്റി നന്ദിയും പറഞ്ഞു.
ജനുവരി 14ന് ഞായറാഴ്ച സമാപന സമ്മേളനത്തില്‍ കെആര്‍എല്‍സിസിയുടെ അടുത്ത മൂന്നുവര്‍ഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുക്കും. രാഷ്ട്രീയപ്രമേയം അവതരിപ്പിച്ച് അംഗീകരിക്കുകയും ചെയ്യും. കെആര്‍എല്‍സിസി അസോസിയേറ്റ് ജനറല്‍ സെക്രട്ടറി റവ. ഡോ. ജിജു ജോര്‍ജ് അറക്കത്തറ, രാഷ്ട്രീയകാര്യ സമിതിയുടെ ജോയിന്റ് കണ്‍വീനര്‍ അഡ്വ. ഷെറി ജെ തോമസ്, സെക്രട്ടറിമാരായ പി.ജെ തോമസ്, ഷിബു ജോസഫ്, അല്മായ കമ്മീഷന്‍ സെക്രട്ടറി ഫാ. ഷാജ്കുമാര്‍ എന്നിവര്‍ സംസാരിക്കും.