കേരള ലത്തീൻ കത്തോലിക്കാ സഭ സിനഡാത്മക പാതയിലാണെന്ന് തിരുവനന്തപുരം ആർച്ച് ബിഷപ്പ് ഡോ. തോമസ് ജെ. നേറ്റോ പറഞ്ഞു. കേരള റീജൻ ലാറ്റിൻ കാത്തലിക് കൗൺസിൽ(കെ.ആർ.എൽ.സി.സി) ജനറൽ അസംബ്ലിയിൽ സമാപന സന്ദേശം നൽകുകയായിരുന്നു അദ്ദേഹം.
കൂട്ടായ്മ,പങ്കാളിത്തം, പ്രേക്ഷിത പ്രവർത്തനം എന്ന സിനഡിന്റെ കാഴ്ചപ്പാടും ദർശനവും എല്ലാ മേഖലയിലേക്കും വ്യാപിക്കേണ്ടതുണ്ടെന്നും, ദുരിതമനുഭവിക്കുന്നവരുടെ ജീവിത സാഹചര്യങ്ങളിലേക്ക് കടന്നു ചെല്ലുക എന്ന സമീപനമാണ് ഉത്ഥിതനായ ക്രിസ്തു മുന്നോട്ടുവയ്ക്കുന്ന ദർശനമെന്നും,പരസ്പരം സംസാരിക്കുകയും ശ്രവിക്കുകയും ചെയ്യുക എന്നതു തന്നെയാണ് സിനഡിന്റെ സന്ദേശം അർത്ഥമാക്കുന്നതെന്നും ആർച്ച് ബിഷപ്പ് വ്യക്തമാക്കി.
ശേഷം പരിയാരത്തെ സെന്റ് ജോൺപോൾ രണ്ടാമൻ സെമിനാരിയുടെ ആശീർവാദം ഹൈദരാബാദ് നിയുക്ത കർദിനാൾ ഡോ. ആന്റണി പൂലെ നിർവഹിച്ചു. അദ്ദേഹത്തിന്റെ മുഖ്യ കാർമികത്വത്തിലുള്ള കുർബാനയോട് കൂടിയാണ് ജനറൽ അസംബ്ലിക്ക് സമാപനം കുറിച്ചത്.
ഈ മാസം എട്ടു മുതൽ പത്താം തീയതി വരെ കണ്ണൂർ പയ്യാമ്പലം ഉർസുലൈൻ പ്രൊവിൻഷലേറ്റ് ക്യാമ്പസിൽ വച്ചാണ് ജനറൽ അസംബ്ലി നടന്നത്.12 ലത്തീൻ രൂപതകളുടെ മെത്രാന്മാർ, വൈദികർ, സന്ന്യസ്ഥർ, അൽമായ നേതാക്കൾ എന്നിവർ ജനറൽ അസംബ്ലിയിൽ പങ്കെടുത്തിരുന്നു.