കൊച്ചി: കേരള ലത്തീൻ സഭയുടെ നയരൂപീകരണ സമിതിയായ കേരള റീജിയൻ ലാറ്റിൻ കാത്തലിക് കൗൺസിലിന്റെ (കെ.ആർ.എൽ.സി.സി.) 41-മത് ജനറൽ അസംബ്ളിക്ക് കൊച്ചി ആൽഫാ പാസ്റ്ററൽ സെന്ററിൽ തുടക്കമായി. ‘രാഷ്ട്രനിർമ്മിതി: പങ്കാളിത്തവും പ്രാതിനിധ്യവും’ എന്നതാണ് സമ്മേളനത്തിന്റെ പ്രമേയം.
കെ.ആർ.എൽ.സി.സി. വൈസ് പ്രസിഡന്റ് ശ്രീ. ജോസഫ് ജൂഡ് അധ്യക്ഷത വഹിച്ച സമ്മേളനം പ്രസിഡന്റ് ബിഷപ് ഡോ. വർഗീസ് ചക്കാലയ്ക്കൽ ഉദ്ഘാടനം ചെയ്തു. തീരദേശവാസികൾ ഇപ്പോഴനുഭവിക്കുന്ന ദുരിതങ്ങൾ മനസിലാക്കിവേണം ഇനിയുള്ള രാഷ്ട്രീയ നിലപാടുകൾ കൈകൊള്ളേണ്ടതെന്ന് അധ്യക്ഷ പ്രസംഗത്തിൽ ശ്രീ. ജോസഫ് ജൂഡ് പറഞ്ഞു. ഉദ്ഘാടന പ്രസംഗത്തിൽ മണിപ്പൂർ വിഷയത്തിലുള്ള ആശങ്ക ഡോ. വർഗീസ് ചക്കാലയ്ക്കൽ പിതാവ് പങ്കുവച്ചു. ലത്തീൻകാരുടെ ശബ്ദം അധികൃതരുടെ മുമ്പാകെ കൊണ്ടുവരാനുള്ള സമയം നാം കണ്ടെത്തണമെന്ന് അനുഗൃഹ പ്രഭാഷണം നടത്തിയ ഡോ. ജോസഫ് കരിയിൽ പിതാവ് പറഞ്ഞു.
കെ.ആർ.എൽ.സി.സി. ജനറൽ സെക്രട്ടറി ഫാ. തോമസ് തറയിൽ സ്വഗതമേകിയ ഉദ്ഘാടന സമ്മേളനത്തിൽ ബിഷപ്പുമാരായ ഡോ. സെബാസ്റ്റ്യൻ തെക്കത്തെച്ചേരിൽ, ഡോ. ക്രിസ്തുദാസ് ആർ. അസ്സോസിയേറ്റ് ജനറൽ സെക്രട്ടറി റവ. ഡോ. ജിജു അറക്കത്തറ, സെക്രട്ടറി പി. ജെ. തോമസ്, ദലീമ ജോജോ എം എൽ എ എന്നിവർ വേദിയിൽ സന്നിഹിതരായിരുന്നു.
കൊച്ചി രൂപത ആതിഥേയത്വം വഹിക്കുന്ന ത്രിദിന സമ്മേളനത്തിൽ 12 രൂപതകളിൽ നിന്നുമുള്ള മെത്രാന്മാരും പ്രതിനിധികളും, ലത്തീൻ സഭയിലെ ജനപ്രതിനിധികളും സംബന്ധിക്കുന്നു. ഇന്നലെ നടന്ന പഠന സെഷനിൽ ‘രാഷ്ട്രനിർമ്മിതിയിലെ സമനീതി: പങ്കാളിത്തവും പ്രാതിനിധ്യവും’ എന്ന വിഷയത്തിൽ ഇന്ത്യൻ ജുഡീഷ്യൽ അക്കാദമി മുൻ ഡയറക്ടർ ഡോ. മോഹൻ ഗോപാൽ മുഖ്യപ്രഭാഷണം നടത്തി.