വലിയവേളി: സ്ത്രീ ശക്തിയുടെ വിളംബരമായ വനിതാദിനം തിരുവനന്തപുരം അതിരൂപതയിൽ അല്മായ ശുശ്രൂഷയിലെ വനിതകളുടെ കൂട്ടയ്മായായ KLCWA വിവിധ പരിപാടികളോടെ ആചരിച്ചു. വിവിധ ഇടവകകളിൽ നിന്നുമെത്തിയ വനിതകൾക്ക് സ്ത്രീശാക്തീകരണം എന്ന വിഷയത്തിൽ പ്രഫ. ഐറിസ് കൊയ്‌ലോ നല്കിയ ക്ളാസ്സോടുകൂടിയാണ് വനിതാ ദിനാചരണം ആരംഭിച്ചത്. ജീവിതത്തിൽ സ്ത്രീകൾക്ക് തീരുമാനമെടുക്കാനും അഭിപ്രായം തുറന്നുപറയാനും അവസരം ലഭിക്കുമ്പോഴാണ് സ്ത്രീശാക്തീകരണം ആരംഭിക്കുന്നതെന്ന് തന്റെ ക്ളാസ്സിൽ ഐറിസ് ടീച്ചർ പറഞ്ഞു.
തുടർന്ന് KLCWA അതിരൂപത പ്രസിഡന്റ് ശ്രീമതി ജോളി പത്രോസ് അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തിൽ KLCWA അതിരൂപത സെക്രട്ടറി ശ്രീമതി വിമല സ്റ്റാൻലി സ്വാഗതമേകി. സമ്മേളനം കേരള ഉന്നതവിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൾ സെക്രട്ടറി ഡോ. ഉഷ റ്റൈറ്റസ് IAS ഉദ്ഘാടനം ചെയ്തു. സ്ത്രീകൾ വലിയ ലക്ഷ്യങ്ങളെ സ്വപ്നം കാണുകയും അത് നേടുകയും വേണമെന്ന് തന്റെ ഉദ്ഘാടന പ്രസംഗത്തിൽ വിവിധ മേഖലകളിൽ മികവ് പുലർത്തിയ വനിതകളെ പരിചയപ്പെടുത്തികൊണ്ട് പറഞ്ഞു. സ്ത്രീ ശക്തിപ്പെട്ടാൽ സമൂഹവും ശക്തിപ്പെടുമെന്നും അത് അന്വർത്ഥമാക്കുന്നതാണ് ഈ വർഷത്തെ വനിത ദിനാചരണത്തിന്റെ പ്രമേയ വാക്യമെന്നും അനുഗ്രഹ പ്രഭാഷണത്തിൽ അതിരൂപത സഹായ മെത്രാൻ അഭിവന്ദ്യ ക്രിസ്തുദാസ് പിതാവ് പറഞ്ഞു.
വരുന്ന തിരഞ്ഞെടുപ്പിൽ സ്ത്രീകൾക്കുള്ള പങ്കിനെക്കുറിച്ച് അതിരൂപത അൽ മായ ശുശ്രൂഷ ഡയറക്ടർ റവ. ഡോ. മൈക്കിൾ തോമസ് പ്രസംഗിച്ചു. വിവിധ മേഖലകളിൽ നേട്ടങ്ങൾ കൈവരിച്ച വനിതകളെ അതിരൂപത വികാരി ജനറൽ റവ. മോൺ. ഡോ. യൂജിൻ എച്ച് പെരേര ആദരിച്ചു. അതിരൂപത ശുശ്രൂഷ കോ-ഓർഡിനേറ്റർ റവ. ഡോ. ലോറൻസ് കുലാസ്, വലിയതുറ ഫൊറോന വികാരി ഫാ. ഹയസിന്ത് എം. നായകം, ഫാ. ടോണി ഹാംലെറ്റ്, ഫാ. ജോസ് ഫ്രാങ്ക്ലിൻ, ശ്രീമതി ഷെർളി സ്റ്റാൻലി, കുമാരി മെറിൻ എം. എസ്, ശ്രീമതി അജിത, ശ്രീമതി സിസിലി എഡ്ഗർ എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. ഗോൾഡൻ ഫെയ്സ് ഓഫ് സൗത്ത് ഇൻഡ്യ ഫസ്റ്റ് റണ്ണർ അപ്പ് കുമാരി ത്രേസ്യ് ലൂയിസ് തന്റെ ജീവിതാനുഭവം പങ്കുവച്ചു. ശ്രീമതി സുശീല ലോപ്പസ് കൃതജ്ഞതയേകി. തുടർന്ന് വിവിധ ഫൊറോനകളിലെ വനിതകൾ അവതരിപ്പിച്ച കലാപരിപാടികൾ അരങ്ങേറി.