തിരുവനന്തപുരം: മുതലപ്പൊഴിയിലെ അശാസ്ത്രീയ നിർമ്മാണം മൂലമുണ്ടാകുന്ന അപകടങ്ങളും അത് ശാശ്വതമായി പരിഹരിക്കാനുള്ള സർക്കാൻ നടപടികളിലുണ്ടാകുന്ന കാലതാമസത്തിനുമെതിരെ കെ.എൽ.സി.എ. സംസ്ഥാന സമിതി മുതലപ്പൊഴിയിലേക്ക് 2023 സെപ്തംബർ 17 ന് മർച്ചും ധർണ്ണയും നടത്തുന്നു. പുതുക്കുറിച്ചിയിൽ നിന്നും അഞ്ചുതെങ്ങിൽ നിന്നും വൈകീട്ട് 3 മണിക്ക് ആരംഭിക്കുന്ന മാർച്ച് മുതലപ്പൊഴിയിൽ സമാപിക്കും.
മുതലപ്പൊഴിയിലെ അപകടങ്ങൾക്ക് കാരണമായ അശാസ്ത്രീയത ശാശ്വതമായി പരിഹരിക്കുക, ശാശ്വതമായ സുരക്ഷാ സംവിധാനങ്ങൾ ഒരുക്കുക, മറ്റു ദുരന്തങ്ങളുണ്ടാകുമ്പോൾ നഷ്ടപരിഹാരം നല്കുന്നതുപോലെ മുതലപ്പൊഴിയിൽ അപകടത്തിൽപ്പെട്ടവർക്കും നഷ്ടപരിഹാര പാക്കേജ് (നഷ്ടപരിഹാരതുക, ഭവന രഹിതർക്ക് ഭവനം, ആശ്രിതർക്ക് ജോലി, വായ്പാ കുടിശിക എഴുതിതള്ളുക…) പ്രഖ്യാപിക്കുക, പ്രദേശവാസികൾക്കെതിരെയും പ്രശ്നത്തിലിടപ്പെട്ട പൊതുപ്രവർത്തകർക്കുമെതിരെയും എടുത്ത കള്ളകേസ് പിൻവലിക്കുക… എന്നീ ആവശ്യങ്ങളാണ് കെ.എൽ.സി.എ. മുന്നോട്ട് വയ്ക്കുന്നത്. കേരളത്തിലെ എല്ലാ ലത്തീൻ രൂപതകളിൽ നിന്നും ഈ മാർച്ചിൽ പങ്കാളിത്തമുണ്ടാകും.
മുതലപ്പൊഴിയിൽ അശാസ്ത്രീയമായി പുലിമുട്ട് നിർമ്മിച്ചതിന് ശേഷം 70ലധികം മരണങ്ങളും 700ലധികം പേർക്ക് പരിക്കുകളും സംഭവിക്കുകയുണ്ടായി. ഇത്രയധികം അപകടങ്ങൾ സംഭവിച്ചിട്ടും സർക്കാർ സംവിധാനങ്ങൾ കാര്യക്ഷമമായി ഇടപെടലുകൾ നടത്തിയില്ല. ഇതിൽ പ്രതിഷേധിച്ച പ്രദേശവാസികളോട് മന്ത്രിമാർ പ്രകോപനപരമായ സമീപനമാണ് കൈക്കൊണ്ടത്. മനുഷ്യജീവന് വിലകല്പ്പിക്കാതെ മത്സ്യത്തൊഴിലാളികളുടെ പ്രശ്നങ്ങളെ കാര്യഗൗരവത്തിലെടുക്കാത്ത സർക്കാർ സമീപനത്തോട് തീരപ്രേദേശത്ത് ശക്തമായ പ്രതിഷേധമാണ് നിലനിൽക്കുന്നത്.
തീരദേശവാസികളുടെ പ്രശ്നങ്ങളിൽ നിരന്തരം ഇടപെടുന്ന തിരുവനന്തപുരം ലത്തീൻ അതിരൂപതയെ ഒഴിവാക്കി മുതലപ്പൊഴി പ്രശ്നം പരിഹരിക്കാൻ തൊഴിലാളി സംഘടനുകളുമായി സർക്കാർ നടത്തിയ ചർച്ചകൾക്കുശേഷം അദാനി പോർട്ട്സ് മുതലപ്പൊഴിയിൽ നടത്തിയ പരിഹാര പ്രവർത്തനങ്ങളും പരാജയത്തിലാണ് കലാശിച്ചത്. പ്രശ്നത്തിലിടപ്പെട്ടെന്ന് വരുത്തിതീർക്കാൻ ശേഷികുറഞ്ഞ ക്രെയിനുകൾ കൊണ്ടുവന്ന് നടത്തിയ പ്രവർത്തനങ്ങളാണ് തുടക്കത്തിലെ പരാജയപ്പെട്ടത്. സർക്കാറിന് വിഷയത്തിൽ ആത്മാർത്ഥതയില്ലായെന്നതിന്റെ തെളിവാണ് ഇത് കാണിക്കുന്നത്.